Waste Dump | ജോയിയുടെ മരണത്തിന് പൊതുജനങ്ങളും ഉത്തരവാദികളാണ്; അതിൽ നിന്ന് ആർക്കും ഒഴിയാനാവില്ല


ജനസാന്ദ്രത കൂടുതൽ ഉള്ളിടത്തു മാലിന്യങ്ങൾ കൂടും. അതിനനുസരിച്ചു നിർമാർജനം ചെയ്യാനുള്ള വഴികൾ കണ്ടെത്താൻ ഭരിക്കുന്ന സർക്കാരും ബാധ്യസ്ഥരാണ്
ഡോണൽ മൂവാറ്റുപുഴ
(KVARTHA) മാലിന്യം (Waste) തോട്ടിൽ നിന്ന് മാറ്റാനിറങ്ങിയ ഒരു പാവപ്പെട്ടവൻ ആ മാലിന്യത്തിൽ മുങ്ങിമരിച്ചത് കേരള ജനതയെ മുഴുവൻ ഞെട്ടിച്ച സംഭവമാണ്. ശരിക്കും ഇതിന് ഉത്തരവാദികൾ ആരാണ്. വളരെ ശുദ്ധിയും വെടിപ്പും വിദ്യാഭ്യാസവുമുണ്ടെന്ന് (Educated) വിശ്വസിക്കുന്ന മലയാളികളായ (Malayalis) നമ്മൾ തന്നെയല്ലേ? മാലിന്യങ്ങളുടെ കാര്യത്തിൽ സർക്കാരിനെ മാത്രം കുറ്റം പറഞ്ഞാൽ പോരാ. ഒരു പരിധിവരെ പൊതുജനങ്ങളും അതിൽ പങ്കാളികളാണ്. അനാവശ്യമായി മാലിന്യം വലിച്ചെറിയുന്ന പരിപാടി പൊതുജനങ്ങൾ അവസാനിപ്പിക്കണം. എന്നാൽ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കു.
ഈ സന്ദേശം ഇവിടെ പ്രചരിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയെയായി. എന്നിട്ടും ഇവിടുത്തെ മാലിന്യങ്ങൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ജനസാന്ദ്രത (Population density) കൂടുതൽ ഉള്ളിടത്തു മാലിന്യങ്ങൾ കൂടും. അതിനനുസരിച്ചു നിർമാർജനം ചെയ്യാനുള്ള വഴികൾ കണ്ടെത്താൻ ഭരിക്കുന്ന സർക്കാരും (Government) ബാധ്യസ്ഥരാണ്. ഹൈജനിക് എന്നത് പ്രഥമ പരിഗണന നൽകി ഓരോ നഗരസഭകളും അതുപോലെ ഓരോ വിഭാഗങ്ങളും ഉറപ്പു വരുത്തേണ്ടത് അനിവാര്യം.
ഈ അവസരത്തിൽ ഈ വിഷയത്തിൽ നമ്മൾ തന്നെയാണ് ഉത്തരവാദികൾ എന്ന തലക്കെട്ടോടെ പൊതുപ്രവർത്തകനും പ്രമുഖ ആരോഗ്യ വിദഗ്ധനുമായ ഡോ. എസ് എസ് ലാൽ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്
'നമുക്കിടയിൽ ജീവിച്ച ഒരു മനുഷ്യൻ നമ്മളുണ്ടാക്കിയ മാലിന്യങ്ങൾ മാറ്റാനിറങ്ങി മുങ്ങിമരിച്ചതിൽ നമ്മൾ, തിരുവനന്തപുരത്തുകാർ, മുഴുവൻ പേരും ഉത്തരവാദികളാണ്. ഒരു നിമിഷം മൂക്കിൽ വെള്ളം കയറിയാലുള്ള പിടച്ചിൽ നമുക്കറിയാം. നമുക്കുവേണ്ടി തോട്ടിലിറങ്ങിയ ജോയ് എന്ന സഹോദരൻ്റെ മൂക്കിലും വായിലും ശ്വാസകോശത്തിലും ഉദരത്തിലും കയറിയത് മലിനജലമാണ്. കണ്ടാലറയ്ക്കുന്ന മാലിന്യങ്ങളിൽ നിന്ന് മാറിയാണ് നമ്മൾ നടക്കുന്നത്. മൂക്കും പൊത്തി. ആ മാലിന്യത്തിലാണ് ഒരു പാവം തൊഴിലാളി മുങ്ങിമരിച്ചത്. നമ്മൾ ഉപേക്ഷിച്ച ഖരമാലിന്യങ്ങൾ ഒരു മനുഷ്യനെ ശ്വാസംമുട്ടിച്ചു കൊന്നു.
പ്ലാസ്റ്റിക് സാധനങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്ന നമ്മൾ ഈ മരണത്തിന് ഉത്തരവാദികളാണ്. അതിൽ നിന്ന് നമുക്കാർക്കും ഒഴിയാൻ കഴിയില്ല. മന്ത്രിസഭയും മന്ത്രിമാരും മാറിവരും. കോർപ്പറേഷൻ കൗൺസിലും മേയറും മാറി വരും. അവരിൽ നിന്നൊക്കെ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നമുക്കറിയാവുന്നതാണ്. അതിനാൽ നമ്മൾ ജനങ്ങൾ തന്നെ ഇക്കാര്യം പരിഹരിക്കാൻ സംവിധാനങ്ങളുണ്ടാക്കണം. നമ്മളുണ്ടാക്കുന്ന മാലിന്യത്തിൻ്റെ ഉത്തരവാദിത്വം നമുക്കാണെന്ന ധാരണ നമുക്ക് വേണം. വിദേശ ടൂറിസ്റ്റുകൾ റോഡിൽ വലിച്ചെറിയുന്ന കടലാസ് കഷണങ്ങൾ പോലും പെറുക്കി ചവറ്റുകുപ്പയിൽ നിക്ഷേപിക്കുന്ന ചെറിയ കുട്ടികളെ യൂറോപ്പിൽ കണ്ടിട്ടുണ്ട്.
സ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്നതാണത്. മാലിന്യം എങ്ങനെ നിക്ഷേപിക്കണമെന്ന് സ്കൂളിൽ തന്നെ പഠിപ്പിക്കുകയും കാണിച്ചു കൊടുക്കുകയും ചെയ്യണം. മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ സർക്കാരിനും കോർപ്പറേഷനും ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ ജനങ്ങൾക്ക് അത് നിറവേറ്റാൻ കഴിയണം. അതിന് മാതൃകകൾ നാട്ടിലുണ്ട്. ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമുണ്ടാക്കാനുള്ള കോടതിയുടെ അന്ത്യശാസനം നടപ്പാക്കാൻ സർക്കാരിന് കഴിയാതെ വന്നപ്പോൾ ഐ.എം.എ ആണ് അതേറ്റെടുത്തത്.
സർക്കാരാശുപത്രികളിലെ മാലിന്യം കൂടി ഐ.എം.എയുടെ ഈ സ്വകാര്യ സംരംഭം ഏറ്റെടുത്തു. കേരളത്തിലെ ആയിരക്കണക്കിനുള്ള റെസിഡൻറ്സ് അസോസിയേഷനുകൾക്കും അവയുടെ കോർഡിനേഷൻ സമിതികൾക്കും ഇക്കാര്യം ആലോചിക്കാവുന്നതാണ്. മാലിന്യമുണ്ടാകാതിരിക്കാൻ പരമാവധി വ്യക്തിപരമായി ശ്രമിക്കുന്നതിനൊപ്പം ഉണ്ടാക്കിയ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വവും നമുക്ക് തന്നെയാണെന്ന ഓർമ്മ നമുക്ക് വേണം.
റെയിവേയും സംസ്ഥാന സർക്കാരും കോർപ്പറേഷനമൊക്കെ തർക്കം തുടർന്നുകൊണ്ടേയിരിക്കും. അതിൽ ആര് ജയിച്ചാലും നഗരവാസി തോൽക്കും. ഇനിയൊരാൾ മലിന ജലത്തിൽ മുങ്ങിമരിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമാണ്. അതിനാൽ നഗരവാസികൾ ഇക്കാര്യത്തിൽ ഇടപെടണം. ഒരു തുറന്ന ചർച്ചയിൽ നിന്ന് കാര്യങ്ങൾ ആരംഭിക്കണം. ഐ.എം.എ പോലുള്ള സാമൂഹ്യ പ്രസ്ഥാനങ്ങൾ അതിന് മുൻകൈയെടുക്കണം'.
ആത്മപരിശോധന നടത്തണം
ഡോ.എസ് എസ് ലാൽ ശരിക്കും ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ സത്യമല്ലേയെന്ന് ഓരോരുത്തരും ആത്മപരിശോധന ചെയ്യേണ്ടതുണ്ട്. കേരളമൊഴികെ എല്ലായിടത്തും നഗരസഭ വണ്ടി ദിവസവും രാവിലെ എല്ലാ വീടുകളുടെയും മുൻപിൽ എത്തും. നമ്മുടെ വീട്ടുമാലിന്യം തരംതിരിച്ച് അവരുടെ വണ്ടിയിൽ നിക്ഷേപിക്കണം. മാത്രമല്ല റോഡിലെ ചപ്പുചവറുകൾ അവർ തൂത്തുവാരി വണ്ടിയിലാക്കി കൊണ്ടുപോകും. കേരളത്തിൽ മാത്രം ഇത് സർക്കാരിന്റെ ജോലിയല്ലത്രേ. ലോകത്താകമാനം ഇത് ദിവസവും സൗജന്യമായി ചെയ്യുന്നത് നഗരസഭയും പഞ്ചായത്തുമാണ്. ഇതും നമ്മുടെ ഭരണകൂടങ്ങൾ മനസിലാക്കുക.
നോട്ടീസ് നൽകി കയ്യും കെട്ടിനിന്നിട്ട് ഉത്തരവാദിത്ത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആർക്കും ആവില്ല. കേരളത്തിൽ മാലിന്യ സംസ്‌കരണം കൃത്യമായി നടക്കുന്നില്ല എന്നത് എല്ലാവർക്കും അറിയാം. വർഷം വർഷം പകർച്ചവൃാധിയിലൂടെയുളള മരണം പോരാതെയാണ് ഇപ്പോൾ ജോയിയുടെ ദാരുണമായ മരണവും. ജനങ്ങളെകൊണ്ട് കൊള്ളനികുതി പിരിച്ചാൽ മാത്രം പോര, ഒപ്പം പരിസരം ശുചീകരിക്കാൻ ജനങ്ങളും ബാധ്യസ്ഥരാണെന്ന സത്യവും മറക്കരുത്.