'രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴി തിരൂരില്‍ ഓടോഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ ക്രൂരമര്‍ദനം'; അക്രമത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യുവാവ് ആശുപത്രിയില്‍
Mar 28, 2022, 17:20 IST
മലപ്പുറം: (www.kvartha.com 28.03.2022) രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴി തിരൂരില്‍ ഓടോഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ ക്രൂരമര്‍ദനമെന്ന് പരാതി. അക്രമത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യുവാവ് ആശുപത്രിയില്‍. ട്രേഡ് യൂനിയനുകളുടെ 48 മണിക്കൂര്‍ ദേശീയപണിമുടക്കിനിടെയാണ് സംഭവം.
തിരൂര്‍ സ്വദേശി യാസറിനെയാണ് സമരാനുകൂലികള്‍ മര്‍ദിച്ചതെന്നാണ് പരാതി. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലെത്തിയ തന്നെ ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറയുന്നു.
പതിനഞ്ച് മിനുടോളം റോഡിലിട്ട് മര്‍ദിച്ചെന്നും, എസ് ടി യു, സി ഐ ടി യു പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് ആക്രമണമെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ പൊതുജനങ്ങളെ വലച്ച് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുകയാണ്. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനില്‍ക്കെ സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു തിരിച്ചയച്ചു. കോഴിക്കോട് മാവൂര്‍ റോഡില്‍ ഓടോ അടിച്ചുതകര്‍ത്തു. കാട്ടാക്കടയില്‍ സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതേസമയം ജനങ്ങളെ സമരക്കാര്‍ തടഞ്ഞത് ശ്രദ്ധയില്‍പെട്ടില്ലെന്നായിരുന്നു തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
തിരുവനന്തപുരം പേട്ടയില്‍ കോടതിയിലേക്ക് പോയ മജിസ്‌ട്രേറ്റിന്റെ വാഹനം സമരാനുകൂലികള്‍ തടഞ്ഞു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജിയുടെ വാഹനം പൊലീസ് വഴിതിരിച്ചുവിട്ടു. ഇതേ തുടര്‍ന്ന് വൈകിയാണ് മജിസ്‌ട്രേറ്റിന് കോടതിയിലെത്താനായത്. സംഭവത്തില്‍ പേട്ട സിഐയെ നേരിട്ടുവിളിപ്പിച്ച് മജിസ്‌ട്രേറ്റ് വിശദീകരണം തേടി.
തിരുവനന്തപുരം പ്രാവചമ്പലത്ത് മണിക്കൂറുകളോളമാണ് സമരക്കാര്‍ വാഹനങ്ങള്‍ മുഴുവന്‍ തടഞ്ഞ് തിരിച്ചയച്ചത്. വഴിതടഞ്ഞുള്ള സമരം തിരുവനന്തപുരത്ത് മാത്രമായിരുന്നില്ല, കോഴിക്കോട് മാവൂര്‍ റോഡിലും പുതിയ ബസ് സ്റ്റാന്‍ഡിലും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന ഗോവിന്ദപുരം സ്വദേശിയായ ഓടോ ഡ്രൈവര്‍ ഷിബിജിത്തിന്റെ ഓടോയുടെ മുന്‍വശത്ത് ചില്ല് സമര അനുകൂലികള്‍ അടിച്ചു പൊളിച്ചു.
കോഴിക്കോട് വോളിബോള്‍ മത്സരത്തിനെത്തിയ റഫറിയെ സമരക്കാര്‍ വഴിയില്‍ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം കാട്ടാക്കടയില്‍ സമരക്കാര്‍ റോഡില്‍ കസേരകള്‍ നിരത്തി വഴിതടഞ്ഞത് സംഘര്‍ഷത്തിലേക്കെത്തി. ബിജെപി പ്രവര്‍ത്തകരും സമരക്കാരും തമ്മിലാണ് കയ്യാങ്കളിയിലേക്കെത്തിയത്.
എറണാകുളം കാലടിയില്‍ സമരക്കാര്‍ സ്ഥാപനം അടപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന വ്യാപാരസ്ഥാപനത്തിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായി. മഞ്ചേരിയില്‍ സമരാനുകൂലകള്‍ വാഹനങ്ങള്‍ തടഞ്ഞു. കാഞ്ഞങ്ങാട് സമരാനുകൂലികള്‍ 13 ട്രകുകള്‍ തടഞ്ഞിട്ടു. കണ്ണൂര്‍ പഴയങ്ങാടിയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് മുക്കത്ത് പൊലീസ് സംരക്ഷണത്തോടെ തുറന്ന പെട്രോള്‍ പമ്പ് സമരക്കാര്‍ അടപ്പിച്ചു.
Keywords: Protesters attacked auto rickshaw driver in Thiroor, Malappuram, News, Protesters, Attack, Hospital, Treatment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.