Candidates | അഭിഭാഷകനും അധ്യാപകനും രാഷ്ട്രീയക്കാരനുമായ ചാണ്ടി ഉമ്മൻ; സമര പോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന ജെയ്ക് സി തോമസ്; പാർട്ടിയെ ജില്ലയിൽ മുന്നിൽ നിന്ന് നയിച്ച ജി ലിജിന്‍ ലാൽ; പുതുപ്പള്ളിയിലെ മുന്നണി സ്ഥാനാർഥികളെ വിശദമായി അറിയാം

 


കോട്ടയം: (www.kvartha.com) സെപ്തംബർ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ ശക്തമായ പ്രചാരണത്തിലാണ്. യുവമുഖങ്ങളാണ് ഇത്തവണ പുതുപ്പള്ളിയിൽ മത്സരിക്കുന്നതെന്നാണ് പ്രത്യേകത. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി എംഎൽഎയായി റെക്കോർഡ് കുറിച്ച മണ്ഡലം നിലനിർത്താൻ മകൻ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. സമര പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്ക് സി തോമസ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ ബിജെപിക്കായി മത്സരിക്കുന്നു. സ്ഥാനാർഥികളെ വിശദമായി പരിചയപ്പെടാം.

Candidates | അഭിഭാഷകനും അധ്യാപകനും രാഷ്ട്രീയക്കാരനുമായ ചാണ്ടി ഉമ്മൻ; സമര പോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന ജെയ്ക് സി തോമസ്; പാർട്ടിയെ ജില്ലയിൽ മുന്നിൽ നിന്ന് നയിച്ച ജി ലിജിന്‍ ലാൽ; പുതുപ്പള്ളിയിലെ മുന്നണി സ്ഥാനാർഥികളെ വിശദമായി അറിയാം

ജെയ്ക് സി തോമസ്

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക് സി തോമസ് മൂന്നാം തവണയാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. രണ്ട് തവണ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയോടാണ് മത്സരിച്ചത്. ഇത്തവണ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് ഏറ്റുമുട്ടുന്നു. സംസ്ഥാനമാകെ സിപിഎമ്മിന്റെ അറിയപ്പെടുന്ന മുഖമാണ് 33 കാരനായ ഈ യുവനേതാവ്. എസ്എഫ്‌ഐയിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ജെയ്‌ക്ക് നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. കൂടാതെ ഡിവൈഎഫ്‌ഐ സംസ്ഥാന, കേന്ദ്ര കമ്മിറ്റിയിലും അംഗമാണ്. നേരത്തെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം സിഎംഎസ് കോളേജിൽ പഠിച്ച ജെയ്ക് സി തോമസ് ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റർനാഷണൽ റിലേഷൻസിൽ എംഎ പൂർത്തിയാക്കി. 2010-ൽ ഡിഗ്രി വിദ്യാർഥിയായിരിക്കെ കോട്ടയം സിഎംഎസ് കോളേജിൽ നടന്ന വിദ്യാർത്ഥി സമരത്തിലൂടെയാണ് ജെയ്ക്ക് ശ്രദ്ധയാകർഷിച്ചത്. ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസ് മാറ്റത്തിനെതിരേ സമരം നയിച്ചതിനാൽ കോളജിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, പരീക്ഷ എഴുതാൻ അനുവദിച്ചു. 2016ൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും 27,092 വോട്ടുകൾക്ക് പരാജയപ്പെട്ടു. അഞ്ച് വർഷത്തിന് ശേഷം, 2021 ൽ വീണ്ടും മത്സരിച്ച ജെയ്‌ക് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആയി കുറച്ചുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.

ചാണ്ടി ഉമ്മൻ

37 വകാരനായ ചാണ്ടി ഉമ്മൻ കോളേജ് കാലം മുതൽ കോൺഗ്രസിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ നാഷണൽ ഔട്ട്റീച്ച് സെൽ ചെയർമാനും കെപിസിസി അംഗവുമാണ്. 2013ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയ പങ്കാളിയായിരുന്നു. എന്നിരുന്നാലും, പിതാവിന്റെ അസുഖം കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

ചാണ്ടി ഉമ്മൻ തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിലാണ് പഠിച്ചുത്. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഡൽഹി സർവകലാശാലയിൽ നിന്ന് എൽഎൽബിയും ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎമ്മും (Criminology) ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം (Constitutional Law) പൂർത്തിയാക്കി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സമ്മർ കോഴ്സും ചെയ്തു. 2016 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ (അമിറ്റി യൂണിവേഴ്സിറ്റി) ഫാക്കൽറ്റിയായും പ്രവർത്തിച്ചു. ചാണ്ടി ഉമ്മൻ അവിവാഹിതനാണ്.

ജി ലിജിന്‍ ലാല്‍

മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയായ ജി ലിജിന്‍ ലാല്‍ നിലവില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിന്‍ ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. കടുത്തുരുത്തിയിൽ കേരള കോൺഗ്രസിന്റെ മോൻസ് ജോസഫിനും കേരള കോൺഗ്രസിന്റെ (എം) സ്ഥാനാർഥി സ്റ്റീഫൻ ജോർജിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ലാൽ ഫിനിഷ് ചെയ്തത്.

പോരിന് ഏഴ് പേർ

മുന്നണി സ്ഥാനാർഥികളായി ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ലിജിൻ ലാൽ എന്നിവരെ കൂടാതെ ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രൻമാരായ പി കെ ദേവദാസ്, ഷാജി, സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരിക്കുന്നത്.

സ്ഥാനാർഥികളും ചിഹ്നവും

* ചാണ്ടി ഉമ്മൻ - കൈപ്പത്തി
* ജെയ്ക് സി. തോമസ് - അരിവാൾ,ചുറ്റിക,നക്ഷത്രം
* ലിജിൻ ലാൽ - താമര
* ലൂക്ക് തോമസ് - ചൂൽ
* പി കെ ദേവദാസ് - ചക്ക
* ഷാജി - ബാറ്ററി ടോർച്ച്
* സന്തോഷ് പുളിക്കൽ - ഓട്ടോറിക്ഷ

Keywords: News, Kerala, Kottayam, Election history, Puthuppally, Oommen Chandy, Bye-Election, CPM,   Puthuppally by-election: Deatils candidates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia