Controversy | സംഭവിച്ചത് നാക്ക് പിഴയാണെന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല; കത്ത് മാധ്യമ സൃഷ്ടിയെന്നും മുന്‍ പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com) ആര്‍ എസ് എസ് പരാമര്‍ശം നാക്ക് പിഴയാണെന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. കെ പി സി സി പ്രസിഡന്റ് നെഹ്റു അനുസ്മരണത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇത്തരമൊരു നാക്കുപിഴ ഉണ്ടായത്. അത് അദ്ദേഹം തന്നെ തിരുത്തിക്കഴിഞ്ഞു.

സ്വാഭാവികമായും ഒരു പ്രസംഗത്തിനിടയില്‍ ഒരു വാചകത്തില്‍ വന്നൊരു പിഴവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അദ്ദേഹം നാക്ക് പിഴയാണെന്ന് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനി അതില്‍ ഒരു വിവാദമുണ്ടാകേണ്ട സാഹചര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നും നിലനില്‍ക്കുന്നത് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മതേതര നിലപാടുകള്‍ക്കനുസരിച്ച് തന്നെയാണ്. ആ മതേതര നിലപാടില്‍ ഞങ്ങള്‍ ഒരിക്കലും വെള്ളം ചേര്‍ക്കുകയില്ല. ഇത് കോണ്‍ഗ്രസിന്റെ എക്കാലത്തേയും നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.

Controversy | സംഭവിച്ചത് നാക്ക് പിഴയാണെന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല; കത്ത് മാധ്യമ സൃഷ്ടിയെന്നും മുന്‍ പ്രതിപക്ഷ നേതാവ്

കെ സുധാകരന്‍ തികഞ്ഞൊരു മതേതര വാദി തന്നെയാണ്. അദ്ദേഹത്തിന് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെയും ബിജെപിയുടെയും സര്‍ടിഫികറ്റ് ആവശ്യമില്ല. കറ തീര്‍ന്ന ഒരു മതേതരവാദിയായിട്ട് തന്നെയാണ് കെ സുധാകരന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതും. അതുകൊണ്ട് ഈ കാര്യത്തില്‍ ബിജെപിയുടെയും സിപിഎമിന്റെയും സര്‍ടിഫികറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തിലുണ്ടായത് നാക്ക് പിഴയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ ആശങ്ക സ്വാഭാവികം.

പിഴവ് സുധാകരന്‍ തിരുത്തിയതോടെ ആ അധ്യായം അവസാനിച്ചു. തീര്‍ചയായും ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒറ്റകെട്ടായി മുന്നോട്ട് പോകും. ഇപ്പോള്‍ ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് കണ്ടു, ഒരു കത്ത് സുധാകരന്‍ കൊടുത്തു എന്നതരത്തില്‍ . അത് തികച്ചും അടിസ്ഥാന രഹിതമാണ്. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു അങ്ങനെ ഒരു കത്ത് ഹൈകമാന്‍ഡിന് നല്‍കിയിട്ടില്ല, അങ്ങനെയൊരു സാഹചര്യവുമില്ല, വെറുതെ അനാവശ്യമായ മാധ്യമസൃഷ്ടിയാണ് ഈ വാര്‍ത്ത.

അതേസമയം കത്തുകള്‍ സിപിഎമിനെ ഇപ്പോള്‍ തിരിഞ്ഞ് കുത്തിക്കൊണ്ടിരിക്കുന്ന സമയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. നമ്മുടെ നാട്ടില്‍ നടക്കുന്നത് ഗുരുതരമായ അഴിമതിയാണ്. ഈ അഴിമതിക്കെതിരെ ഇതുവരെ മുഖ്യമന്ത്രി ഒരു വാക്ക് സംസാരിച്ചിട്ടില്ല. എന്തുകൊണ്ട് സംസാരിക്കുന്നില്ല? എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല എന്നും ചെന്നിത്തല ചോദിച്ചു.

തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കുന്നത് പകല്‍ കൊള്ളയാണ്. എന്തുകൊണ്ട് അതില്‍ നടപടി ഉണ്ടാകുന്നില്ല? വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പ്രസ്താവന വന്നു, അത് ആരും വിശ്വസിക്കാന്‍ പോകുന്നില്ല. ഇവിടെ ന്യായമായി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടേണ്ട അവസരങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുത്തി പാര്‍ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാത്രമായി കേരളത്തിലെ ജോലി മുഴുവന്‍ റിസര്‍വ് ചെയ്തിരിക്കുന്ന സാഹചര്യമാണ് നമുക്ക് കാണാന്‍ കഴിയുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടര്‍ഭരണം കേരളത്തിന് വലിയൊരു ശാപമായി മാറി. ഇതാണ് ബംഗാളില്‍ സംഭവിച്ചത്. ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെയാണ് ഇത്രയും ജനവിരുദ്ധമായ ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നു, തൊഴിലില്ലായ്മ വര്‍ധിക്കുന്നു. പരിഹരിക്കാന്‍ ഇവിടെ ഒരു സര്‍കാര്‍ ഉണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

Keywords: Ramesh Chennithala on K Sudhakaran Issues, Thiruvananthapuram, News, Politics, Ramesh Chennithala, Controversy, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia