'എന്റെ മോന്‍ ആര്‍ക്കും ദോഷമായി സംസാരിക്കുക പോലുമില്ല... പിന്നെ എന്തിനാണ് ഇങ്ങനെ അരുംകൊലചെയ്തത്'; കണ്‍മുന്നില്‍ മകന്‍ പിടഞ്ഞുവീണത് ഓര്‍ത്ത് ദു:ഖം അടക്കാനാകാതെ അമ്മ വിനോദിനി
Dec 20, 2021, 11:30 IST
ആലപ്പുഴ: (www.kvartha.com 20.12.2021) 'എന്റെ മോന്‍ ആര്‍ക്കും ദോഷമായി സംസാരിക്കുക പോലുമില്ല... പിന്നെ എന്തിനാണ് എന്റെ മകനെ ഇങ്ങനെ അരുംകൊലചെയ്തത്...' കണ്‍മുന്നില്‍ മകന്‍ പിടഞ്ഞുവീണത് ഓര്‍ത്ത് ദുഃഖവും ഭീതിയും താങ്ങാനാകാതെ തലയ്ക്കടിച്ചു കരഞ്ഞ് ആരോഗ്യ വകുപ്പ് മുന്‍ സൂപ്രണ്ടുകൂടിയായ അമ്മ വിനോദിനി (71).

സംഭവത്തെ കുറിച്ച് അമ്മ പറയുന്നത് ഇങ്ങനെ:
'രാവിലെ ഞാന്‍ അമ്പലത്തില്‍ പോയി രഞ്ജിതിനു വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തി വീടിനു മുന്നിലെ പടിക്കെട്ടിലൂടെ മുകളിലെ നിലയിലേക്കു കയറുന്നതിനിടയിലാണ് ആരോ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേയ്ക്കു കയറുന്ന ശബ്ദം കേട്ടു ശ്രദ്ധിച്ചത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയുണ്ടായിരുന്നു അവരുടെ കയ്യില്‍.
തുടര്‍ന്ന് അക്രമികള്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് ടീപോയ് ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു. ആ ശബ്ദം കേട്ടാണ് രഞ്ജിത് കിടപ്പുമുറിയില്‍ നിന്നു ഡൈനിങ് ഹാളിലേക്ക് വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. നിലവിളിച്ചുകൊണ്ട് തടയാന്‍ ഓടിയെത്തിയ എന്നെ തള്ളി താഴെയിട്ടു.
'ഇതിനിടയില്‍ രഞ്ജിതിന്റെ ഭാര്യ ലിഷ അടുക്കളയില്‍ നിന്ന് ഓടിയെത്തി. അവളെയും തള്ളി താഴെയിട്ടു. ഇളയ മകള്‍ ഹൃദ്യ 'അച്ഛാ' എന്നു വിളിച്ച് മുന്നോട്ടാഞ്ഞപ്പോള്‍ അക്രമികള്‍ അവളുടെ നേരെ വാള്‍ വീശി. പേടിച്ചുപോയ കുഞ്ഞ് ഉടനെ മുറിയിലേക്കു മാറി. താഴെ വീണ എന്റെ മുഖത്തു കസേരകൊണ്ട് അമര്‍ത്തിവച്ച്, കത്തിയെടുത്ത് കഴുത്തിനു നേരെ നീട്ടിപ്പിടിച്ചു. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.
തള്ളി മാറ്റാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എന്റെ മോനെ ക്രൂരമായി അവര്‍ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ്...' കരഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു.
'ശബരിമലയില്‍ പോയിവന്ന ഇളയ മകന്‍ അഭിജിത്ത് മുകള്‍നിലയില്‍ ഉറക്കമായിരുന്നു. അവനെ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാല്‍ കേട്ടില്ല. അവന്‍ ഓടി വന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. രാവിലെ 6.15ന് മൂത്തമകള്‍ ഭാഗ്യ ടൂഷന്‍ ക്ലാസില്‍ പോയപ്പോള്‍ വാതില്‍ തുറന്നതാണ്. പിന്നീട് വാതിലടച്ചെങ്കിലും പൂട്ടിയിട്ടില്ലായിരുന്നു. വാതില്‍ തള്ളിത്തുറന്നാണു സംഘം അകത്തു കയറിയത്' വിനോദിനി കരഞ്ഞുകൊണ്ട് പറയുന്നു.
തലേദിവസം രാത്രി പത്തുമണിയോടെ അപരിചിതരായ രണ്ടു പേര്‍ രഞ്ജിതിന്റെ വീടിനു മുന്നില്‍ ചുറ്റിക്കറങ്ങിയിരുന്നുവെന്നും ഇതു ശ്രദ്ധയില്‍പ്പെട്ട വിനോദിനി അവരെ ചോദ്യം ചെയ്തപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു അവര്‍ തിരികെ പോയെന്നും പറയുന്നു. സാധാരണ പ്രഭാത സവാരിക്കു പോകാറുള്ള രഞ്ജിത് കഴിഞ്ഞദിവസം അവധിയായതിനാല്‍ പത്രവായന കഴിഞ്ഞു നടക്കാന്‍ പോകാനിരിക്കുകയായിരുന്നു.
ചേട്ടന്‍ കണ്‍മുന്നില്‍ പിടിഞ്ഞുവീണു മരിച്ച കാഴ്ച ഞെട്ടലോടെ ഓര്‍ത്തെടുത്ത് അനുജന്‍ അഭിജിത്ത് പറയുന്നത് ഇങ്ങനെ:
'അമ്മയുടെ നിലവിളി കേട്ടു ഞാന്‍ താഴെയെത്തുമ്പോള്‍ ഡൈനിങ് ഹാളില്‍ ചേട്ടന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയെങ്കിലും രക്തം തളംകെട്ടി കിടക്കുന്നതു കണ്ടുനില്‍ക്കാനാകാതെ അവരില്‍ പലരും പിന്‍വലിഞ്ഞു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ആംബുലന്‍സ് എത്തിച്ചത്. എന്നിട്ടും ആരും ഭയന്ന് അടുത്തെത്തിയില്ല.
അവസാനം തെക്കേ വീട്ടിലെ പയ്യന്‍കൂടി ഓടി വന്നാണ് ആംബുലന്‍സില്‍ കയറ്റി മെഡികല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയത്. ചേട്ടനെ എടുക്കുമ്പോള്‍ കാലൊക്ക തൂങ്ങി കിടക്കുകയായിരുന്നു... ' ബെന്‍ഗ്ലൂറുവില്‍ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭിജിത്ത് ശബരിമലയ്ക്ക് പോകാന്‍ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
Keywords: Ranjit's mother revelation about murder, Alappuzha, News, Murder, Trending, BJP, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.