Progress Report | ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തോൽവിക്കിടെ പിണറായി സര്‍കാരിന്റെ 3 വര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ട് വരുന്നു; പ്രകാശനം വെള്ളിയാഴ്ച


സര്‍കാര്‍ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്
മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും
തിരുവനന്തപുരം: (KVARTHA) സംസ്ഥാന സര്‍കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച(ജൂണ്‍- 07) പ്രകാശനം ചെയ്യും. വൈകിട്ട് നാല് മണിക്ക് സെക്രടേറിയറ്റ് വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രടറി ഡോ. വി വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും.
കഴിഞ്ഞദിവസമാണ് ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. ആലത്തൂര്‍ ഒഴികെയുള്ള മറ്റെല്ലാ മണ്ഡലങ്ങളിലും കനത്ത തോല്‍വിയാണ് പാര്‍ടിക്ക് നേരിടേണ്ടി വന്നത്. അതിനിടെയാണ് സംസ്ഥാന സര്‍കാര്‍ മൂന്നുവര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ടിന്റെ പ്രകാശനം നടത്തുന്നത്.
സര്‍കാര്‍ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂര്‍ത്തീകരിച്ചു എന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപോര്‍ടില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.
സെക്രടേറിയറ്റ് വളപ്പില്‍ ഒരുക്കുന്ന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രടറി ഡോ. വി വേണു സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. മറ്റ് മന്ത്രിമാര്‍ സന്നിഹിതരായിരിക്കും. പൊതുഭരണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രടറി കെആര്‍ ജ്യോതിലാല്‍ നന്ദി പറയും.