ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനവും മതസൗഹാര്‍ദ്ദവും: ഉമ്മന്‍ ചാണ്ടി

 


ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനവും മതസൗഹാര്‍ദ്ദവും: ഉമ്മന്‍ ചാണ്ടി
ഹൊസങ്കടി(കാസര്‍കോട്): സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതു സമാധാനവും മതസൗഹാര്‍ദവുമാണെന്നും ഇവിടെ കൊലപാതക രാഷ്ട്രീയത്തിനു വിരാമം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കാസര്‍കോട് ഹൊസങ്കടിയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന സ്‌നേഹസന്ദേശ പദയാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിന് അപമാനമാണ്. ആശയപരമായ വ്യത്യാസങ്ങള്‍ക്കു ആശയപരമായ മാര്‍ഗത്തിലൂടെയാണു പ്രതികരിക്കേണ്ടത്. ആശയ സംഘട്ടനവുമാകാം. എന്നാല്‍ ആയുധമെടുത്തു പോരാടുന്നതു ശരിയോ മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സത്യസന്ധവും നീതിപൂര്‍വകവുമായ അന്വേഷണമാണു നടത്തുന്നത്. നിയമം നിയമത്തിന്റെ വഴിക്കു പോകും. കൊല നടത്തിയവരും കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ടി.പി.ചന്ദ്രശേഖരന്‍ ഏറ്റവും ഉയര്‍ന്ന മാനദണ്ഡവും ആശയപരമായ വ്യത്യസ്തതയും പുലര്‍ത്തിയ നേതാവായിരുന്നു. യുഡിഎഫ് എന്നും ജനവികാരത്തിനൊപ്പമായിരിക്കും. ഇതു സംസ്ഥാനത്തെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കണം. ഇനിയുമുണ്ടാകാന്‍ ജനങ്ങള്‍ സമ്മതിച്ചുകൂട. കണ്ണൂരിലെ ഷുക്കൂറിന്റെ കൊലപാതകം ആരും മറന്നിട്ടില്ല. എന്നാല്‍ ഇതു കൊലയായിരുന്നില്ലെന്നും അതു സിപിഎം നടപ്പാക്കിയ വധശിക്ഷയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചിലരുടെ സങ്കുചിത താത്പര്യങ്ങള്‍ മതവികാരം തകര്‍ക്കുന്ന പ്രവണതയുണ്ടാകരുത്. ഇതിനെതിരെ ഗാന്ധിയന്‍ ആദര്‍ശങ്ങളുള്‍ക്കൊണ്ടാണു  കാസര്‍കോട് ജില്ലയില്‍ രമേശ് ചെന്നിത്തല സ്‌നേഹസന്ദേശ പദയാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. നെയ്യാറ്റിന്‍കര ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. പക്ഷേ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു ശാന്തിയാത്ര നടത്തുമ്പോള്‍ പാര്‍ട്ടി മതസൗഹാര്‍ദത്തിനു കൊടുക്കുന്ന താത്പര്യം എത്രയെന്നു എല്ലാവര്‍ക്കും മനസിലാകുമെന്നും മതസൗഹാര്‍ദത്തിനു ഒരു പോറലു പോലും ഏല്‍ക്കാതെ നോക്കേണ്ടതു ഓരോ ഭാരതീയന്റെയും കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ആത്മവിശ്വാസവും മതസൗഹാര്‍ദവും തകര്‍ക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നാട്ടില്‍ തലപൊക്കുന്നതു വേദനാജനകമാണ്. ഇതു അടുത്ത തലമുറയോടു ചെയ്യുന്ന വലിയ പാതകമാണെന്നും ഇത്തരക്കാര്‍ ആരായാലും അവരെ ജനം ഒറ്റപ്പെടുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനവും മതസൗഹാര്‍ദ്ദവും: ഉമ്മന്‍ ചാണ്ടി

നമ്മുടെ നാട്ടില്‍ ഗാന്ധിജിയുടെ സന്ദേശമാണുയരേണ്ടതെന്നു മറുപടി പ്രസംഗം നടത്തിയ രമേശ് ചെന്നിത്തല പറഞ്ഞു. കേരള സംസ്‌കാരത്തെ എന്നും ഉയര്‍ത്തിപ്പിടിച്ച ഭാഷാസംഗമഭൂമിയാണ് കാസര്‍കോട്. താന്‍ നടത്തുന്ന യാത്രയ്ക്കു രാഷ്ട്രീയമില്ലെന്നും മറ്റു രാഷ്ടീയ പാര്‍ട്ടികളും ഇത്തരം യാത്രകള്‍ നടത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടുണ്ടാകുന്ന തെറ്റായ പ്രവണതകളെ മുളയിലെ നുള്ളണം. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനു സ്‌കൂളുകളില്‍ ശക്തമായ ബോധവത്കരണ കാമ്പയിന്‍ നടത്തണമെന്ന കാസര്‍കോട് എസ്പി എസ്.സുരേന്ദ്രന്റെ നിര്‍ദേശം ചെന്നിത്തല മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

മതേതരത്വത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ആരുടെയും ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹവും സര്‍ക്കാരും തയാറാകണം. കേരള ജനത ഒരിക്കലും പൊറുക്കാത്ത കുറ്റമാണു ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകമെന്നും കൊലപാതകികളെ നിലയ്ക്കു നിര്‍ത്തേണ്ടേണ്ട സമയം അതിക്രമിച്ചെന്നും ഇതിനെതിരെ 14 ന് വടകരയില്‍ ഏകദിന ഉപവാസം നടത്താന്‍ തീരുമാനിച്ചതായും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ശാന്തിസന്ദേശ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റ് കെ.വെളുത്തമ്പു അധ്യക്ഷത വഹിച്ചു. 14 ന് തൃക്കരിപ്പൂരില്‍ യാത്ര സമാപിക്കും.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനവും മതസൗഹാര്‍ദ്ദവും: ഉമ്മന്‍ ചാണ്ടി


Keywords: Kerala, Kasaragod, Oommen Chandy, Ramesh Chennithala, KPCC, Hosangadi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia