Priya Varghese | 'ഇപ്പോള്‍ നടക്കുന്നത് ഒരു കഷ്ണം അപ്പക്കഷ്ണത്തിനുള്ള പോര്': വീണ്ടും ഫേസ്ബുക് പോസ്റ്റുമായി പ്രിയാ വര്‍ഗീസ്
Nov 18, 2022, 13:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയും സംസ്ഥാന കമിറ്റിയംഗവുമായ കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ്. ഇപ്പോള്‍ നടക്കുന്നത് ഒരു അപ്പക്കഷ്ണത്തിനുവേണ്ടിയുള്ള പോരാണെന്നും പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ മാത്രം ഇതില്‍ ഒന്നുമില്ലെന്നും അവര്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിക്കുന്നു.
നിയമനമോ നിയമന ഉത്തരവോ നടക്കാത്ത ലിസ്റ്റിനെ ചൊല്ലിയാണ് തര്‍ക്കം. ജോസഫ് സ്‌കറിയയും പ്രിയ വര്‍ഗീസും തമ്മിലുള്ള പോര് മാത്രമാണിത്. സര്‍കാര്‍ ഗവര്‍ണര്‍ പോര്, പാര്‍ടി പോര് എന്ന് ഇതിനെ വിശേഷിപ്പിക്കേണ്ടതില്ല. കെ കെ രാഗേഷിനെ പാര്‍ടി പുറത്താക്കിയാല്‍ ഈ വിവാദം അവസാനിക്കും. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചാലും തീരാവുന്ന വിവാദമാണ് ഇതെന്നും പ്രിയ ഫേസ്ബുക് പോസ്റ്റില്‍ അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈകോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുഴി വെട്ടാന്‍ പോയത് അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ എന്‍ എസ് എസിനായി കുഴി വെട്ടുന്നതിലും കക്കൂസ് വെട്ടുന്നതിലും സന്തോഷമാണെന്ന് പ്രതികരിച്ചത് വിവാദമായിരുന്നു. പിന്നീടത് രണ്ടു മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചിരുന്നു.
പ്രിയാ വര്‍ഗിസിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ:
യഥാര്‍ത്ഥത്തില്‍ ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മില്‍ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പാര്‍ട്ടി പോര് Vs തലമുറകള്‍ക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്. എന്റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ. കെ. രാഗേഷും തമ്മില്‍ ഉള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ് ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കില്‍ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്.
ഇനി അതല്ല കെ. കെ. രാഗേഷ് എന്ന പാര്‍ട്ടി അംഗത്തെ പാര്‍ട്ടി അങ്ങ് പുറത്താക്കി എന്ന് വെക്കുക. അപ്പോഴും സ്റ്റോറിലൈന്‍ പൊട്ടും. പാലോറ മാത മുതല്‍ പുഷ്പന്‍ വരെയുള്ള ഈ പ്രസ്ഥാനത്തില്‍ കെ. കെ. രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാന്‍ നിങ്ങള്‍ പഠിച്ച സ്‌കൂളുകളില്‍ ഒന്നും വാങ്ങാന്‍ കിട്ടുന്ന കണ്ണട വെച്ചാല്‍ പറ്റില്ല എന്നറിയാം. എങ്കിലും യഥാര്‍ത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം.
2021നവംബര്‍ 18ന് നടന്ന ഒരു ഇന്റര്‍വ്യൂവിന്റെ -യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂവിന്റെ അല്ല ചുരുക്കപ്പട്ടികയുടെ -റാങ്ക് ലിസ്റ്റ്‌നെ ചൊല്ലിയാണല്ലോ തര്‍ക്കം.(നിയമനവും നിയമന ഉത്തരവ് പോലും സംഭവിച്ചിട്ടില്ല -മാധ്യമ ഭാഷ കണ്ടു തെറ്റിദ്ധരിച്ചു പോകരുത് )
ഇതിലിപ്പോ പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ മാത്രം ഒന്നുമില്ല. പൊന്നു തമ്പുരാന്റെ ചക്രമല്ല കേരള സര്‍ക്കാരിന്റെ ശമ്പളം മാസാമാസം വാങ്ങുന്ന ഒരാളാണ് നിലവില്‍ തന്നെ ആയാള്‍.2012ല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കും.
പിന്നെ ഈ കളിയില്‍ പന്തുരുട്ടാന്‍ എനിക്കുണ്ടായിരുന്ന ഒരു കൗതുകം ഈ തള്ളിമറിക്കുന്നവരെ മാന്താന്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്. റിട്ടയര്‍ ചെയ്യാന്‍ കാലും നീട്ടി ഇരിക്കുമ്പോഴും അസോസിയേറ്റ് പ്രൊഫസര്‍ പോലും ആകാത്ത ഒരാള്‍ ചാനലില്‍ വന്നിരുന്നു എന്റെ ചരിത്രപ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാര്‍ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല എന്നൊക്കെ ഗീര്‍വാണമടിക്കുന്നത് കേട്ടപ്പോള്‍. ആഹാ കൊള്ളാല്ലോ എന്ന് തോന്നിയ ഒരു തോന്നല്‍. ഞാന്‍ പഠിപ്പിച്ച കുട്ടികളോ അവരുടെ പ്രായത്തിലുള്ള കുട്ടികളോ പങ്കെടുക്കുന്ന ഒരു മത്സരത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും പങ്കെടുക്കുകപോലും ചെയ്യില്ല എന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ള ഒരാള്‍ എന്ന നിലക്ക് അത്തരം ധാര്‍മിക പ്രശ്‌നങ്ങളൊന്നും ഈ പോരാട്ടത്തിന് തടസ്സവുമായില്ല. മാത്രമല്ല ആ റാങ്ക് പട്ടികയില്‍ ഉള്ള ഏക സ്ത്രീ ഞാന്‍ ആയിരുന്നു. കണ്ണൂര് തന്നെ ഞാന്‍ ആരാധിക്കുന്ന സ്ത്രീകളായ നിരവധി മലയാളം അധ്യാപികമാര്‍ ഉണ്ട് ഡോ. ആര്‍. രാജശ്രീയെപ്പോലെ ഡോ. ജിസ ജോസിനെപ്പോലെ. അവരൊന്നും അപേക്ഷിക്കാത്തത്‌കൊണ്ടു കൂടിയാവണം എനിക്ക് ഈ ചുരുക്കപ്പട്ടികയില്‍ തന്നെ വരാനായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇതൊക്കെയാണ് പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്.
പക്ഷേ ബിരുദാനന്തര തലത്തില്‍ ബോധനശാസ്ത്രം(Pedagogy )പഠിച്ച ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍, ഇപ്പോഴും പഠിക്കാന്‍ താല്പര്യമുള്ള ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ചില സംശയങ്ങള്‍.
*എന്താണ് teaching എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്?
*നമ്മുടെ സര്‍വ്വകലാശാലകളില്‍ പലതിന്റെയും വാര്‍ഷിക ബഡ്ജറ്റിനെക്കാള്‍ കൂടുതല്‍ വിറ്റുവരവുള്ള ട്യൂഷന്‍ സ്ഥാപനങ്ങള്‍ ഉള്ള സ്ഥലമാണ് ഇന്ത്യാമഹാരാജ്യം. ഈ ട്യൂഷന്‍ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും തമ്മിലുള്ള അഞ്ചു വ്യത്യാസം പറയാന്‍ പറഞ്ഞാല്‍ ഇനി എന്തൊക്കെ പറയണം?
*കോളേജ് ടീച്ചര്‍മാരെ ഒരുകാലത്തും ഒരു വിദ്യാഭ്യാസകമ്മീഷനും ടീച്ചര്‍ എന്ന് വിളിച്ചിട്ടില്ല ലക്ച്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നൊക്കെയാണ് രേഖകളില്‍ പേര് സ്‌നേഹപൂര്‍വ്വം നമ്മള്‍ മാഷേ ടീച്ചറേ എന്നൊക്കെ വിളിക്കുന്നത് പോലെയല്ല അവരുടെ നില അതെന്തുകൊണ്ടാവും?
ഈ ചോദ്യങ്ങള്‍ ഒരു പ്രിയാ വര്‍ഗീസിന്റെയും കെ. കെ. രാഗേഷിന്റെയും പടിക്കുമുന്നില്‍ പാട് കിടന്നു തമസ്‌കരിക്കാനുള്ളതല്ല.
ദീര്‍ഘകാലം അധ്യാപകന്‍ കൂടിയായിരുന്ന ഡോ. എം. സത്യന്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയി ചുമതല ഏറ്റെടുത്ത് അധിക ദിവസമാകും മുന്‍പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിസരം കാടു പിടിച്ചു കിടക്കുന്നത് കണ്ട അദ്ദേഹം അതൊന്നു വെടിപ്പാക്കിയേ പറ്റൂ എന്ന് തീരുമാനിച്ചു. ഓണവും അടുത്ത് വരുന്ന ദിവസങ്ങളായിരുന്നു. മാഷപ്പൊ ഒരു നിര്‍ദ്ദേശം വെച്ചു ഓണാഘോഷപരിപാടിയുടെ ഭാഗമാക്കാം നമുക്ക് ഈ ശുചീകരണ പ്രവര്‍ത്തനം, പുസ്തകമിറക്കാന്‍ പോലും ഫണ്ട് തികയാത്ത ഇന്‍സ്റ്റിറ്റ്യൂട്ടിനു പണവും ലാഭം നമ്മള്‍ ജീവനക്കാര്‍ക്ക് ആനന്ദവും ലാഭം. മാഷുടെ ആ ഡീല്‍ ഞങ്ങള്‍ കൈമെയ് മറന്ന് അങ്ങ് ആഘോഷമാക്കി. എ. പി. ഐ സ്‌കോറില്‍ നിന്ന് അര ദിവസം ആവിയാക്കിയ ആ ദൃശ്യം ഇവിടെ പങ്ക് വെക്കുന്നു. സ്‌നേഹവും സഹതാപവും ഐക്യദാര്‍ഢ്യവും ഒക്കെ അറിയിച്ച എല്ലാവര്‍ക്കും ഉമ്മ.
Keywords: News,Kerala,State,Kannur,Facebook,Facebook Post,Politics,Trending,Top-Headlines, Priya Varghese Facebook Post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


