Reception | സഭാനാഥന് പൈതൃക നഗരിയുടെ ആദരം; പദവി തലശേരിക്ക് ലഭിച്ച അംഗീകാരമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

 


തലശേരി: (www.kvartha.com) ജന്മനാടായ തലശേരിയില്‍ കേരളത്തിന്റെ പുതിയ സ്പീകര്‍ക്ക് ആവേശകരമായ സ്വീകരണം. പൈതൃക നഗരമായ തലശേരിക്ക് ലഭിച്ച അംഗീകാരമാണ് സ്പീകര്‍ പദവിയെന്ന് അഡ്വ. എഎന്‍ ശംസീര്‍. തലശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
            
Reception | സഭാനാഥന് പൈതൃക നഗരിയുടെ ആദരം; പദവി തലശേരിക്ക് ലഭിച്ച അംഗീകാരമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം സ്വന്തം നാട്ടില്‍ ലഭിക്കുന്ന അംഗീകാരമാണ്. തലശേരിയെന്ന നാടും നാട്ടുകാരും കാണിച്ച സ്‌നേഹത്തിനും മമതക്കും പകരം തന്റെ ശിഷ്ടജീവിതം തലശേരിയുടെ കാല്‍ക്കല്‍ കാഴ്ചവെക്കുന്നു. പൂര്‍വികര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായതെല്ലാം ചെയ്യും. പൈതൃക നഗരത്തിന് പാരമ്പര്യവും പ്രശസ്തിയും ഉള്ളതുപോലെ അതിന്റേതായ പരിമിതികളും ഉണ്ട്. ഇവ മറികടക്കാന്‍ ശ്രമിക്കും.

താന്‍ ജനിക്കുന്നതിനു മുമ്പ് കേരള നിയമസഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ് എന്നിവര്‍ ഇരിക്കുന്ന സഭയുടെ നാഥനായത് ഒരു അപൂര്‍വ ഭാഗ്യമായാണ് കാണുന്നത്. ഭരണകക്ഷിയുടെ പ്രവർത്തനങ്ങൾ നടത്താന്‍ സഹായം നല്‍കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും പ്രവര്‍ത്തിക്കും.

ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും ഉയര്‍ത്തിക്കാട്ടുന്ന കേരള മോഡല്‍ പോലെ കേരള നിയമസഭയുടെ നടപടിക്രമവും ഒരു കേരള മോഡലാണ്. ഏറ്റവും കൂടുതല്‍ നിയമസഭാ സമ്മേളനങ്ങള്‍ ചേരുന്നത് കേരള നിയമസഭയില്‍ ആണ്. ശരാശരി 50 മുതല്‍ 60 വരെ സമ്മേളനങ്ങള്‍ ചേരുന്നുണ്ട്. ലോകത്ത് ഏതെങ്കിലും ഒരു സഭ കൊറോണ കാലത്ത് ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കേരള നിയമസഭയാണ്. അന്നും 60 ദിവസം സഭ ചേര്‍ന്നു. പതിനഞ്ചാം നിയമസഭ 16 മാസങ്ങള്‍ കൊണ്ട് 65 നിയമങ്ങള്‍ നിര്‍മിച്ചു.

കാലഹരണപ്പെട്ട 108 നിയമങ്ങള്‍ റദ്ദാക്കി. കാലഹരണപ്പെട്ട 600 ഓളം നിയമങ്ങള്‍ ഇനിയുമുണ്ടെന്ന് മനസൊലാക്കുന്നു. അതോടൊപ്പം പുതുതായി നിര്‍മിക്കേണ്ടവയുമുണ്ട്. നിയമനിര്‍മാണത്തിന് മാത്രമായി ഇൻഡ്യയില്‍ ഏതെങ്കിലും ഒരു സഭ ചേരുന്നുണ്ടെങ്കില്‍ അത് കേരള നിയമസഭയാണ്. വാശിയേറിയ ചര്‍ചകളും വാക്ക് പോരുകളും ഉണ്ടാകുന്ന സഭയില്‍ ആരും പരസ്പരം വിദ്വേഷം വച്ചുപുലര്‍ത്താറില്ല. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, അടിയന്തര പ്രമേയത്തില്‍ പരസ്പരം ഏറ്റുമുട്ടിയവര്‍ പോലും അത് കഴിഞ്ഞ് കാന്റീനില്‍ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ഒരു സഭയാണ് കേരള നിയമസഭ. അതാണ് കേരള നിയമസഭയുടെ പ്രത്യേകത.

ആ സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. തലശേരിയുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ സഭയെ അറിയിക്കാന്‍ തനിക്ക് ഇപ്പോഴും ഒരു തടസവുമില്ല. സഭയ്ക്കകത്ത് ഉന്നയിക്കേണ്ട സബ്മിഷനുകള്‍ സ്പീകര്‍ക്ക് ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നേരിട്ട് എഴുതി നല്‍കാം. സ്പീകര്‍ക്കുള്ള പ്രിവിലേജ് ആണത്. രാഷ്ട്രീയത്തിനതീതമായി വികസന കാര്യങ്ങളില്‍ ഒന്നായി നിന്ന തലശേരിയുടെ വരുംകാല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും സ്പീകര്‍ കൂട്ടി ചേര്‍ത്തു.

തലശേരി മണവാട്ടി ജങ്ഷന്‍ മുതല്‍ ബാന്റ് വാദ്യം, ശിങ്കാരിമേളം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയാണ് തലശേരി പൗരാവലി സ്പീകറെ പുതിയ ബസ് സ്റ്റാൻഡ് ഓപണ്‍ സ്റ്റേജിലേക്ക് സ്വീകരിച്ചത്. പരിപാടിയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ സ്പീകര്‍ക്ക് ഉപഹാരം നല്‍കി.
പാനൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷത വഹിച്ചു.

കെപി മോഹനന്‍ എംഎല്‍എ , ജില്ലാ പഞ്ചായത് അംഗം ഇ വിജയന്‍, തലശേരി നഗരസഭാ അധ്യക്ഷ കെ എം ജമുനാ റാണി, ഉപാധ്യക്ഷന്‍ വാഴയില്‍ ശശി, മുന്‍ എംഎല്‍എ എംവി ജയരാജന്‍, തലശേരി ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സിപി അനിത, പഞ്ചായത് പ്രസിഡണ്ടുമാരായ സികെ രമ്യ (ചൊക്ലി), എംപി ശ്രീഷ (എരഞ്ഞോളി ), എംകെ സെയ്തു (ന്യൂമാഹി), പിപി സനില്‍ (കതിരൂര്‍ ), സികെ അശോകന്‍ (പന്ന്യന്നൂര്‍), തലശ്ശേരി എഎസ്പി നിധിന്‍ രാജ്, കെകെ മാരാര്‍, ഒതയോത്ത് രമേശന്‍ , അഡ്വ. ബിനോയ് തോമസ്, പ്രൊഫ എപി സുബൈര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കാരായി രാജന്‍, എംസി പവിത്രന്‍ , അഡ്വ എംഎസ് നിശാദ്, സജീവ് മാറോളി, എന്‍ ഹരിദാസന്‍ , അഡ്വ കെഎ ലത്വീഫ്, കെ സുരേശന്‍, ബിപി മുസ്ത്വഫ, കെ മനോജ്, വിവിധ സാംസ്‌കാരിക നായകന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Keywords: Reception for Kerala's new Speaker in Thalassery, Kerala, News, Top-Headlines, Latest-News, Thalassery, Speaker, MLA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia