Coliform Bacteria | കാക്കനാട് ഡി എല്‍ എഫ് ഫ് ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

 
Presence of coliform bacteria in samples sent for testing by health department from DLF flat complex, Kakanad, Kochi, News, Coliform Bacteria, Samples, Flat, Health Department, Kerala News


വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് 

ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം
 

കൊച്ചി (KVARTHA) കാക്കനാട് ഡിഎല്‍എഫ് ഫ് ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്നെണ്ണത്തില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫ് ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 

ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാകാനുണ്ട്. ഇത് സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്. ആയതിനാല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വരുന്നു. വ്യാഴാഴ്ച മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ് ളാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഡി എല്‍ എഫ് ഫ്ളാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ് ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കി. 4095 നിവാസികളാണ് 15 ടവറുകളിലായി പ്രസ്തുത ഫ് ളാറ്റില്‍ താമസിക്കുന്നത്.

നിലവില്‍ പകര്‍ച്ചവ്യാധിക്കിടയാക്കിയ കുടിവെള്ള വിതരണം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുദ്ധജല സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തുന്നതിനും കൃത്യമായ കാലയളവില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, അംഗീകൃത സര്‍ക്കാര്‍ ലാബില്‍ നിന്നുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രേഖകള്‍ സൂക്ഷിക്കുവാനും പരിശോധനാധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതിനും നോട്ടിസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


കൂടാതെ ഫ് ളാറ്റുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ് ളാറ്റില്‍ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നോട്ടീസ് മുഖേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാളിതുവരെ 492 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതായി സര്‍വേ വഴി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക സര്‍വേയും വ്യാഴാഴ്ച നടക്കുകയുണ്ടായി.

ചികിത്സയിലുള്ള രണ്ടു പേരില്‍ നിന്ന് രണ്ട് സാമ്പിളുകള്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേയ്ക്കും, എന്‍ഐവി ആലപ്പുഴ യൂണിറ്റിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. മൂന്ന് കുടിവെള്ള സാമ്പിളുകള്‍ കൂടി ബാക്ടീരിയോളജിക്കല്‍ അനാലിസിസിന് വേണ്ടി പരിശോധനയ്ക്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ജെനറല്‍ ആശുപത്രി, എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സക്കീന കെ സ്ഥലം സന്ദര്‍ശിച്ച് അവലോകന യോഗം നടത്തി അടിയന്തിര നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ കലക്ടര്‍ ഉമേഷ് എന്‍ എസ് കെയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. ഡെപ്യൂടി കലക്ടര്‍ (ദുരന്തനിവാരണം) അബ്ബാസ് വിവി, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിശകലനം ചെയ്തു.

രോഗ വ്യാപനം തടയുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1 കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. കുറഞ്ഞത് 5 മിനുട്ടെങ്കിലും വെള്ളം തിളപ്പിക്കണം. 20 മിനുട്ട് തിളപ്പിക്കുന്നതാണ് ഉത്തമം.


2. ഫില്‍റ്ററില്‍ നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിച്ച് മാത്രമേ കുടിക്കാവൂ.


3. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകള്‍ ശുചിയാക്കി എന്ന് ഉറപ്പുവരുത്തേണ്ടതാണ്.


4.സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്ത് അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കാവൂ


5. ഒ ആര്‍ എസ്, സിങ്ക് എന്നിവ ആവശ്യമുള്ള ഫ് ളാറ്റ് നിവാസികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.


6. കൂടുതല്‍ സിങ്ക്, ഒ ആര്‍ എസ് എന്നിവ ആവശ്യമാകുന്ന പക്ഷം കാക്കനാട് കുടുംബാരോഗ്യകേന്ദ്രം കാക്കനാടുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia