● ഈ അവധി എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.
● പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ: (KVARTHA) മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 26 ന് ആലപ്പുഴ ജില്ലയിൽ പൊതു അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ അവധി ബാധകമാകും.
ഈ അവധി ദിവസം പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാർത്ഥികൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ആയില്യം മഹോത്സവം
മണ്ണാറശാല ആയില്യം മഹോത്സവം കേരളത്തിലെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഈ മഹോത്സവത്തിൽ ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കാറുണ്ട്. 1993 ഒക്ടോബർ 24 മുതൽ മൂന്ന് പതിറ്റാണ്ടുകളായി ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല ദിവ്യശ്രീ ഉമാദേവി അന്തർജനം 2023 ഓഗസ്റ്റ് ഒൻപതിന് സമാധിയായതിനെ തുടർന്ന് മണ്ണാറശാല ഇല്ലത്തെ ഏറ്റവും മുതിർന്ന അന്തർജനമായ ദിവ്യശ്രീ സാവിത്രി അന്തർജനം മണ്ണാറശാല അമ്മയായി അഭിഷിക്തയായി.
ഉമാദേവി അന്തർജനത്തിന്‍റെ സമാധി വർഷമായതിനാൽ കലാ-സാംസ്കാരിക പരിപാടികൾ ഒഴിവാക്കി ഭക്തിപ്രദവും അദ്ധ്യാത്മികവുമായ പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ ആയില്യ മഹോത്സവം നടക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ഈ വർഷം ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്ക്കു സമീപം അമ്മ നടത്തുന്ന വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
#AyilyamFestival #Alappuzha #PublicHoliday #CulturalHeritage #KeralaFestivals #ManarsalaTemple