Obituary | പുഷ്പന്റെ വിയോഗം: പാനൂരില്‍ ഞായറാഴ്ച ഹര്‍ത്താല്‍; തലശേരിയില്‍ പൊതുദര്‍ശനം
● തലശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം
● വൈകിട്ട് അഞ്ചു മണിക്ക് സംസ്‌കാരം
കണ്ണൂര്‍: (KVARTHA) കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ആയിരുന്ന പുതുക്കുടി പുഷ്പന്റെ മരണത്തില്‍ അനുശോചിച്ച് ഞായറാഴ്ച പാനൂര്‍ മേഖലയില്‍ സിപിഎം ഹര്‍ത്താല്‍ നടത്തും. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും ഭൗതിക ശരീരം വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തലശേരിയില്‍ കൊണ്ടുവരും.
തലശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഉച്ചയ്ക്ക് ഒന്നര മുതല്‍ മേനപ്രം കാഞ്ഞിരത്തിന്‍ കീഴില്‍ രാമവിലാസം സ്‌കൂള്‍ മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചു മണിക്ക് സംസ്‌കാരം നടത്തും.
കൂത്തുപറമ്പ് സമരപോരാട്ടത്തിലെ അഞ്ച് രക്തനക്ഷത്രങ്ങള്‍ക്കൊപ്പം പുഷ്പനും ഇതോടെ വിപ്ലവ ജ്വാലയായി മാറും.
മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നാടിനോട് വിടപറഞ്ഞത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്.
കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെ എന്നും നാട് കണ്ടത്. നിരാശയുടെ ഒരു ലാഞ്ചനപോലും പുഷ്പനില്‍ ആരും കണ്ടിട്ടുണ്ടാവില്ല. അത്രയും മനക്കരുത്തും രാഷ്ട്രീയ ബോധ്യവും പുഷ്പന് അന്നുതൊട്ടിന്നോളമുണ്ടായിരുന്നു.
1994 നവംബര്‍ 25നാണ് നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ പുഷ്പന്‍ വീണുപോയത്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്. ലഭിക്കാവുന്ന എല്ലാ ചികിത്സയും പുഷ്പന് ഡി വൈ എഫ് ഐ ഉറപ്പുവരുത്തിയിരുന്നു
പൊലീസ് ഭീകരതയുടെ ജീവിക്കുന്ന അടയാളമായിരുന്നു പുഷ്പന്‍. 30 വര്‍ഷത്തോളം തളര്‍ന്നു കിടന്ന പുഷ്പന്‍ അക്ഷരാര്‍ഥത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ കേരളത്തിലില്ല. പുതുക്കുടി പുഷ്പന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു.
#Pushpan #Kerala #hartal #Kuttuparamba #politicalactivist #RIP #obituary #communistpartyofindia #socialactivism