Postmortem Report | കേരള സര്‍വകലാശാല കലോത്സവ വിധികര്‍ത്താവിന്റെ മരണം കീടനാശിനി ഉളളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ടം റിപോട്; പി എന്‍ ഷാജി ജീവനൊടുക്കിയെന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ചൊവ്വ സൗത് സ്വദേശിയായ നൃത്താധ്യാപകന്‍ പി എന്‍ ഷാജി(51)യുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ കേസില്‍ ഷാജിയുടെ അമ്മ ലളിത പൂത്തട്ട, സഹോദരന്‍ അനില്‍ കുമാര്‍ എന്നിവരില്‍ നിന്നും കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥ് വ്യാഴാഴ്ച വൈകിട്ട് മൊഴിയെടുത്തിരുന്നു.

ഷാജി ആത്മഹത്യ ചെയ്‌തെന്ന് കരുതുന്ന മുറിയില്‍ നിന്നും കീടനാശിനി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വിഷം ഉള്ളില്‍ ചെന്നിട്ടാണെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട് നല്‍കുന്ന സൂചന. അതിക്രൂരമായ മര്‍ദനം ഷാജിക്ക് എസ് എഫ് ഐ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ടുവെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇന്‍ക്വസ്റ്റ് റിപോര്‍ടില്‍ രേഖപ്പെടുത്തിയിട്ടില്ല. ഷാജിയുടെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഇതു കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് പറയുന്നത്.

Postmortem Report | കേരള സര്‍വകലാശാല കലോത്സവ വിധികര്‍ത്താവിന്റെ മരണം കീടനാശിനി ഉളളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ടം റിപോട്; പി എന്‍ ഷാജി ജീവനൊടുക്കിയെന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല യുനിയന്‍ കലോത്സവത്തില്‍ അലങ്കോലമായ മാര്‍ഗംകളി മത്സരത്തിന്റെ വിധികര്‍ത്താവായിരുന്നു ഷാജി. ഷാജിയും മറ്റു രണ്ടു പേരും കോഴ വാങ്ങി ഫലം അട്ടിമറിച്ചുവെന്ന സംഘാടക സമിതിയുടെ പരാതിയെ തുടര്‍ന്നാണ് ഷാജിയെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. 

ഷാജിയില്‍ നിന്നും തെളിവെടുക്കാനായി മാര്‍ച് 14ന് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിന്റെ തലേന്നാണ് കണ്ണൂര്‍ സൗത് റെയില്‍വെ സ്റ്റേഷനു സമീപമുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഷാജിയില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെയുള്ള മരണം കന്റോണ്‍ പൊലീസ് നടത്തുന്ന കോഴക്കേസ് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.

നേരത്ത കലോത്സവവുമായി ബന്ധപ്പെട്ട ഫലങ്ങള്‍ കോഴവാങ്ങി അട്ടിമറിക്കുന്ന സംഘങ്ങളില്‍ ചിലര്‍ ഷാജിയെ കുടുക്കിയതാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആത്മഹത്യാകുറിപ്പില്‍ ഇവരുടെ ആരുടെ പേരും പരാമര്‍ശിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഷാജിയുടെ അമ്മ ലളിത പൂത്തട്ടയുടെയും സഹോദരന്‍ അനില്‍ കുമാറിന്റെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം ഷാജിയുടെ മൃതദേഹം വെളളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ പത്തുമണിവരെ കണ്ണൂര്‍ സൗത് റെയില്‍വെ സ്റ്റേഷനടുത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

സ്പീകര്‍ എ എന്‍ ശംസീര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, യുവജനക്ഷേമകാര്യ ചെയര്‍മാന്‍ എം ശാജര്‍, ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, മുന്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Keywords: Postmortem report of Kerala University art festival judge's death due to pesticide poisoning, Kannur, News, Postmortem Report, Kerala University Art Festival, Dead Body, Police, Funeral Ceremony, Police, Keral News.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia