Ramesh Chennithala | നരേന്ദ്രമോദിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ജനങ്ങള്‍ വോട് ചെയ്തു; നിലവില്‍ ഇന്‍ഡ്യാ മുന്നണിക്ക് സര്‍കാര്‍ രൂപീകരിക്കാവുന്ന അവസ്ഥയെന്നും രമേശ് ചെന്നിത്തല


ഇടതുമുന്നണിയെ ജനങ്ങള്‍ കൈവിട്ടിരിക്കുന്നു
നരേന്ദ്രമോദിയെയും പിണറായി വിജയനെയും ജനങ്ങള്‍ മടുത്തിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെയുണ്ടായ മിന്നുന്ന വിജയം
എല്ലാ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉജ്ജ്വലമായ വിജയം നേടാനായി
തിരുവനന്തപുരം: (KVARTHA) ഇന്‍ഡ്യാമുന്നണിക്ക് ഗവണ്‍മെന്റ് രൂപീകരിക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദിയുടെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് ജനങ്ങള്‍ വോട് ചെയ്തുവെന്നതാണ് ഇതുവരെയുള്ള ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മോദിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് ഇതിലൂടെ വെളിവാകുന്ന കാര്യം. ഇത്തവണ 400 സീറ്റ് നേടുമെന്നും ഭരണഘടന മാറ്റുമെന്നും രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളെയും തകര്‍ക്കുമെന്നും അഹങ്കാരത്തോടുകൂടി പറഞ്ഞ പ്രധാനമന്ത്രിക്ക് സ്വന്തം മണ്ഡലത്തില്‍പ്പോലും ജയിച്ചുകയറാന്‍ വളരെയേറെ പാടുപെടേണ്ടിവന്നു എന്നതാണ് വസ്തുത. ഏതായാലും ഇന്‍ഡ്യാമുന്നണി അധികാരത്തിലെത്തുന്ന സുപ്രധാന ദിവസമായി ഇന്നത്തെ ദിവസത്തെ ഞങ്ങള്‍ കാണുന്നു. അതുണ്ടാകുമെന്ന ശുഭ പ്രതീക്ഷയാണ്, അതിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുമുന്നണി ഭരണത്തിനെതിരായിട്ടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പുഫലത്തിലൂടെ കാണാന്‍ കഴിയുന്നത്. ഇടതുമുന്നണിയെ ജനങ്ങള്‍ കൈവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും യുഡിഎഫിന്റെ വിജയമുറപ്പിക്കാന്‍ കെ സുധാകരന് കഴിഞ്ഞുവെങ്കില്‍ ഈ നാട്ടിലുള്ള ജനങ്ങളുടെ അതിശക്തമായ പ്രതിഷേധമാണ് പ്രകടമാകുന്നത്.
ഇടത് ഗവണ്‍മെന്റിനെതിരായിട്ടുള്ള കടുത്ത അമര്‍ഷമാണ് കണ്ടത്. നരേന്ദ്രമോദിയെയും പിണറായി വിജയനെയും ജനങ്ങള്‍ മടുത്തിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെയുണ്ടായ മിന്നുന്ന വിജയം. തീര്‍ചയായും ഈ വിജയം യുഡിഎഫിനെ കൂടുതല്‍ വിനയാന്വിതരാക്കി പ്രവര്‍ത്തനരംഗത്തേക്ക് പോകാനുളള ജനങ്ങളുടെ സന്ദേശമാക്കി ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും.
ഇത് കൂട്ടായ്മയുടെ വിജയമാണ്, ഐക്യത്തിന്റെ വിജയമാണ്. എല്ലാ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉജ്ജ്വലമായ വിജയം നേടാനായി. ഇനിയുള്ള കാലഘട്ടത്തിലും ഐക്യത്തോടെ, ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് വിജയങ്ങള്‍ ആവര്‍ത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും എന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഒരു പ്രധാനഘടകം തന്നെയാണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും മണിപ്പൂരില്‍ നിന്നും മുബൈ വരെയും രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും, നരേന്ദ്രമോദിയെയും മോദി ഗവണ്‍മെന്റിനെയും ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടുവാന്‍ സഹായിച്ചിട്ടുണ്ട്.
മോദി ഗവണ്‍മെന്റിന്റെ എല്ലാ നിഗൂഢമായ അജന്‍ഡകളും ജനദ്രോഹനടപടികളും രാഹുല്‍ ഗാന്ധി രണ്ട് യാത്രകളിലൂടെ തുറന്ന് കാട്ടിയത് ഈ തിരഞ്ഞെടുപ്പ് വിജയത്തിന് ഏറെ ഗുണകരമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഇന്ന് ഇരട്ടി സന്തോഷത്തിലാണ്. ഒന്ന്, ഞാന്‍ പ്രചാരണസമിതി ചെയര്‍മാനായിരിക്കുന്ന കേരളത്തില്‍ യുഡിഎഫ് നേടിയ വമ്പിച്ച വിജയം. മറ്റൊന്ന് എനിക്ക് ചാര്‍ജുള്ള മഹാരാഷ്ട്രയില്‍ എന്‍ഡിഎയെ തറപറ്റിക്കാന്‍ സാധിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 12 സീറ്റ് നേടി, കോണ്‍ഗ്രസും എന്‍സിപിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി 30 ഓളം സീറ്റുകളില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കി.
തൃശൂരില്‍ കണ്ടത് പിണറായി സ്‌പോണ്‍സേഡ് വിജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തൃശൂരില്‍ വിജയിപ്പിച്ചാല്‍ എല്ലാ കേസുകളും ഒതുക്കാമെന്ന വാഗ്ദാനം ഫലിച്ചു. പിന്നെ ഒരു സിനിമാ നടന് ജനങ്ങള്‍ കൊടുത്ത അംഗീകാരം, ബി ജെ പി ജയിക്കുമായിരുന്നെങ്കില്‍ തിരുവനന്തപുരത്തല്ലേ ജയിക്കേണ്ടത്? എല്ലാവരും കിണഞ്ഞു ശ്രമിച്ചിട്ടും തരൂര്‍ വന്‍വിജയം നേടിയില്ലേ. തൃശൂരിലേത് ഒരു ബി ജെ പി വിജയമായി കാണാന്‍ കഴിയില്ല. പിന്നെ സിപിഐ ക്ക് ഒരു എംപി പോലും ഉണ്ടാകരുതെന്ന് പിണറായിക്കും സിപിഎമ്മിനും നിര്‍ബന്ധമുണ്ടായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.