ഡല്‍ഹി സംഭവത്തില്‍ കടുത്ത രോഷം; ഭരണകൂടം തന്നെ രാജ്യത്തെ കളങ്കപ്പെടുത്തിയെന്ന് ഭരണഘടനാ സംരക്ഷണ സമിതി

 


കണ്ണൂര്‍: (www.kvartha.com 27.02.2020) പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ ഡല്‍ഹിയില്‍ കൂട്ടക്കുരുതി നടത്തിയ സംഘ്പരിവാര്‍ ഭീകരതക്കെതിരെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വ്യാഴാഴ്ച നടന്ന ശാഹിന്‍ബാഗ് സമരം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 'ഡല്‍ഹി നമ്മോട് പറയുന്നത്' എന്ന തലക്കെട്ടില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിവിധ സംഘടനാ നേതാക്കളെ ഒരുമിച്ചിരുത്തി ശാഹിന്‍ബാഗില്‍ നടത്തിയ പ്രതികരണ സായാഹ്നത്തില്‍ പങ്കെടുത്ത എല്ലാവരും ഡല്‍ഹി സംഭവത്തെ അപലപിച്ചു. രാജ്യം ഭരിക്കുന്നവര്‍ തന്നെ നാടിനെ കളങ്കപ്പെടുത്തിയിരിക്കയാണെന്ന് ഭരണഘടനാ സംരക്ഷണ സമിതി അംഗസംഘടനാ പ്രതിനിധികള്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

ഡല്‍ഹി സംഭവത്തില്‍ കടുത്ത രോഷം; ഭരണകൂടം തന്നെ രാജ്യത്തെ കളങ്കപ്പെടുത്തിയെന്ന് ഭരണഘടനാ സംരക്ഷണ സമിതി

സമരാവിഷ്‌കാരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാട് ഭരിക്കുന്നവര്‍ തന്നെ രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഗുജറാത്തില്‍ ഹീനമായ കലാപം നടത്തിയത് മോദിയുടെ ഭരണത്തിലാണ്. അവര്‍ പഠിച്ചത് മറക്കില്ല എന്നതാണ് മോദി പ്രധാനമന്ത്രിയായപ്പോള്‍ ഡല്‍ഹിയിലിപ്പോള്‍ നടക്കുന്ന നരഹത്യ നല്‍ക്കുന്ന പാഠം. ജുഡീഷ്യറിയെ പോലും രാഷ്ട്രീയമായി കളങ്കപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്യ സമര ചരിത്രം ജനങ്ങളുടെ ചരിത്രമാണ്. ഓരോ സമുദായത്തിന്റെയും പൂര്‍വ്വികരാണ് സ്വാതന്ത്ര്യം നേടി തന്നത്. അത് കൊണ്ട് തന്നെ ഈ മണ്ണ് എല്ലാവരുടേതുമാണ്. നാട്ടിലെ ജന്‍മാവകാശികളായ സ്വന്തം പൗരന്‍മാരെ കൊന്നൊടുക്കുന്ന ഹീനകൃത്യത്തിനാണ് ഭരണകൂടം അവസരമുണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് നാസര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. സി പി സലീം പാനല്‍ ചര്‍ച്ച നയിച്ചു. സമരവീഡിയോ പ്രകാശനം കെ സുരേന്ദ്രന്‍ സമരസമിതി കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീമിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. റിജില്‍ മാക്കുറ്റി (കോണ്‍), സി പി റഷീദ് (യൂത്ത് ലീഗ്), ബഷീര്‍ അസ്അദി നമ്പ്രം (എസ് കെ എസ് എസ് എഫ്), ഖാലിദ് ഫാറൂഖി (കെ.എന്‍.എം.), ജമാല്‍ കടന്നപ്പള്ളി (ജമാഅത്തെ ഇസ്ലാമി), ഇസ്മാഈല്‍ കരിയാട് (മര്‍ക്കസ്സുദ്ദഅവ), നാസ്സര്‍ സ്വലാഹി (വിസ്ഡം) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷമീര്‍ തലശ്ശേരി സ്വാഗതം പറഞ്ഞു.

വിദ്യാര്‍ത്ഥികളും ശഹീന്‍ ബാഗിലേക്ക്

കണ്ണൂര്‍: ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച അനിശ്ചിതകാല ശാഹിന്‍ബാഗ് ഐക്യദാഡ്യ സമരത്തില്‍ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഡ്യത്തിനെത്തും. കണ്ണൂര്‍ ശാഹീന്‍ ബാഗ് സ്‌ക്വയറിന്റെ പതിനാലാം ദിവസമായ വെള്ളിയാഴ്ച കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരാവിഷ്‌കാരം നടത്തും. ഭരണഘടനാ സംരക്ഷണ സമിതിയിലെ അംഗ സംഘടനകളുടെ മുഴുവന്‍ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാവണമെന്ന് കണ്‍വീനര്‍ അബ്ദുല്‍ കരീം ചേലേരി അഭ്യര്‍ഥിച്ചു.

Keywords:  Kannur, Kerala, News, New Delhi, Clash, Protest, Protest against Delhi clash 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia