കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

 


തിരുവനന്തപുരം: (www.kvartha.com 17.08.2021) 2021 ലെ കേരള ശാസ്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്‍ഡ്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എംഎസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രൊഫ. താണു പത്മനാഭനുമാണ് പുരസ്‌കാര ജേതാക്കള്‍. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്‌കാരം.

കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായാണ് പുരസ്‌കാരം നല്‍കുന്നത്. പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ആവിഷ്‌ക്കരിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്‌കാരം.

കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പ്രൊഫ. എംഎസ് സ്വാമിനാഥനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാര അര്‍ഹനാക്കിയത്.

1925 ല്‍ ജനിച്ച പ്രൊഫ. എംഎസ് സ്വാമിനാഥന്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂര്‍ കാര്‍ഷിക കോളജ്, ഇന്‍ഡ്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി. 1952 ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കി.

ഇന്‍ഡ്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുത്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ ദേശീയതലത്തില്‍ പ്രശസ്തനാക്കിയത്. കാര്‍ഷികമേഖലയില്‍ അദ്ദേഹം നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍ അദ്ദേഹത്തെ ഇന്‍ഡ്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാന്‍ ഇടയാക്കി.

പ്രൊഫ. താണു പത്മനാഭന്‍ 1957 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും സ്വര്‍ണമെഡലോടെ ബി എസ് സി, എം എസ് സി ബിരുദങ്ങള്‍ നേടി. മുംബൈയിലെ ഡി ഐ എഫ് ആറില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം, ക്വാന്‍ഡം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങള്‍.

പൂനയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോ ഫിസിക്‌സിലെ അകാദമി വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ അവിടെ തന്നെ ഡിസ്റ്റിംഗ് ഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു.

Keywords:  Prof MS Swaminathan and Prof Thanu Padmanabhan won Kerala science award, Thiruvananthapuram, News, Award, Winner, University, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia