Criticism | സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം കുറയ്ക്കാന്‍ കേന്ദ്രം പലതും ചെയ്തു, സംസ്ഥാനങ്ങള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല; ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പാക്കണമെന്നാണ് നയമെന്നും രാജ്‌നാഥ് സിങ്

 
 Speaking at the 'Manorama News Conclave 2024' in Thiruvananthapuram

Photo Credit: Facebook / Rajnath Singh

10 വര്‍ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞു

തിരുവനന്തപുരം: (KVARTHA) ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പാക്കണമെന്നാണ് കേന്ദ്ര നയമെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുറയ്ക്കാന്‍ കേന്ദ്രം പലതും ചെയ്‌തെങ്കിലും, പല സംസ്ഥാനങ്ങളും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തെ ചൂണ്ടിക്കാട്ടി  മന്ത്രി പറഞ്ഞു. ബംഗാളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ മന്ത്രി അപലപിച്ചു. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2024 ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 


ഹോട്ടല്‍ 'ഓ ബൈ താമര'യില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവിന് പ്രൗഢഗംഭീരമായ തുടക്കമായി. 'ചെയ്ഞ്ച് മേക്കേഴ്‌സ്'എന്ന വിഷയത്തിലാണ് കോണ്‍ക്ലേവ്. വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് ലോകത്തിന്റെ ഭാവി ഇന്ത്യയില്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് വ്യക്തമാക്കിയാണ്.


2027ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പറഞ്ഞ രാജ് നാഥ് സിങ്, മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തിന്റെ സമസ്ത മേഖലകളിലും വന്ന മാറ്റങ്ങള്‍ ഓരോന്നും ഊന്നിപ്പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 10 വര്‍ഷത്തില്‍ നമ്മുടെ രാജ്യം ഒട്ടേറെ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നു രാജ്‌നാഥ് സിങ് പറഞ്ഞു. രാഷ്ട്രീയത്തിലും സാമ്പത്തിക വ്യവസ്ഥയിലുമെല്ലാം വലിയ മാറ്റമുണ്ടായി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു ഇന്ത്യക്കാര്‍. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അതിനു മാറ്റം വന്നു. ചെറിയ കാര്യങ്ങളില്‍ വരെ നരേന്ദ്ര മോദി ശ്രദ്ധ കേന്ദ്രീകരിച്ചു. 


അധികാരമേറ്റശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തില്‍ വൃത്തിയെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചപ്പോള്‍ പലരും അദ്ഭുതപ്പെട്ടു. എന്തുകൊണ്ടാണ് മോദി വൃത്തിയെപ്പറ്റി സംസാരിക്കുന്നത് എന്നാണ് അവര്‍ ചിന്തിച്ചത്. പ്രധാനമന്ത്രി ചൂലെടുത്ത് സ്വച്ഛ് ഭാരത് എന്ന വിപ്ലവത്തിന് തുടക്കമിട്ടപ്പോള്‍ രാജ്യം അദ്ദേഹത്തിനൊപ്പം നിന്നു. എല്ലാ വീടുകളിലും ശുചിമുറി ഉറപ്പു നല്‍കി. വനിതകളുടെ ആത്മാഭിമാനത്തെയും സുരക്ഷയെയും ഉയര്‍ത്തുന്ന ആരോഗ്യത്തെ സംരക്ഷിക്കുന്ന തീരുമാനമായി അത് മാറി എന്നും മന്ത്രി പറഞ്ഞു.

 

ബാങ്കുകളുടെ ദേശസാല്‍ക്കരണം നടന്ന് വര്‍ഷങ്ങളായിട്ടും ഗ്രാമീണരില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ജന്‍ധന്‍ യോജന വന്നതോടെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടായി. ബാങ്ക് ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളിലെത്തി സാധാരണക്കാരെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കി ഇന്ന് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

 

പ്രതിരോധ മേഖലയില്‍ രാജ്യം സ്വയംപര്യാപ്തതയിലേക്ക് അതിവേഗം നീങ്ങുകയാണ്. സേനകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചു. സൈനിക സ്‌കൂളുകളില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചു. എന്‍ഡിഎ പരീക്ഷ ഇപ്പോള്‍ വനിതകളും എഴുതുന്നു. പ്രതിരോധ മേഖലയില്‍ രാജ്യം സ്വയംപര്യാപ്തത നേടി. നേരത്തെ 6570% ആയുധങ്ങളും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇറക്കുമതി 35 ശതമാനമായി കുറഞ്ഞു. 2029ല്‍ 50,000 കോടിരൂപയുടെ പ്രതിരോധ ഉല്‍പന്ന കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചു. യുക്രൈനും റഷ്യയും ഒരേസമയം സന്ദര്‍ശിച്ച ലോക നേതാവ് നരേന്ദ്ര മോദിയാണ്. മോദി യുക്രൈനില്‍ സന്ദര്‍ശനം നടത്തുന്ന ഘട്ടത്തില്‍ റഷ്യ ആക്രമണം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മോദി സര്‍ക്കാര്‍ ദൃഢമാക്കിയതായും രാജ്‌നാഥ് സിങ് പറഞ്ഞു. 

'നിങ്ങള്‍ക്ക് ഭാവിയുടെ ലോകം കാണണമെങ്കില്‍, ഭാവി അനുഭവിച്ചറിയണമെങ്കില്‍, ഭാവിയിന്മേല്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യയിലേക്ക് വരൂ...' എന്ന, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയുടെ വാക്കുകളോടെയാണ് രാജ്നാഥ് സിങ് പ്രസംഗം അവസാനിപ്പിച്ചത്.

#womensafety #India #WestBengal #RajnathSingh #ModiGovernment #defence
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia