Congress Route | ഒറ്റ നുകത്തിൽ തെക്കോട്ടും വടക്കോട്ടും പോകുന്ന സുധാകരനും സതീശനും; സമരാഗ്നി ജാഥ കോൺഗ്രസിന് അഗ്നിപരീക്ഷണമോ?

 


ADVERTISEMENT


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA)
ദേശീയ തലത്തിൽ തന്നെ പാർട്ടി നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുമ്പോൾ കേരളമെന്ന പച്ചതുരുത്തിൽ ഉള്ള സാധ്യതയും കളഞ്ഞു കുളിക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. പലപ്പോഴും താൻ കെ.പി.സി.സി അധ്യക്ഷനാണെന്നു മറന്നുകൊണ്ടുള്ള കണ്ണൂരിലെ ശൈലിയാണ് സുധാകരനിൽ നിന്നും പുറത്തുവരുന്നത്. വി.ഡി സതീശനാകട്ടെ കൗശലക്കാരനായ ഗ്രൂപ്പ് നേതാവിൻ്റെ നിലവാരത്തിൽ നിന്നും തെല്ലു പോലും പ്രതിപക്ഷ നേതാവിൻ്റെ ഗരിമയിലേക്ക് ഉയരാനും കഴിയുന്നില്ല.
  
Congress Route | ഒറ്റ നുകത്തിൽ തെക്കോട്ടും വടക്കോട്ടും പോകുന്ന സുധാകരനും സതീശനും; സമരാഗ്നി ജാഥ കോൺഗ്രസിന് അഗ്നിപരീക്ഷണമോ?

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സമരാഗ്നി പ്രതിഷേധ ജാഥ കോൺഗ്രസിന് തന്നെ നാണക്കേടുണ്ടാക്കും വിധമാണ് പ്രയാണം തുടരുന്നത്. മാധ്യമങ്ങൾക്കു മുൻപിൽ പോലും പ്രതിപക്ഷ ബഹുമാനം കാണിക്കാത്ത ഈ നേതാക്കളാണോ അടുത്ത ടേമിൽ കേരളം ഭരിക്കേണ്ടതെന്ന ചോദ്യം ജനങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. ഒരാൾ തെക്കു പോകുമ്പോൾ മറ്റൊരാൾ വടക്കോട്ട് പോകുന്നുവെന്ന നിലയിലാണ് ഇരു നേതാക്കളും തമ്മിലുള്ള കെമിസ്ട്രി. കണ്ണൂരിൽ ഇരുനേതാക്കളും തമ്മിൽ ആധിപത്യം നേടാനുള്ള മത്സരം വാർത്താസമ്മേളനത്തിലും ജനകീയ ചർച്ചാസദസിലും കാണാൻ കഴിഞ്ഞിരുന്നു.

സതീശനെ സംസാരിപ്പിക്കാതിരിക്കാൻ കെ.സുധാകരനും സുധാകരനല്ല ജാഥ നയിക്കുന്നത് പ്രതിപക്ഷ നേതാവായ താനാണെന്ന് തെളിയിക്കാൻ വി.ഡി സതീശനും വ്യഗ്രത കൊള്ളുകയായിരുന്നു അസ്വാരസ്യങ്ങളിലൂടെ കടന്നുപോയ സമരാഗ്നി ജാഥയിലെ ഏറ്റവും ഒടുവിലത്തെ സീനാണ് സുധാകരൻ്റെ അസഭ്യവർഷത്തിലൂടെ തെളിഞ്ഞത്. സാധാരണ ഗതിയിൽ പാർട്ടി ജാഥ നയിക്കേണ്ടത് കെ.പി.സി സി അധ്യക്ഷനാണെന്നാണ് കോൺഗ്രസ് കാലാകാലങ്ങളിലായി പിൻതുടരുന്ന ശൈലി. എന്നാൽ സുധാകരനെ അങ്ങനെ ആളാവാൻ വിടേണ്ടെന്ന ഹൈക്കമാൻഡിൻ്റെ തലപ്പത്തുള്ള കെ.സി.വേണുഗോപാലിൻ്റെ കുരുട്ടുബുദ്ധിയാണ് വി.ഡി സതീശനെയും കൂടി ജാഥാ ലീഡറിൽ ഒരാളായി നിയോഗിക്കാൻ കാരണം. ഇതാകട്ടെ ഗുണത്തിലേറെ ദോഷം ചെയ്യുകയും ചെയ്തു.

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റുകൾ പോലും നഷ്ടമായ സാഹചര്യമാണുള്ളത്. ദേശീയ നേതൃത്വത്തിൻ്റെ ഫണ്ടൊന്നും കേരളത്തിലേക്ക് വരുന്നില്ല. നമ്പർ ടെൻ ജൻപഥിൻ്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുള്ള ഫണ്ടു കൊണ്ടു വേണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ. കേരളത്തിൽ അടക്കം നേതാക്കൾക്ക് മത്സരിക്കാൻ താൽപര്യമില്ലാത്തതിൻ്റെ കാരണങ്ങളിലൊന്ന് ഇതാണ്. സ്വന്തം നിലയിൽ ഫണ്ടു കണ്ടെത്തി വേണം കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻ. പോസ്റ്റർ അടിക്കാൻ പോലും കാശില്ലാത്ത പാർട്ടിയുടെ നേതാക്കളാണ് തെരുവിൽ നിന്നും പരസ്യമായി വിഴുപ്പലയ്ക്കുന്നത്. നേതാക്കളുടെ ഈ പോക്കിൽ നിരാശരാണ് കോൺഗ്രസ് അണികളും പ്രവർത്തകരും.
  
Congress Route | ഒറ്റ നുകത്തിൽ തെക്കോട്ടും വടക്കോട്ടും പോകുന്ന സുധാകരനും സതീശനും; സമരാഗ്നി ജാഥ കോൺഗ്രസിന് അഗ്നിപരീക്ഷണമോ?

:  News, News-Malayalam-News, Kerala, Politics, Power struggle within Congress.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Alpha
Desk Alpha

154168 Articles

Tags

Share this story

wellfitindia