Rescue | ട്രെയിനില്‍ നിന്നും കാല്‍ വഴുതി പ്ലാറ്റ് ഫോമില്‍ വീണ യാത്രക്കാരന് രക്ഷകനായി റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന്‍
● ഹീറോ ആയത് കണ്ണൂര്‍ മാതമംഗലം സ്വദേശി എ എസ് ഐ ഉമേശന്‍
● പ്ലാറ്റ് ഫോമില്‍ വീണുകിടന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണാന്‍ കഴിയുക ചങ്കിടിപ്പോടെ മാത്രം
തലശേരി: (KVARTHA) നീങ്ങി തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ ട്രാക്കിലേക്ക് കാല്‍ വഴുതി വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷിച്ച് റെയില്‍വെ പൊലീസ്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് പൊലീസുകാരന് ലഭിക്കുന്നത്.
തലശേരി റെയില്‍വെ പൊലീസ് എ എസ് ഐ പി ഉമേശനാണ് തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ചന്ദ്രകാന്തിന് മുന്നില്‍ രക്ഷകനായത്. ട്രെയിനില്‍ നിന്നുവീണ യാത്രക്കാരനെ സെക്കന്റുകള്‍ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. കണ്ണൂര്‍ മാതമംഗലം സ്വദേശിയാണ് എ എസ് ഐ ഉമേശന്‍.
ജീവിതത്തില്‍ സെക്കന്റുകള്‍ക്ക് എത്ര മാത്രം വിലയുണ്ടെന്നറിയാന്‍ തലശേരി റെയില്‍വെ സ്റ്റേഷനിലെ ഈ ക്യാമറാ ദൃശ്യങ്ങള്‍ ഒന്നു കണ്ടാല്‍ മതി.
സംഭവം ഇങ്ങനെ:
തിരുവനന്തപുരത്ത് നിന്നും കൊച്ചുവേളിയില്‍ മുംബൈയിലേക്ക് 40 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മുംബൈ സ്വദേശിയായ ചന്ദ്രകാന്ത്. ട്രെയിന്‍ തലശേരിയിലെത്തിയപ്പോള്‍ ചായ കുടിക്കാനായായി തലശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ചായ വാങ്ങി മടങ്ങുന്നതിനിടെ ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് പ്ലാറ്റ് ഫോമിലേക്ക് വീണു.
ഈ സമയം സമീപത്തുണ്ടായിരുന്ന റെയില്‍വേ പൊലീസ് എ എസ് ഐ പി ഉമേശന്‍ ഉടന്‍ തന്നെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് യാത്രക്കാരനെ രക്ഷപെടുത്തുകയായിരുന്നു. പ്ലാറ്റ് ഫോമില്‍ വീണു കിടന്ന് ഉമേശന്‍ ചന്ദ്രകാന്തിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചങ്കിടിപ്പോടെ മാത്രമേ കാണാന്‍ കഴിയൂ. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ഉമേശന്റെ പ്രതികരണവും വൈറലായിട്ടുണ്ട്.
ഏറനാട് എക്‌സ്പ്രസില്‍ രാവിലെ 10 മണിക്ക് തലശേരിയില്‍ എത്തുന്ന ഉമേശന് മൂന്ന് മണിയോടെ എത്തുന്ന കണ്ണൂര്‍ പാസഞ്ചറില്‍ മടങ്ങുന്നത് വരെ തലശേരി പ്ലാറ്റ് ഫോം ഡ്യൂട്ടിയാണ്. എന്നാല്‍ അപകട വിവരമൊന്നും അറിയാതെ യാത്ര തുടര്‍ന്ന ചന്ദ്രകാന്തിന്റെ കൂടെയുണ്ടായിരുന്ന സംഘം റെയില്‍വെ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങളറിയുന്നത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചന്ദ്രകാന്തിനെ മംഗള എക്‌സ്പ്രസില്‍ കയറ്റി വിടുകയായിരുന്നു.
#RailwayPolice #Rescue #Thalassery #ViralVideo #PassengerSafety #KeralaNews