Election Talks | നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് പിവി അന്‍വര്‍ എംഎല്‍എ; ഉപാധികളും മുന്നോട്ടുവച്ചു

 
PV Anwar proposes UDF collaboration with conditions in by-elections
Watermark

Photo Credit: Facebook / PV Anvar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചേലക്കരയില്‍ യുഡിഎഫ് ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണം
● പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശയവിനിമയം നടത്തി
● സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് യുഡിഎഫ്

പാലക്കാട്: (KVARTHA) നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് പിവി അന്‍വര്‍ എംഎല്‍എ. അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ യുഡിഎഫ് നേതൃത്വം അഭ്യര്‍ഥിച്ചിരുന്നു.  രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നാണ് നേതാക്കള്‍ അന്‍വറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിക്കും പിണറായി വിജയനും എതിരായ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ അന്‍വറിനോട് നേതാക്കള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ന്യൂനപക്ഷ മേഖലയില്‍ അന്‍വറിന് വോട്ടുബാങ്കുള്ളതിനാല്‍ യുഡിഎഫ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

Aster mims 04/11/2022

എന്നാല്‍ ചേലക്കര മണ്ഡലത്തില്‍ തന്റെ പാര്‍ട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാര്‍ഥി എന്‍കെ സുധീറിനെ പിന്തുണച്ചാല്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.  യുഡിഎഫ് നേതാക്കളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കുകയാണെന്നും അന്‍വര്‍ അറിയിച്ചു. അന്‍വറുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശയവിനിമയം നടത്തി. 

പിവി അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്നുള്ള നിലപാടിലാണ്  യുഡിഎഫ്. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. അതേസമയം അന്‍വര്‍ നിരുപാധികം പിന്തുണച്ചാല്‍ അത് സ്വീകരിക്കാമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.


അന്‍വറിന്റെ വാക്കുകള്‍:

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാം. പകരം ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയെ യുഡിഎഫ് പിന്തുണയ്ക്കണം. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടന്നു. അവരാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ക്ക് ചേലക്കരയിലെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ താല്‍പര്യമില്ല. അവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല- എന്നും അന്‍വര്‍ പറഞ്ഞു.

ഇടതു മുന്നണിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഡിഎംകെ എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. ആഭ്യന്തര വകുപ്പിലെ അഴിമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവ പരസ്യമായി ഉന്നയിച്ചതിന് പിന്നാലെയാണ് അന്‍വറിന് ഇടതു മുന്നണിയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്.

#PVAnwar #KeralaPolitics #UDF #ByElections #DMK #PoliticalAlliance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia