Ration | റേഷൻ കാർഡ് ഉണ്ടായിട്ടും റേഷൻ വാങ്ങാതിരുന്നാൽ കാൻസൽ ചെയ്യുമോ, എത്ര മാസം വരെ വാങ്ങാതിരിക്കാം; അറിയേണ്ട കാര്യങ്ങൾ 

 
Ration Card Suspension for Non-Usage: Rules Explained
Ration Card Suspension for Non-Usage: Rules Explained

KVARTHA File Photo

● മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ കാർഡ് മാറ്റും
● ഓണക്കിറ്റ് വാങ്ങാത്തവർക്ക് അവസരം നഷ്ടമാകും
● മസ്റ്ററിങ് നിർബന്ധമാണ്

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് റേഷൻ കാർഡ് ദുരുപയോഗം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാത്ത അനേകം പേരുടെ റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അറുപതിനായിരത്തോളം പേരാണ് പുറത്തായത്. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മഞ്ഞ, പിങ്ക്, നീല കാർഡ് ഉടമകളിൽ തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാത്തവരെ മുൻഗണന വിഭാഗത്തിൽ നിന്ന് (AAY, PHH, NPS) ഒഴിവാക്കി വെള്ള കാർഡിലേക്ക് (NPNS) മാറ്റി.

റേഷൻ വാങ്ങാതെ ഇരുന്നാൽ എന്തുസംഭവിക്കും?

"റേഷൻ കാർഡ് കാൻസൽ ചെയ്യില്ലെങ്കിലും, മഞ്ഞ, പിങ്ക്, നീല വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് തുടർച്ചയായി റേഷൻ വാങ്ങാതിരുന്നാൽ, അവരുടെ കാർഡ് വെള്ള കാർഡിലേക്ക്  മാറ്റാനുള്ള അധികാരം താലൂക്ക് സപ്ലൈ ഓഫീസർക്കുണ്ട്. ഈ മാറ്റം വരുമ്പോൾ, അവർക്ക് ലഭിക്കുന്ന റേഷൻ സബ്‌സിഡികളിലും മറ്റ് ആനുകൂല്യങ്ങളിലും കുറവ് വരും.

ഓണക്കിറ്റ് വാങ്ങാത്തവർക്ക് അവസരം നഷ്ടമാകും:

ഓണക്കാലത്ത് സർക്കാർ നൽകുന്ന ഓണക്കിറ്റ് വാങ്ങാത്ത മഞ്ഞ, പിങ്ക് കാർഡ് ഉടമകളെയും മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കും. മരിച്ചവരോ അനർഹരായവരോ ആണ് ഓണക്കിറ്റ് വാങ്ങാത്തത് എന്നാണ് വിലയിരുത്തൽ.

മസ്റ്ററിങ് നിർബന്ധം: 

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ നിർബന്ധമായും മസ്റ്ററിങ് നടത്തണം. റേഷന്‍ കടകളിൽ ചെന്ന് ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിച്ചിച്ച് ഇത് ചെയ്യാവുന്നതാണ്. മസ്റ്ററിങ് നടത്തുന്നതിന് റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ കരുതണം.

മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അവസരം:

റേഷൻകാർഡ് മുൻഗണന (ബി.പി.എൽ) വിഭാഗത്തിലേക്ക് മാറ്റാൻ അവസരമുണ്ട്. ഡിസംബർ 10 വരെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് മാറ്റാൻ 
അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങളിലൂടെയോ സിറ്റിസൺ പോർട്ടലിലൂടെയോ അപേക്ഷിക്കാം. ജില്ലാ സപ്ലൈ ഓഫീസർമാർ പരിശോധിച്ച് അർഹരായവരെ മുൻഗണന വിഭാഗത്തിലേക്ക് ഉൾപ്പെടുത്തും.

2009-ലെ ബി.പി.എൽ.പട്ടികയിലുൾപ്പെട്ട സാക്ഷ്യപത്രം, 2009-ലെ ബി.പി.എൽ.പട്ടികയിലുൾപ്പെടാത്ത കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലേക്ക് അർഹരാണെന്ന തദേശസ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടില്ലാത്തവർ പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലാത്തവർ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, വീടിൻ്റെ വിസ്തീർണം കാണിക്കുന്ന സർട്ടിഫിക്കറ്റ്, നികുതി രസീതിന്റെ പകർപ്പ്, ഗുരുതര രോഗങ്ങളുള്ളവർ ഡോക്‌ടറുടെ സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽചെയ്തതു ജീവിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ്  അപേക്ഷ നൽകേണ്ടത്.

#RationCard #Kerala #FoodDistribution #CardSuspension #GovernmentRules #FoodSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia