Heritage | ചിറക്കലിൻ്റെ പൈതൃകം സംരക്ഷിക്കും; കേന്ദ്ര സഹായം ഉറപ്പെന്ന് സുരേഷ് ഗോപി


● രാജകോവിലകത്തിനും തെയ്യസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ഉറപ്പാക്കും.
● കോവിലകവും ചിറയും സുരേഷ് ഗോപി സന്ദർശിച്ചു.
● ചിറക്കലിന്റെ ചരിത്ര-സാംസ്കാരിക പ്രാധാന്യം കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തും.
● പൂരുരുട്ടാതി തിരുന്നാൾ മഹാകളിയാട്ടത്തിന്റെ വിളംബരം നടത്തി.
● ചിറക്കൽ കോവിലകത്തിന്റെ പുനരുദ്ധാരണത്തിനും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കും.
കണ്ണൂർ: (KVARTHA) തെയ്യത്തിന് പീഠം നൽകിയ ചിറക്കൽ രാജകോവിലകവും, തെയ്യസ്ഥാനങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന ചിറക്കൽ സാംസ്കാരിക പൈതൃക ഗ്രാമം പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ചിറക്കൽ കോവിലകവും ചിറക്കൽ ചിറയും സന്ദർശിച്ച ശേഷം ചിറക്കൽ പൂരുരുട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയ രാജാവുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിറക്കലിന്റെ ചരിത്ര-സാംസ്കാരിക പ്രാധാന്യം കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയിൽ പെടുത്തി, വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിലകത്തെ തെയ്യസ്ഥാനമായ ചാമുണ്ഡി കോട്ടത്ത് മാർച്ച് 28 മുതൽ 31 വരെ നടക്കുന്ന മഹാകളിയാട്ടത്തിന്റെ വിളംബരം കേന്ദ്ര സഹമന്ത്രി നിർവഹിച്ചു. കളിയാട്ട ചടങ്ങുകളുടെ പത്രിക ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ കേന്ദ്രമന്ത്രിക്ക് കൈമാറി. മഹാകളിയാട്ടം കാണാൻ പരമാവധി എത്താൻ ശ്രമിക്കാമെന്നും കേന്ദ്ര സഹമന്ത്രി ഉറപ്പ് നൽകി. ബി.ജെ.പി. കണ്ണൂർ ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ് കുമാർ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, വലിയരാജാവിന്റെ സഹധർമ്മിണി വിജയലക്ഷ്മി തമ്പുരാട്ടി, ഡോ. സുമ സുരേഷ് വർമ്മ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
ചിറക്കലിന്റെ പൈതൃക സംരക്ഷണത്തിനും വികസനത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ചിറക്കലിന്റെ സാംസ്കാരിക തനിമയും ചരിത്രപരമായ പ്രാധാന്യവും നിലനിർത്തുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിറക്കൽ കോവിലകത്തിന്റെ പുനരുദ്ധാരണത്തിനും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Union Minister Suresh Gopi assured central assistance for the Chirakkal cultural heritage village project, emphasizing the historical and cultural significance of Chirakkal. He also inaugurated the Mahakaliattam festival at Chamundi Kottam and pledged to promote Chirakkal's heritage in the central government.
#ChirakkalHeritage, #SureshGopi, #KannurCulture, #Mahakaliattam, #CentralAssistance, #KeralaTourism