ബ്ലേഡ് പലിശയുമായി ബന്ധപ്പെട്ട പോലീസുകാരുടെ വീടുകളില്‍ റെയ്ഡ്
Nov 29, 2012, 13:49 IST
തിരുവനന്തപുരം: പോലീസുകാര്‍ ഉള്‍പെട്ട ബ്ലേഡ് പലിശക്കേസില് പോലീസുകാരുടെയും പണമിടപാടുകാരുടെയും വീടുകളില്‍ റെയ്ഡ് നടത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസുകാരുടെ വീടുകളില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച എസ്.പി. സാം ക്രിസ്റ്റി ഡാനിയലിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പിമാരും സിറ്റി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും എസ്.ഐമാരും ചേര്‍ന്ന് കേസിലുള്‍പെട്ട പത്തുപേരുടെ വീടുകളില്‍ ഒരേസമയം പരിശോധന നടത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച പരിശോധന രാത്രിയിലും തുടര്‍ന്നു.
പേട്ട എ.എസ്.ഐ. പ്രേമന്‍, ട്രാഫിക് എ.എസ്.ഐ. സുരേഷ്, ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ റൈറ്റര്‍ സതീഷ്, ട്രാഫിക് അസി. കമ്മീഷണറുടെ റൈറ്റര്‍ വിജയന്‍ എന്നിവര്‍ക്കു പുറമെ ബ്ലേഡ് പലിശക്കാരായ ഷാജി, ശിവപ്രസാദ്, അശോകന്‍, മധു, കുമാര്‍, മുരുകന്‍ എന്നിവരുടെ വീടുകളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.
ഫോര്‍ട്ട് സി.ഐ. ഓഫീസിലെ എ.എസ്.ഐ. ആയ മോഹനന്റെ പാളയത്തുള്ള ക്വാര്‍ട്ടേഴ്സ് പൂട്ടിയിരുന്നതിനാല്‍ പോലീസിന് പരിശോധന നടത്താന്‍ കഴിഞ്ഞില്ല. പോലീസുകാരുടെ വീടുകളില്‍ നിന്ന് തുക രേഖപ്പെടുത്താത്ത ഒപ്പിട്ട ചെക്കുകള്‍, പ്രോമിനറി നോട്ടുകള്‍, വെള്ളപ്പേപ്പറില്‍ സ്റ്റാമ്പൊട്ടിച്ച് ഒപ്പിട്ട് വാങ്ങിയ നിരവധി രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സ്വകാര്യ പണമിടപാടുകാരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലും നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ പരാതിക്കാരനായ ഭാസ്കര രാജന് പ്രതികള്‍ക്ക് നല്‍കിയ ചെക്കുകളും രേഖകളും കൂടാതെ, കൊള്ളപ്പലിശക്ക് പണം കടംകൊടുത്തതിന്റെ തെളിവായ നിരവധി ബ്ലാങ്ക് ചെക്കുകളും പ്രോമിനറി നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കേസില്‍ ഉള്‍പെട്ട പതിനൊന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കടം വാങ്ങിയ പണത്തിന്റെ പലിശ ആവശ്യപ്പെട്ട പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് അഞ്ചു പോലീസുകാര്‍ ഉള്‍പെടെ പതിനൊന്നുപേര്‍ക്കെതിരെ എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് കേസെടുത്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസിലുള്‍പെട്ട അഞ്ചു പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Keywords: Interest, Blade, Finance, House, Police, Raid, Thiruvananthapuram, Office, Case, Complaint, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.