Protest | രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കിയ നടപടി; വയനാട്ടില്‍ വ്യാപക പ്രതിഷേധം

 


കല്‍പറ്റ: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടില്‍ വ്യാപക പ്രതിഷേധം. ഡിസിസിയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടന്നത്. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ടി സിദ്ദീഖ് എംഎല്‍എ, കെകെ അബ്രഹാം, കെഎല്‍ പൗലോസ്, പിപി ആലി തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍ഡ്യയുടെ ഭാവി ഇല്ലാതാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് കല്‍പ്പറ്റയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു. ഈ അയോഗ്യത നിങ്ങളുടെ ഭയത്തില്‍ നിന്ന് തന്നെയാണ്. ഞങ്ങള്‍ നേരായ വഴിയിലൂടെ തന്നെ സഞ്ചരിക്കുന്നു. സത്യത്തിന്റെ, ജനാധിപത്യത്തിന്റെ, ഗാന്ധിയുടെ വഴിയിലൂടെ രാഹുല്‍ ഗാന്ധി എന്ന മതേതര ജനാധിപത്യ മുഖം കൂടുതല്‍ തിളങ്ങുകയാണെന്നും ടി സിദ്ദീഖ് പറഞ്ഞു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. അസാധാരണ നടപടിയിലൂടെ വയനാട്ടുകാര്‍ക്ക് എംപി ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. റെകോഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുവിട്ട നേതാവിനെതിരെയുള്ള നീക്കത്തില്‍ ചുരത്തിന് മുകളിലും വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട്, മലപ്പുറം ജില്ലയിലെ മേഖലകളിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

മാനന്തവാടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്യാനുള്ള പൊലീസ് നടപടി പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തിനിടയാക്കി. രാഹുല്‍ ഗാന്ധിയുമായി ഏറെ വിയോജിപ്പുണ്ടെങ്കിലും ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എംപിയെ ഇത്തരത്തില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ അയോഗ്യനാക്കുന്നത് ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രടറി പി ഗഗാറിന്‍ പറഞ്ഞു.

മുക്കത്ത് എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചപ്പോള്‍ അംഗത്വം റദ്ദാക്കിയ സാഹചര്യത്തില്‍ വയനാട് എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ ഭാഗമാകാനോ സാധിക്കില്ല. അതേസമയം, ലോക് സഭാംഗത്വം റദ്ദാക്കിയതില്‍ ദേശീയതലത്തില്‍ ശക്തമായ പ്രതിഷേധമുയരുകയാണ്.

അപകീര്‍ത്തിക്കേസില്‍ സൂറത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയത്. ലോക്‌സഭ സെക്രടേറിയറ്റാണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കോടതി വിധി പുറപ്പെടുവിച്ച മാര്‍ച് 23 മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

Protest | രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കിയ നടപടി; വയനാട്ടില്‍ വ്യാപക പ്രതിഷേധം

'എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്' എന്ന 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശമാണ് രാഹുലിന് വിനയായത്. ഗുജറാതിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ അപകീര്‍ത്തി കേസിലായിരുന്നു വിധി. അപീല്‍ നല്‍കാന്‍ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.

രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമാക്കിയത്. രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Keywords:  Rahul Gandhi's Lok Sabha membership cancelled; Widespread protest in Wayanad, Wayanadu, News, Politics, Rahul Gandhi, Protest, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia