Thalassery and Kodiyeri | നാട്ടിടവഴികളിലൂടെ കുശലം പറഞ്ഞ് നടന്നുപോകുന്ന കോടിയേരി; വിടവാങ്ങിയത് തലശേരിയെ ഇടനെഞ്ചോട് ചേർത്തുപിടിച്ച നേതാവ്

 



തലശേരി: (www.kvartha.com) തലശേരിയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ തട്ടകം. ഏത് മുക്കും മൂലയിലൂടെയും വഴിതെറ്റാതെ കോടിയേരിക്ക് നടന്നുപോവാനറിയാമായിരുന്നു. നാട്ടിടവഴികളിലൂടെ പരിചയക്കാരോട് കുശലം പറഞ്ഞ് നടന്നുപോകുന്ന കോടിയേരിയെ നാട് മനസില്‍ സൂക്ഷിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിച്ചുവരികയായിരുന്നു. ഇന്നുകാണുന്ന കടുംചുവപ്പിലേക്ക് തലശേരിയെ വളര്‍ത്തിയവരില്‍ മുന്‍നിരക്കാരാണ് കോടിയേരി. എല്ലാവരോടും സുഖവിവരം തിരക്കിയും ചിരിച്ച് കുശലം പറഞ്ഞും നടന്നുപോകുന്ന കോടിയേരി. പരിചയപ്പെടുന്നവരെല്ലാം സ്വന്തം കുടുംബാംഗത്തെ പൊലെ അദ്ദേഹത്തെ ഇടനെഞ്ചോട് ചേര്‍ത്തുനിര്‍ത്തി.
               
Thalassery and Kodiyeri | നാട്ടിടവഴികളിലൂടെ കുശലം പറഞ്ഞ് നടന്നുപോകുന്ന കോടിയേരി; വിടവാങ്ങിയത് തലശേരിയെ ഇടനെഞ്ചോട് ചേർത്തുപിടിച്ച നേതാവ്

ജനങ്ങള്‍ക്കിടയില്‍ ജീവിച്ച്, അവരില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട നേതാവായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തിലെ തിരക്കുകളില്‍ നിന്നും അല്‍പം ആശ്വാസത്തിനായി കോടിയേരി ഓടിയെത്തിയിരുന്നത് സ്വന്തം ജന്മനാട്ടിലേക്ക് തന്നെയായിരുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വോട് തലശേരി ഓണിയന്‍ സ്‌കൂളില്‍ തന്നെയായിരുന്നു. വോടെടുപ്പ് ദിവസം ക്യൂവില്‍ നില്‍ക്കുന്ന കോടിയേരിയുടെയും കുടുംബത്തിന്റെ കാഴ്ച തെരഞ്ഞെടുപ്പിലെ പതിവുള്ളതൊന്നാണ്. എല്ലാതെരഞ്ഞെടുപ്പു ദിവസങ്ങളിലും നാട്ടിലെ പാര്‍ടിക്കാര്‍ക്ക് ഒപ്പമായിരുന്നു കോടിയേരി. പലരെയും പേരെടുത്തു വിളിക്കാവുന്ന അടുപ്പം അദ്ദേഹം കാണിച്ചു.

ഇതു പോലെ തന്നെ തലശേരി എന്നും ഈ ജനകീയ നേതാവിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തലശേരിയെന്നും കോടിയേരിയെ വിജയതിലകമണിയിച്ചു. 1982, 1987, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ തലശേരിയെ നിയമസഭയില്‍ പ്രതിനീധീകരിച്ചത് കോടിയേരിയാണ്. കെ സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനുമടക്കമുള്ള കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം തലശേരിയില്‍ കോടിയേരിയുടെ മുന്നില്‍ മുട്ടുകുത്തിവീണു.

നിയമസഭയിലും അദ്ദേഹം എന്നും തിളങ്ങി. കുറിക്കുകൊള്ളുന്ന വാദമുഖങ്ങളുന്നയിച്ച് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം വെട്ടിലാക്കി. നിയമസഭയില്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു ശൈലി. 2001ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006ല്‍ ആഭ്യന്തര– ടൂറിസം മന്ത്രി. ഏത് പ്രതിസന്ധിയെയും നിറഞ്ഞചിരിയോടെ നേരിടുന്ന ശൈലി. അതാണ് കോടിയേരി ബാലകൃഷ്ണന്റെ സവിശേഷത. പലവിധ കടന്നാക്രമണങ്ങളെ നേരിട്ടപ്പോഴും പതറാതെ, ഉറച്ച രാഷ്ട്രീയ നിലപാടുമായിനിന്ന നേതൃശേഷി കേരളം പലവട്ടം കണ്ടതാണ്. നര്‍മം കലര്‍ത്തിയുള്ള പ്രസംഗത്തില്‍, പെരുമാറ്റത്തില്‍, ഇടപെടലില്‍ എല്ലാറ്റിലുമുണ്ടായിരുന്നു എന്നുമൊരു കോടിയേരി ടച്.

അദ്ദേഹത്തിന് മാരകമായ അസുഖം ബാധിച്ചതറിഞ്ഞപ്പോള്‍ മനസ് നൊന്ത് വിലപിച്ച അനേകായിരങ്ങളുണ്ട്. രോഗമുക്തിനേടി പഴയ പ്രസരിപ്പോടെ കോടിയേരി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവര്‍. നാടിനെ കണ്ണീരിലാഴ്ത്തിയാണ് ഒടുവില്‍ കോടിയേരി വിടപറയുന്നത്. വിദ്യാര്‍ഥി ജീവിതകാലത്ത് പൊതുരംഗത്ത് തുടരാന്‍ പ്രോത്സാഹനം നല്‍കിയ കോടിയേരി ഈങ്ങയില്‍പീടികയിലെ ബീഡിത്തൊഴിലാളികളെക്കുറിച്ച് കോടിയേരി എന്നും പറയാറുണ്ട്. സംഘടനാപ്രവര്‍ത്തനത്തിന് ആദ്യകാലത്ത് സഹായിച്ചതും ബീഡിത്തൊഴിലാളികളായിരുന്നു. ഈങ്ങയില്‍പീടിക ദേശീയവായനശാലയും കോടിയേരിയെന്ന നേതാവിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഗൗരവപൂര്‍ണമായ വായനയിലേക്ക് കടക്കുന്നത് ഇവിടെ നിന്നാണ്. തലശേരിയും പരിസരങ്ങളിലുമുള്ള സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചാണ് കോടിയേരി പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്.

Keywords: Relation between Kodiyeri Balakrishnan and Thalassery, Kerala,Thalassery,News,Top-Headlines,Kodiyeri Balakrishnan,Political party,Politics.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia