Election | 'വയനാടിന്റെ പ്രിയങ്കരി'; പോസ്റ്റര്‍ പതിച്ചു; പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം തുടങ്ങി നേതാക്കള്‍; ലക്ഷ്യം 5 ലക്ഷം ഭൂരിപക്ഷത്തോടെ ജയിക്കുക എന്നത്


● സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും നേരിട്ടെത്തി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു
● എംപി, എംഎല്‍എമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നു
● രാഹുലിനേക്കാന്‍ വോട്ട് കിട്ടാനാണ് പ്രയത്‌നിക്കുന്നത്
● ദേശീയ നേതാക്കളും ഉടന്‍ എത്തിയേക്കും
കല്‍പറ്റ: (KVARTHA) വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയപ്പോഴുള്ളതിനേക്കാള്‍ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. ഈ മാസം തന്നെ പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങുമെന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
നവംബര്‍ 13 ന് ആണ് തിരഞ്ഞെടുപ്പ് പ്രക്യാപിച്ചിരിക്കുന്നത്. വയനാട് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണത്തിനായിരിക്കും കോണ്‍ഗ്രസ് നേതൃത്വം സാക്ഷ്യം വഹിക്കുകയെന്ന് ജില്ലയിലെ നേതാക്കള്‍ അറിയിച്ചു. പ്രിയങ്കയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളും പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച രാത്രി തന്നെ മണ്ഡലത്തിന്റെ പല ഭാഗത്തും 'വയനാടിന്റെ പ്രിയങ്കരി' എന്ന പേരിലുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. മുക്കം, കാരശ്ശേരി ഭാഗങ്ങളിലാണ് ആദ്യം പോസ്റ്ററുകള്‍ പതിപ്പിച്ചത്.
കെസി വേണുഗോപാല്‍ നേരിട്ടാണ് വയനാട്ടിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനകം തന്നെ പല തവണ അദ്ദേഹം മണ്ഡലത്തിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കന്‍മാരെയാണ് ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരും നേരിട്ടെത്തി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
ഓരോ നിയോജക മണ്ഡലത്തിലും എംപി, എംഎല്‍എമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം നേടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വളരെ സമ്മര്‍ദമുണ്ടായിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ പ്രിയങ്ക തയാറായില്ല. സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍.
രാഹുല്‍ ഗാന്ധിക്ക് വയനാട് നിലനിര്‍ത്താന്‍ യാതൊരു നിര്‍വാഹവുമില്ലാതെ വന്നതോടെയാണ് അദ്ദേഹം രാജിവച്ചത്. വയനാട്ടുകാര്‍ കുടുംബം ആണെന്നും വയനാട്ടുകാരെ വിട്ടുപോകില്ലെന്നുമായിരുന്നു രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നല്‍കിയ ഉറപ്പ്. ഒടുവില്‍ വയനാട് വിടേണ്ടി വന്നതോടെ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ രാഹുല്‍ മുന്‍കൈ എടുക്കുകയായിരുന്നു. ഇതോടെ ചേട്ടന്റെ തീരുമാനത്തിന് പിന്നില്‍ പ്രിയങ്കയ്ക്ക് സമ്മതം മൂളുകയല്ലാതെ മറ്റ് നിവര്‍ത്തി ഇല്ലായിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്ന പ്രിയങ്കയെ, രാഹുലിനു ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുക എന്നത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമായാണ് പാര്‍ട്ടി കാണുന്നത്. ഈ ലക്ഷ്യം നിറവേറ്റാനായി സര്‍വ സന്നാഹത്തോടെ മണ്ഡലത്തില്‍ ഇറങ്ങാനാണ് നേതൃത്വം പ്രവര്‍ത്തകര്‍ക്കു നല്‍കിയ നിര്‍ദേശം. പല നിയോജക മണ്ഡലങ്ങളിലും നടക്കുന്ന യോഗങ്ങളിലും കെസി വേണുഗോപാല്‍ നേരിട്ടു പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
വളരെ തിരക്കുപിടിച്ച സമയമായിരുന്നിട്ടുപോലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ ദേശീയ നേതാക്കന്‍മാരെല്ലാം രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട്ടില്‍ എത്തി പ്രചാരണം നടത്തിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരെല്ലാം ദിവസങ്ങളോളം ക്യാംപ് ചെയ്ത് കുടുംബ സംഗമങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്താണ് പ്രചാരണം നടത്തിയത്.
പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോള്‍ ദേശീയ നേതാക്കന്‍മാരുടെ കുത്തൊഴുക്കായിരിക്കും വയനാട്ടിലേക്ക് എന്നാണ് അണികളില്‍ നിന്നും ലഭിക്കുന്ന വിവരം. സോണിയ ഗാന്ധിയും പ്രചാരണത്തിന് എത്തിയേക്കുമെന്നാണു അറിയുന്നത്. അടുത്ത മാസം ആദ്യം മുതലായിരിക്കും ദേശീയ നേതാക്കന്‍മാര്‍ വയനാട്ടിലേക്കെത്തുന്നത്. മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാണ്. പ്രിയങ്ക ഗാന്ധിക്ക് സ്ത്രീകളുടെ വോട്ട് സമാഹരിക്കാനായാല്‍ അഞ്ച് ലക്ഷം ഭൂരിപക്ഷം എന്ന ലക്ഷ്യം കടക്കാനാകുമെന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്.
#PriyankaGandhi #WayanadElection #Congress #KCvenugopal #5LakhMajority #Election2024