ADGP to Probe | രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കാന്‍ എഡിജിപിക്ക് നിര്‍ദേശം; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എസ്എഫ്‌ഐയുടേത് തെറ്റിപ്പോയ സമരമെന്ന് സിപിഎമിന്റെ കുറ്റപ്പെടുത്തല്‍

 



തിരുവനന്തപുരം: (www.kvartha.com) വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം സര്‍കാര്‍ ഉന്നതതല അന്വേഷണം നടത്തും. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് അന്വേഷണം നടത്താന്‍ എഡിജിപിയെ ചുമതലപ്പെടുത്തി ഒരാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രടറിക്ക്  നിര്‍ദേശം നല്‍കി.

സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കല്‍പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ അപലപിച്ച് സിപിഎമും രംഗത്തെത്തി.  എസ്എഫ്‌ഐയുടെ പ്രതിഷേധം തെറ്റിപ്പോയ സമരരീതിയെന്ന് സിപിഎമിന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത സിപിഎമിന്റെ സംസ്ഥാന സെക്രടേറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണമുണ്ടാകുന്നത്. ഇതിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ നേതാക്കള്‍, സംഭവത്തെ തള്ളിപ്പറഞ്ഞ് പരസ്യമായി അപലപിക്കണമെന്ന് തീരുമാനമെടുത്തു.

രാഹുല്‍ഗാന്ധി കേരളത്തിലെ ഒരു എംപി മാത്രമാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ദേശീയതലത്തില്‍ ബിജെപിക്കെതിരായ നേതൃമുഖമാണ്. അദ്ദേഹത്തിന്റെ ഓഫീസ് കേരളത്തില്‍ ആക്രമിക്കപ്പെട്ടത് ബിജെപിയും ആയുധമാക്കും. ദേശീയതലത്തില്‍ പ്രാധാന്യമുണ്ടാകുന്ന തെറ്റായ സമരം എന്നാണ് ഇതിനെ സെക്രടേറിയറ്റ് വിലയിരുത്തിയത്. ഇതിന്റെ രാഷ്ട്രീയവീഴ്ച തിരിച്ചറിഞ്ഞാണ് എസ്എഫ്‌ഐ പ്രതിഷേധത്തെ ഉടനടി തള്ളിപ്പറയാന്‍ സിപിഎം നേതാക്കള്‍ തയ്യാറായത്. 

ADGP to Probe | രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കാന്‍ എഡിജിപിക്ക് നിര്‍ദേശം; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എസ്എഫ്‌ഐയുടേത് തെറ്റിപ്പോയ സമരമെന്ന് സിപിഎമിന്റെ കുറ്റപ്പെടുത്തല്‍


അതിനിടെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്എഫ്‌ഐ അക്രമത്തിനെതിരെ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധമാണ്. വെള്ളിയാഴ്ച വൈകീട്ടോടെ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം പലയിടത്തും സംഘര്‍ഷമായി. തിരുവനന്തപുരത്ത് എകെജി സെന്ററിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ വനിതാ കോണ്‍ഗ്രസുകാരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തെന്ന് പരാതിയുയര്‍ന്നു. പിന്നീട് വനിതാ പൊലീസുകാരെത്തി പ്രതിഷേധക്കാരെ നീക്കി. യൂത് കോണ്‍ഗ്രസുകാരും പ്രതിഷേധപ്രകടനവുമായെത്തി.

ബേകറി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധവും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. നന്ദാവനം പൊലീസ് ക്യാംപ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധ പ്രകടനം യൂനിവേഴ്‌സിറ്റി കോളജിന് സമീപം സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലെക്സുകള്‍ പ്രതിഷേധക്കാര്‍ വലിച്ചുകീറി.

കോട്ടയത്ത് സിപിഎം ജില്ലാ കമിറ്റി ഓഫീസിലേക്കുള്ള മാര്‍ചിനിടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയി, കെപിസിസി സെക്രടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവര്‍ക്ക് പരിക്കേറ്റു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ADGP to Probe | രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കാന്‍ എഡിജിപിക്ക് നിര്‍ദേശം; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എസ്എഫ്‌ഐയുടേത് തെറ്റിപ്പോയ സമരമെന്ന് സിപിഎമിന്റെ കുറ്റപ്പെടുത്തല്‍


ചേര്‍ത്തലയില്‍ പ്രകടനം നടക്കുന്നതിനിടെ അഗ്നിപഥ് വിഷയത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പത്തനംതിട്ടയില്‍ അടൂര്‍, പത്തനംതിട്ട, തിരുവല്ല, കോഴഞ്ചേരി, റാന്നി എന്നിവിടങ്ങളില്‍ റോഡുപരോധിച്ച പ്രവര്‍ത്തകരെ പൊലീസെത്തി നീക്കി.

എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. പാലക്കാട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 30 ഓളം പേര്‍ക്കെതിരേ കേസെടുത്തു. മലപ്പുറം കുന്നുമ്മലില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കോഴിക്കോട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമിഷനര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ തീയിട്ട് പ്രതിഷേധിച്ചു.

Keywords:  News,Kerala,State,Thiruvananthapuram,Congress,Police,Politics,SFI,Top-Headlines,Trending, Rahul Gandhi's office attack congress protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia