Controversy | എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കട്ടെ; പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വാക്കുകള്‍ മയപ്പെടുത്തി പി.വി.അന്‍വര്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വാക്കുകള്‍ മയപ്പെടുത്തി നിലമ്പൂര്‍ എം എല്‍ എ പി.വി.അന്‍വര്‍. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണോ എന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനം എടുക്കട്ടെ എന്നും പി.വി.അന്‍വര്‍ പറഞ്ഞു. അതേസമയം താങ്കളുടെ പിന്നില്‍ ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എന്റെ പിന്നില്‍ സര്‍വശക്തനായ ദൈവം മാത്രമാണ് ഉള്ളത്' എന്നായിരുന്നു അന്‍വറിന്റെ മറുപടി.

വിവാദങ്ങള്‍ക്ക് പിന്നാലെ ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അന്‍വര്‍. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. താന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പറഞ്ഞ അന്‍വര്‍ എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തു എന്നും വ്യക്തമാക്കി. എഡിജിപിയെ മാറ്റാതെ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരുന്നു കാണാം എന്നായിരുന്നു അന്‍വറിന്റെ മറുപടി.
ആരെ മാറ്റി നിര്‍ത്തണം, ആരെ മാറ്റി നിര്‍ത്തേണ്ട എന്നതൊക്കെ മുഖ്യമന്ത്രിയും പാര്‍ട്ടി സംവിധാനവും ചിന്തിക്കട്ടെ. സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. സത്യസന്ധമായ അന്വേഷണം നടക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും. അതോടെ തന്റെ ഉത്തരവാദിത്തം തീര്‍ന്നുവെന്നും അന്‍വര്‍ പറഞ്ഞു. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുക എന്നതാണ് ഇനി തന്റെ ഉത്തരവാദിത്തമെന്നും എംഎല്‍എ വ്യക്തമാക്കി.
അന്‍വറിന്റെ വാക്കുകള്‍:
എം.ആര്‍.അജിത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്നു പാര്‍ട്ടി തീരുമാനിക്കട്ടെ. അജിത് കുമാറിനെ മാറ്റി നിര്‍ത്തണമെന്ന് പറയുന്ന ആളല്ല ഞാന്‍. കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം ഞാന്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്.
ഉത്തരവാദിത്തതോടെ അതിന് അനുസൃതമായ അന്വേഷണത്തിനുള്ള സംവിധാനം ഒരുക്കുമെന്നു തന്നെയാണ് ഒരു സഖാവെന്ന നിലയ്ക്ക് ഞാന്‍ വിശ്വസിക്കുന്നത്. ആരെ മാറ്റി നിര്‍ത്തണം, ആരെ മാറ്റി നിര്‍ത്തേണ്ട എന്നതൊക്കെ മുഖ്യമന്ത്രിയും പാര്‍ട്ടി സംവിധാനവും ചിന്തിക്കട്ടെ. പരാതി മുഖ്യമന്ത്രിക്ക് കൊടുത്തിട്ട് അരമണിക്കൂര്‍ അല്ലേ ആയുള്ളു. അതിനിടയ്ക്ക് അവരെ മാറ്റണം എന്ന് ഞാന്‍ എങ്ങനെയാണ് പറയുക. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് കരുതുന്നത്.
കേരളത്തിലെ പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം സര്‍ക്കാരിന് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പൊലീസ് എടുക്കേണ്ട നിലപാടും പ്രവര്‍ത്തന രീതിയുമല്ല പല ഉദ്യോഗസ്ഥരില്‍നിന്നും ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളാണ് ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പൊലീസിലുള്ള പുഴുക്കുത്തുകള്‍, അഴിമതി എന്നിവയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിലെല്ലാം തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. ഇതൊരു കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ആ കമ്യൂണിസ്റ്റ് സര്‍ക്കാരിന് അറിയാം ജനങ്ങളുടെ വികാരം. ഞാന്‍ എന്റെ വിഷയം അല്ലല്ലോ പറഞ്ഞത്. ഈ നാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ് ചൂണ്ടിക്കാട്ടിയത്. അത് തീര്‍ച്ചയായും പരിഗണിക്കേണ്ടി വരുമല്ലോ എന്നും അന്‍വര്‍ പറഞ്ഞു.
അജിത് കുമാറിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണമാണോ പ്രതീക്ഷിക്കുന്നത് എന്ന ആവര്‍ത്തിച്ചുളള ചോദ്യത്തിന് ഞാന്‍ വലിയ പ്രതീക്ഷയുള്ള ആളാണെന്നായിരുന്നു അന്‍വറിന്റെ മറുപടി. പി.ശശിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അന്‍വര്‍ കൃത്യമായി മറുപടി നല്‍കിയില്ല.
#KeralaPolitics, #PVAnwar, #CMVijayan, #PoliceReforms, #ADGPTransfer, #PoliticalControversy