വായനാദിനം: വായിച്ചുവളരാം, അറിവിൻ്റെ ലോകം കീഴടക്കാം

 
Portrait of P.N. Panicker, father of Kerala's library movement.
Portrait of P.N. Panicker, father of Kerala's library movement.

Representational Image Generated by GPT

● കേരളത്തിൻ്റെ സാക്ഷരതാ മുന്നേറ്റത്തിന് കാരണം.
● 2017 മുതൽ ദേശീയ വായനാദിനമായി ആചരണം.
● വായനാവാരവും വായനാ പക്ഷാചരണവും.
● പുസ്തകങ്ങൾക്ക് വലിയ ഇളവുകൾ പ്രഖ്യാപിക്കുന്നു.
● പി.എൻ. പണിക്കർക്ക് വൈകിയെത്തിയ അംഗീകാരം.

ഭാമനാവത്ത്

(KVARTHA) ഇന്ന്, ജൂൺ 19, കേരളം വായനാദിനമായി ആചരിക്കുന്നു. കേരളത്തിൻ്റെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമവാർഷിക ദിനമാണ് സംസ്ഥാനത്ത് വായനാദിനമായി ആചരിക്കുന്നത്.

ഇന്ത്യയിലെ സാക്ഷരതാ സർവ്വേയിൽ കേരളം എന്നും ഒന്നാമതായി ഉയർന്നുനിൽക്കുന്നുണ്ടെങ്കിൽ, അതിന് നാം പൂർണ്ണമായും കടപ്പെട്ടിരിക്കുന്നത് പി.എൻ. പണിക്കർ എന്ന മഹദ് വ്യക്തിയോടാണ്. 

ഏറ്റവും ഉയർന്ന സാക്ഷരതാ നിലവാരമുള്ള സംസ്ഥാനമായി കേരളം ഉയർത്താനും, ഗ്രാമഗ്രാമാന്തരങ്ങളിൽ വായനാ സംസ്കാരം വളർത്തിയെടുക്കാനും, വായന എന്നത് ഒരു കൂട്ടായ്മയുടെ ആഘോഷമാക്കി മാറ്റാനും, പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവിൻ്റെ സമ്പത്ത് ജനങ്ങളിലേക്ക് എത്തിക്കാനും അത് ജനങ്ങൾ ഏറ്റെടുക്കാനും കാരണമായത് പണിക്കരുടെ ദീർഘവീക്ഷണം കൊണ്ടാണ്.

1995-ൽ ഇന്നേ ദിവസം അന്തരിച്ച പണിക്കരുടെ സ്മരണ നിലനിർത്താൻ, തൊട്ടടുത്ത വർഷം മുതൽ ഈ ദിനം സംസ്ഥാനത്ത് വായനാദിനമായി ആചരിച്ചുവരുന്നു. 2017 മുതൽ ഈ ദിനം ദേശീയതലത്തിൽ വായനാദിനമായും വായനാ മാസാചരണമായും ഭാരതം കൊണ്ടാടുന്നു.

കേരളം വൈകി മാത്രം മനസ്സിലാക്കി അംഗീകാരം നൽകിയ ഒരു മഹാമനീഷി കൂടിയാണ് പി.എൻ. പണിക്കർ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നുമുതൽ ഒരാഴ്ച വായനാ വാരമായും, ഗ്രന്ഥശാലാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വായനശാലകളുടെ നേതൃത്വത്തിൽ ഇന്നുമുതൽ വായനാ പക്ഷാചരണമായും ആചരിക്കുന്നു.

ഈ ആചരണത്തിൻ്റെ ഭാഗമായി പുസ്തകാസ്വാദനവും, സാംസ്കാരിക കൂട്ടായ്മകളും, ബോധവൽക്കരണ ക്ലാസുകളും, സാഹിത്യ മത്സരങ്ങളും മറ്റുമായി നമ്മുടെ സാംസ്കാരിക രംഗം ഏറ്റവും സജീവമായി നിൽക്കുന്ന ഒരാഴ്ച കൂടിയാണിത്. വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് വിവിധ പ്രസാധകർ ഈ കാലഘട്ടത്തിൽ പുസ്തകങ്ങൾക്ക് വലിയ ഇളവുകൾ പ്രഖ്യാപിക്കുന്നതും ഇതിൻ്റെ ഭാഗമാണ്.

1909 മാർച്ച് ഒന്നിന് ആലപ്പുഴ ജില്ലയിലാണ് നാരായണ പണിക്കരുടെ ജനനം. വിദ്യാഭ്യാസാനന്തരം അധ്യാപകനായി ജോലി നോക്കി ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിക്കുന്നതുവരെ എത്തിച്ചേർന്നു.

1926-ൽ തൻ്റെ നാട്ടിൽ 'സനാതന ധർമ്മം' എന്ന പേരിൽ വായനശാല സ്ഥാപിച്ചുകൊണ്ടാണ് പണിക്കർ ചരിത്രത്തിൻ്റെ ഭാഗമായുള്ള യാത്ര തുടങ്ങിയത്. തിരുവിതാംകൂറിലെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ തൻ്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ച് ഗ്രന്ഥശാലാ സംഘം സ്ഥാപിച്ച് പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പണിക്കർ മുൻകൈയെടുത്തു.

1945-ൽ പണിക്കർ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ വായനശാലയിൽ വിളിച്ചുചേർത്ത യോഗമാണ് ഗ്രന്ഥശാലകൾക്ക് സംഘടിത രൂപം ഉണ്ടാക്കുന്നതിന് കാരണമായത്. അന്നത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്ന സർ സി.പി. രാമസ്വാമി അയ്യരാണ് യോഗം ഉദ്ഘാടനം ചെയ്തത് എന്നതുകൊണ്ട് തന്നെ പലരും യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 

സമ്മേളന തീരുമാനത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ ലൈബ്രറി അസോസിയേഷൻ രൂപീകരിക്കുകയും ലൈബ്രറികളുടെ സംഘടിത രൂപത്തിന് വേരുറപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് കേരള ഗ്രന്ഥശാലാ സംഘം എന്ന പേരിൽ അറിയപ്പെടുകയും, ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിക്കുകയും ഉണ്ടായി. 1946-ൽ ഗ്രന്ഥശാലാ പ്രവർത്തനത്തിന് 250 രൂപ വാർഷിക ഗ്രാന്റ് സർക്കാരിൽ നിന്ന് ലഭിച്ചു എന്നത് ഈ പ്രസ്ഥാനത്തിന് സർക്കാരിൽ നിന്ന് ലഭിച്ച പിന്തുണയുടെ തെളിവായി കണക്കാക്കാം.

1977-ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. താൻ മുന്നോട്ട് നയിച്ച, തൻ്റെ രക്തവും വിയർപ്പും ചെലവഴിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ നിന്നും പണിക്കർ നിഷ്കാസിതനാകുന്നതിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്.

എന്നും പ്രവർത്തിച്ച് മാത്രം ശീലമുള്ള പണിക്കർ തുടർന്ന് ഗ്രാമപ്രദേശങ്ങളിൽ സാക്ഷരതാ നിരക്കും വിദ്യാഭ്യാസ അവബോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്ന ദൗത്യവുമായി കൻഫഡ് (Kerala Association for Non-Formal Education and Development) എന്ന പ്രസ്ഥാനം രൂപീകരിച്ച് അതിൻ്റെ വിപുലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

വളരെ വൈകി മാത്രമാണ് പണിക്കരുടെ സേവന പ്രവർത്തനങ്ങളുടെ ആഴം കേരള ജനതയും സർക്കാരും മനസ്സിലാക്കിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂൺ 19 സംസ്ഥാന വായനാദിനമായി പ്രഖ്യാപിക്കുകയായിരുന്നു. 

അദ്ദേഹം സേവനം ചെയ്തിരുന്ന ആലപ്പുഴ ഗവൺമെൻ്റ് എൽ.പി. സ്കൂൾ, പണിക്കരുടെ സ്മരണാർത്ഥം പി.എൻ. പണിക്കർ സ്മാരക എൽ.പി. സ്കൂൾ ആയി സർക്കാർ പുനർനാമകരണം ചെയ്ത് അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.

വായനാദിനത്തെക്കുറിച്ചും പി.എൻ. പണിക്കരുടെ സംഭാവനകളെക്കുറിച്ചും നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary (English): Kerala celebrates Reading Day, honoring P.N. Panicker, father of the library movement.

#ReadingDay, #PNPanicker, #KeralaReads, #LibraryMovement, #KnowledgeIsPower, #LiteracyKerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia