Railway | ട്രാക്കുകളിൽ ആനകളുടെ സുരക്ഷയ്ക്ക് റെയിൽവേയുടെ പുത്തൻ നടപടികൾ; കടന്നുപോകാൻ പ്രത്യേക അടിപ്പാതകളും!
ആന സംരക്ഷണത്തിനായി മാത്രം 30.77 കോടി രൂപയാണ് ചെലവഴിക്കുന്നത്
പാലക്കാട്: (KVARTHA) ആനകൾ കൂടുതലായി ഇറങ്ങുന്ന പാലക്കാട്-മധുക്കര റെയിൽ പാതയിൽ പരിശോധന നടത്തി പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി. പാലക്കാട് മുതൽ മധുക്കര വരെയുള്ള പാത മുഴുവൻ പരിശോധിച്ച ഡിആർഎം ആന സുരക്ഷാ നടപടികൾ വിലയിരുത്തി. വളയാർ-എട്ടിമട സ്റ്റേഷനുകൾക്കിടയിൽ 11.5 കോടി രൂപ ചെലവിൽ നിർമ്മിച്ച ആനകൾക്ക് കടന്നുപോകാനുള്ള രണ്ട് അടിപ്പാതകൾ അദ്ദേഹം പരിശോധിച്ചു.
കാട്ടാനകൾ തുടർച്ചയായി അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയാണ് ആനത്താരകളിൽ സുരക്ഷിതപാതയൊരുക്കാൻ അടിപ്പാതകൾ നിർമിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ, അപകടങ്ങൾ കൂടുതലായിനടന്ന വാളയാർ-എട്ടിമട ബി-ലൈൻ ട്രാക്കിൽ രണ്ട് അടിപ്പാതകൾ നിർമിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിക്കുകയായിരുന്നു. ആനക്കൂട്ടങ്ങൾക്ക് ഇതുവഴി സുഗമമായി സഞ്ചരിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
കോട്ടേക്കാട്-മധുക്കര പാതയിൽ ആനയിറങ്ങുന്നത് കണ്ടെത്താനുള്ള സംവിധാനം സ്ഥാപിക്കാനുള്ള സ്ഥലങ്ങളും ഡിആർഎം പരിശോധിച്ചു. 18.99 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിക്കുന്നു. റെയിൽ പാതയ്ക്ക് സമീപം ആനകളെ കണ്ടെത്തിയാൽ സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോപൈലറ്റിനും മുന്നറിയിപ്പ് നൽകും. ഈ പദ്ധതി 2024 ഡിസംബർക്ക് മുമ്പ് പൂർത്തിയാകും.
കോട്ടേക്കാട്-ലെവൽക്രോസിംഗ് നമ്പർ 156 തമ്മിലുള്ള 5 കിലോമീറ്റർ ദൂരത്ത് സോളാർ വേലി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പാലക്കാട് ഡിവിഷൻ ആരംഭിച്ചിട്ടുണ്ട്. 28.08 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ആനകൾ ഇറങ്ങുന്നത് തടയുന്നതിനാണ്. ആന സംരക്ഷണത്തിനായി മാത്രം 30.77 കോടി രൂപ ചെലവഴിക്കുന്ന റെയിൽവേ, ആനകളുടെ സുരക്ഷയ്ക്കും ജീവൻ രക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.