Rahul Gandhi | മലപ്പുറത്ത് നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

 


മലപ്പുറം: (www.kvartha.com) മലപ്പുറത്ത് നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയ്ക്കലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മലപ്പുറം ഡിസിസി സംഘടിപ്പിച്ച യോഗത്തിലേക്ക് രാഹുല്‍ എത്തിയത്. ചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ രാഹുലിന്റെ പേര് ഉള്‍പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അമ്പരപ്പും അതിലുപരി സന്തോഷവും നല്‍കുകയുണ്ടായി.

രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നുവരേണ്ടതെന്നും ഉമ്മന്‍ ചാണ്ടി അത്തരത്തില്‍ ഉയര്‍ന്നുവന്ന ഒരാളാണെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹവുമായി പ്രവര്‍ത്തിച്ച കുറച്ചുനാളത്തെ അനുഭവമുണ്ട്. ഏറെ മുതിര്‍ന്ന നേതാവായിരുന്ന അദ്ദേഹം ധാരാളം മാര്‍ഗനിര്‍ദേശങ്ങള്‍ തന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ അദ്ദേഹത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

20 വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. ഒരിക്കല്‍പോലും അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടിട്ടില്ല. അദ്ദേഹവും ആരെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല. ഒരുതരത്തിലും ജനത്തെ വിഭജിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല.  

രാഷ്ട്രീയ ജീവിതത്തിന്റെ ഈ യാത്രയില്‍ ഒരുപാട് അപകടങ്ങളുണ്ടെന്നും രാഹുല്‍ പറഞ്ഞു. അധികാരം നിങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്താം, അധികാരമുപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാം. ജനത്തേക്കാള്‍ വലുതാണു തങ്ങളെന്നു നേതാക്കള്‍ക്കു തോന്നിയേക്കാം. നിങ്ങള്‍ അഴിമതിയുടെ വഴിയില്‍ പോയേക്കാം. 

കഴിഞ്ഞ കുറച്ചുനാളുകളായി ഞാന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് അസുഖമായിരുന്നുവെന്ന് എനിക്ക് അറിയാം. അദ്ദേഹം എന്നെ വിളിച്ച് യാത്രയുടെ ഭാഗമാകണമെന്ന താല്‍പര്യം പ്രകടിപ്പിച്ചു.

എന്നാല്‍ വേണുഗോപാലിനോടു പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അന്നത്തെ അവസ്ഥയില്‍ യാത്രയുടെ ഭാഗമാവുക എന്നത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവും എന്നതായിരുന്നു കാരണം. എന്നിരുന്നാലും അദ്ദേഹം എന്നോടൊപ്പം കുറച്ചുദൂരം നടന്നു. ആരുടെയും സഹായമില്ലാതെ നടക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യമെന്നും രാഹുല്‍ ഓര്‍ത്തെടുത്തു.

ഇവിടെയുള്ള ചെറുപ്പക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി പ്രചോദനമാണ്. അദ്ദേഹത്തിന്റെ വഴിയെ നടക്കാന്‍ യുവാക്കള്‍ക്കു കഴിയണം. അത്തരം നേതാക്കളെ ആവശ്യമുള്ള നാടാണിത്. അദ്ദേഹത്തെപ്പോലെയുള്ള വലിയ നേതാവിനെക്കുറിച്ച് സംസാരിക്കാനായതുതന്നെ 'വലിയ കാര്യ'മായി കാണുന്നു എന്നും രാഹുല്‍ പറയുകയുണ്ടായി.

Rahul Gandhi | മലപ്പുറത്ത് നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Keywords:  Rahul Gandhi surprise visit to Oommen Chandy remembrance meeting, Malappuram, News, Politics, Oommen Chandy, Congress, Leaders, Guidelines, Corruption, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia