Rahul Gandhi | എസ് എഫ് ഐക്കാര്‍ തന്റെ കസേരയില്‍ വച്ച വാഴ എടുത്തുമാറ്റി അവിടെ തന്നെ ഇരുന്ന് രാഹുല്‍ ഗാന്ധി; പിന്നീട് ഫോടോയെടുത്ത് കുറിപ്പ് സഹിതം സമൂഹമാധ്യമത്തില്‍ പങ്കിട്ടു

 


വയനാട്: (www.kvartha.com) വയനാട്ടിലെ തന്റെ എംപി ഓഫിസ് ആക്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായിവച്ച വാഴ എടുത്തുമാറ്റി അതേ സീറ്റില്‍ തന്നെ ഇരുന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കസേരയിലെ ഫോടോയും വാഴയും എടുത്തുമാറ്റിയശേഷം അതേ സീറ്റില്‍ തന്നെ ഇരുന്ന് നേതാക്കളോട് സംസാരിക്കുകയും ചെയ്തു. രാഹുല്‍ സന്ദര്‍ശനത്തിന് എത്തുമെന്നറിഞ്ഞതിനാല്‍ ആക്രമണത്തിന് ശേഷം ഓഫിസ് കോണ്‍ഗ്രസ് അതുപോലെ തന്നെ നിലനിര്‍ത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ഓഫിസില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ നേതാക്കള്‍ രാഹുലിന് വിശദീകരിച്ചു നല്‍കി.

'ഇത് എന്റെ ഓഫിസാണ്. പക്ഷേ അതിനും മുന്‍പ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫിസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികള്‍ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.', - ആക്രമണം നടന്ന ഓഫിസ് സന്ദര്‍ശിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫിസ് ഇങ്ങനെ ട്വീറ്റ് ചെയ്തു.

അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നുവെന്നും ഓഫിസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാല്‍ പിന്നീട് ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യവെ വയനാട്ടിലെ തന്റെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹം കേന്ദ്രത്തിനുനേരെയും പിണറായി സര്‍കാരിനെതിരേയും ആഞ്ഞടിച്ചു.

Rahul Gandhi | എസ് എഫ് ഐക്കാര്‍ തന്റെ കസേരയില്‍ വച്ച വാഴ എടുത്തുമാറ്റി അവിടെ തന്നെ ഇരുന്ന് രാഹുല്‍ ഗാന്ധി; പിന്നീട് ഫോടോയെടുത്ത് കുറിപ്പ് സഹിതം സമൂഹമാധ്യമത്തില്‍ പങ്കിട്ടു

ബിജെപിയും സിപിഎമും അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും അക്രമത്തിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ അഭിപ്രായം മാറ്റിയെടുക്കാമെന്നു കരുതുന്നവരാണ് ഇരുകൂട്ടരുമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇ ഡിയെക്കൊണ്ട് അഞ്ചുദിവസം ചോദ്യം ചെയ്യിപ്പിച്ചാല്‍ എന്നെ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുമ്പോള്‍ എന്റെ ഓഫിസിനു നേരെ അക്രമം നടത്തി എന്നെ ഭീഷണിപ്പെടുത്താമെന്ന് സിപിഎമും കരുതുന്നു. എന്നാല്‍, അക്രമത്തിലൂടെയും ഹിംസയിലൂടെയും ആളുകളുടെ അഭിപ്രായം മാറ്റിയെടുക്കാനാവില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ആത്മധൈര്യമില്ലാത്തതിനാലാണ് ബിജെപിയും സിപിഎമും അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

'ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് എല്‍ഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ ഓഫിസ് തകര്‍ത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പെട്ടെന്നു തന്നെ ഇടപെടണം. എല്‍ഡിഎഫ് സര്‍കാര്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പെടുത്തിയാല്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കും. യുഡിഎഫും കോണ്‍ഗ്രസും മാത്രമല്ല, വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടിലാണെന്നു മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.

വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാന്‍ കഴിയില്ല. കര്‍ഷകനിയമങ്ങള്‍ മോദിയെക്കൊണ്ട് പിന്‍വലിപ്പിച്ചതു പോലെ ബഫര്‍ സോണ്‍ പ്രഖ്യാപനവും പിന്‍വലിപ്പിക്കും' എന്നും രാഹുല്‍ പറഞ്ഞു.

Keywords: Rahul Gandhi Reacts SFI Attack, Wayanadu, News, Politics, Trending, Rahul Gandhi, Twitter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia