പുനഃസംഘടന: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

 


പുനഃസംഘടന: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു
തിരുവനന്തപുരം:  കെ പി സി സി പുനഃസംഘടനയ്ക്കായി സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയ ഹൈക്കമാന്‍ഡ് തളളിയതോടെ ഗ്രൂപ്പ് പോര് മുറുകി. സംസ്ഥാന നേതൃത്വത്തിനെതിരെ വയലാര്‍ രവിയും കെ മുരളീധരനും അടക്കമുളളവര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. സ്ഥാനമാനങ്ങള്‍ എ, ഐ ഗ്രൂപ്പുകള്‍ പങ്കിട്ടെടുത്തെന്നും മറ്റുളളവരെ അവഗണിച്ചുവെന്നുമാണ് പരാതി. ഇതോടെ എ, ഐ ഇതര ഗ്രൂപ്പുകള്‍ യോജിച്ച് പോരാടാനുളള ശ്രമത്തിലാണിപ്പോള്‍.

കെ. മുരളീധരന്‍ വിഭാഗം, വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പ്, പത്മജ ഗ്രൂപ്പ്, വിശാല ഐ വിഭാഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന പഴയ കരുണാകര വിഭാഗം എന്നിവരാണ് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ഒരുമിക്കുന്നത്. വി എം സുധീരനും പട്ടികയില്‍ അതൃപ്തിയുണ്ട്. ഇത് കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

വയലാര്‍ രവിയുടെ ഇടപെടലുകളാണ് സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തളളാന്‍ കാരണം. പുതിയ പട്ടിക നല്‍കാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടിക തളളിയതിന് തൊട്ടുപിന്നാലെ മുരളീധരന്‍ കടുത്ത വിമര്‍ശനുവുമായി രംഗത്തെത്തി. നാറാണത്തു ഭ്രാന്തന്റെ കാലിലെ മന്തിനോടാണു പട്ടികയെ മുരളി ഉപമിച്ചത്. താന്‍ പ്രസിഡന്റായിരുന്ന കാലത്തു തീരുമാനങ്ങളെടുക്കുന്നത് ഇങ്ങനെ അല്ലായിരുന്നുവെന്നും മുരളീധരന്‍ തുറന്നടിച്ചു.

അതിനിടെ എ, ഐ ഗ്രൂപ്പുകള്‍ക്കിടയിലും തര്‍ക്കം നിലനില്‍ക്കുകയാണ്. കണ്ണൂര്‍ കൂടാതെ പാലക്കാട് ഡിസിസി അധ്യക്ഷനെച്ചൊല്ലിയാണ് തര്‍ക്കം. പാലക്കാട്ട് ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റാണ് തുടരുന്നതെങ്കില്‍ അത് ഐക്കാരനാണെന്നാണ് എ വിഭാഗത്തിന്റെ വാദം. പകരം തൃശൂര്‍ വേണമെന്ന് എ ഗ്രൂപ്പ് വാദിക്കുന്നു. പാലക്കാടിനു പകരം കാസര്‍ഗോട് വിട്ടുനല്‍കാമെന്നു വിശാല ഐ സമ്മതിച്ചു. എന്നാല്‍, ഈ നിര്‍ദേശം എ ഗ്രൂപ്പിന് സ്വീകാര്യമല്ല. തര്‍ക്കം തുടര്‍ന്നാല്‍ പാലക്കാട് എ ഗ്രൂപ്പിനു വിട്ടുകൊടുത്തേക്കും. തര്‍ക്ക ജില്ലകളെ പാക്കേജായി ചര്‍ച്ച ചെയ്ത് ധാരണയിലെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇതോടെ സംസ്ഥാന തലത്തില്‍ പുനഃസംഘടന ചര്‍ച്ച വീണ്ടും സജീവമാവും. ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് കെ. മുരളീധരന്‍ വിഭാഗം, വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പ്, പത്മജ ഗ്രൂപ്പ്, വിശാല ഐ വിഭാഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന പഴയ കരുണാകര വിഭാഗം എന്നിവരുടെ ലക്ഷ്യം.

Keywords:
Kerala Pradesh Congress Committee, party reconstitution , KPCC ,District Congress Committees, Congress high command , Chief Minister, Oommen Chandy , KPCC president , Ramesh Chennithala , DCC presidents, Chennithala , All India Congress Committee , Kerala leaders , United Democratic Front , P.P. Thankachan, Union Minister , Congress Working Committee , A K Antony , Kasaragod, Kozhikode, Malappuram, Kottayam, Idukki, Pathanamthitta, Kollam,  Kannur, Wayanad, Palakkad, Thrissur, Ernakulam, Alappuzha ,Thiruvananthapuram,  K Muraleedharan , Vayalar Ravi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia