Criticism | ജനാധിപത്യ രാജ്യത്തില്‍ അധികാരം ജനങ്ങള്‍ക്കാണെന്ന് ബിജെപിയെ ബോധ്യപ്പെടുത്തണം; ലോകം മുഴുവനും എന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോള്‍ കൂടെ നിന്നത് വയനാട്ടിലെ ജനം മാത്രമെന്ന് പ്രിയങ്ക ഗാന്ധി

 
Priyanka Gandhi Criticizes BJP's Actions on Democracy and Governance
Priyanka Gandhi Criticizes BJP's Actions on Democracy and Governance

Photo Credit: Facebook / T Siddique

● ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്രം സഹായം നല്‍കാത്തതില്‍ വിമര്‍ശനം
● രാഹുല്‍ ഗാന്ധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല
● അധികാരത്തിനു വേണ്ടി ജനങ്ങളെ വിഭജിക്കുന്നു
● മണപ്പുരില്‍ അതാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടല്‍

ഈങ്ങാപ്പുഴ: (KVARTHA) ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണമെന്ന് വയനാട്ടിലെ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക് സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ 10 വര്‍ഷമായി ഭരണകൂടം രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുന്നില്ലെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്രം ഒരു സഹായവും നല്‍കാത്തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലോ അഞ്ചോ ബിസിനസുകാരായ സുഹൃത്തുക്കള്‍ക്കു വേണ്ടിയാണു നയങ്ങള്‍ രൂപീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. അധികാരത്തിനു വേണ്ടി ജനങ്ങളെ വിഭജിക്കുന്നു. മണപ്പുരില്‍ അതാണ് ചെയ്യുന്നതെന്നും  പ്രിയങ്ക ഗാന്ധി ആരോപിച്ചു. 

വയനാടിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചില്ല. മനുഷ്യ - വന്യജീവി സംഘര്‍ഷം വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. മെഡിക്കല്‍ കോളജ് എന്ന് ബോര്‍ഡ് മാത്രമാണുള്ളത്  എന്നും  പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രിയങ്കയുടെ വാക്കുകള്‍:

ലോകം മുഴുവനും എന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോള്‍ വയനാട്ടിലെ ജനം മാത്രമാണ് കൂടെ നിന്നത്. എല്ലാ പിന്തുണയും നല്‍കി നിങ്ങള്‍ കൂടെ നിന്നു. അദ്ദേഹം സത്യത്തിനു വേണ്ടി പോരാടുന്നുവെന്നു ലോകം തിരിച്ചറിയുന്നതിനു മുമ്പേ വയനാട്ടിലെ ജനം തിരിച്ചറിഞ്ഞു. രാഹുല്‍ ഗാന്ധി വലിയ വേദനയോടെയാണ് വയനാട് വിടാന്‍ തീരുമാനിച്ചത്. 

ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയതിന്റെ വലിയ ചരിത്രം വയനാടിനുണ്ട്. നിങ്ങളുടെ പിന്തുണ ഇല്ലാതെ എനിക്ക് ഈ വേദിയില്‍ നില്‍ക്കാന്‍ സാധിക്കില്ല. സാഹോദര്യത്തോടെ ജീവിക്കണമെന്നാണ് ശ്രീ നാരായണ ഗുരു ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. സത്യം, സ്‌നേഹം, തുല്യത, സമത്വം എന്നിവയിലൂടെയാണു രാജ്യം നിലനില്‍ക്കുന്നത്. 

വയനാട്ടുകാര്‍ ജീവിക്കുന്നതും ഈ മൂല്യം മുന്‍നിര്‍ത്തിയാണ്. വയനാട്ടുകാരുടെ സ്‌നേഹം പരിപാവനമായി കാണുന്നു. ഞാന്‍ ഒരിക്കലും വയനാട്ടുകാരെ നിരാശപ്പെടുത്തില്ല- എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എംകെ രാഘവന്‍ എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.

#PriyankaGandhi #Wayanad #BJP #Democracy #Kerala #IndiaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia