Criticism | 'ബട്ടണ്‍ അമര്‍ത്തിയാല്‍ കാശ് വരില്ല, അതിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം'; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍


● കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നത് കേരളം കാലങ്ങളായി നിരന്തരം ഉന്നയിക്കുന്ന ആരോപണം
● സില്‍വല്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ അവതരിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു
● രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു
● പ്രിയങ്ക ഗാന്ധി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല
കല്‍പറ്റ: (KVARTHA) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കാത്തതിനാലാണ് ഫണ്ട് അനുവദിക്കാത്തതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. ബട്ടണ്‍ അമര്‍ത്തിയാല്‍ കാശ് വരില്ലെന്നും അതിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കിയിരിക്കുമെന്നും അതിന് ഞാന്‍ ദൃക്‌സാക്ഷിയാണെന്നും വ്യക്തമാക്കി.
വയനാട് ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നത് കേരളം കാലങ്ങളായി നിരന്തരം ഉന്നയിക്കുന്ന ആരോപണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സില്‍വല്‍ ലൈന്‍ പോലുള്ള ലക്ഷം കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതിന് ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെക്കന്‍ കേരളവും വടക്കന്‍ കേരളവും തമ്മില്‍ യാത്രാസൗകര്യം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി അസാധ്യമായ പദ്ധതി അവതരിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ചെറുക്കും. സാധ്യമായ മറ്റ് പല പദ്ധതികളുമുണ്ടായിട്ടും എന്തുകൊണ്ടാണ് അതൊന്നും പരിഗണിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളം കൊടുത്ത സ്‌നേഹത്തിന് പകരം രാഹുല്‍ ഒന്നും തിരികെ നല്‍കിയില്ല. ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഒരു വാക്കുപോലും വയനാട്ടുകാരോട് പറഞ്ഞില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെപ്പോലെ വാഗ്ദാനം നല്‍കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് വേണ്ടത് പ്രവര്‍ത്തിക്കുന്ന എംപിയെയാണ്. കര്‍ഷകരെ വഞ്ചിച്ച് പോകുന്ന ആളെയല്ല. ഇത്രയും കാലത്തിനിടെ പ്രിയങ്ക ഗാന്ധി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഒന്നുമായിട്ടുമില്ല. നവ്യ ഹരിദാസ് സ്വന്തം പ്രയത്‌നത്തില്‍ ഉയര്‍ന്നു വന്നയാളാണ്. വയനാടിന് പുത്തന്‍ വികസനം നല്‍കാന്‍ നവ്യയ്ക്ക് സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
#Wayanad #Kerala #Landslide #RajeevChandrasekhar #ReliefFund #BJP