മുണ്ടുമുറുക്കി കാണം വിറ്റാണോ ഓണമുണ്ണുന്നത് ?; പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യട്ടെ; രണ്ടാം പിണറായി സര്‍ക്കാറിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നേര്‍ക്കാഴ്ചകള്‍ / പ്രതിഭാരാജന്‍

(www.kvartha.com 16.08.2021) കള്ളവും ചതിയും, എള്ളോളം പൊളിവചനവുമില്ലാത്ത സര്‍ക്കാരിനെ പ്രതീക്ഷിച്ച ജനത്തിന് അത് കിട്ടിയോ. ഇക്കാര്യം പരിശോധനയാണിവിടെ. പിണറായിയെ നാഥനായി സ്വീകരിച്ച ജനം ഭരണ പരിഷ്‌ക്കാരങ്ങളെ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതിലെ ചില സൂചകങ്ങളാണ് രണ്ടു ഘട്ടങ്ങളിലായി ഇവിടെ പരാമര്‍ശിക്കുന്നത്. ഇതു പിണറായിയുടെ രണ്ടാം സര്‍ക്കാരിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ്. മുന്നാം തുടര്‍ച്ച സാധ്യമാവുന്ന രാഷ്ട്രീയ സാഹചര്യമാണോ വര്‍ത്തമാന രാഷ്ട്രീയത്തില്‍ തെളിഞ്ഞു വരുന്നതെന്ന പരിശോധന.
  
മുണ്ടുമുറുക്കി കാണം വിറ്റാണോ ഓണമുണ്ണുന്നത് ?; പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യട്ടെ; രണ്ടാം പിണറായി സര്‍ക്കാറിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷരെല്ലാരേയും ഒന്നു പോലെ കണേണ്ടുന്ന ഒരു ഓണക്കാലക്കാഴ്ച്ച. രണ്ടാം തുടര്‍ഭരണമെന്ന കടമ്പയും താണ്ടി മുന്നോട്ടു കുതിക്കുന്ന സര്‍ക്കാരിന്റെ പാതയിലുടനീളം കല്ലും മുള്ളും നിറഞ്ഞു കുമിയുന്നു. വിവിധയിനം അഗ്നിപരീക്ഷകള്‍. കൂട്ടത്തില്‍ ഓണവും. കേരളത്തിന്റെ അലങ്കാരവും അല്‍പ്പം അഹങ്കാരവുമായിരുന്നു പിണറായി. അദ്ദേഹത്തെ വിശ്വസിച്ചു പോന്നവര്‍, അനുകരിക്കുന്നവര്‍ ഇന്ന് ധാരാളം. വച്ചു പുലര്‍ത്തുന്ന ധാര്‍ഷ്ട്യം പോലും ഇന്ന് ഒരു രാഷ്ട്രീയ ഫാഷന്‍.

വിജയസോപാനത്തിന്റെ മുകളില്‍ പൊന്‍തൂവൽ ചാര്‍ത്തി നില്‍ക്കുന്ന പിണറായി തന്നെയാണ് 2001ല്‍ ഇടതിനെ വലിച്ചു താഴെയിട്ടതെന്ന് നാം ഓര്‍ക്കണം. അന്ന് അദ്ദേഹം പാര്‍ട്ടി സെക്രട്ടറി. ജയിക്കുമെന്നു കരുതിയ മിക്ക സീറ്റിലും തോല്‍വി. കിട്ടിയത് കേവലം 40 സീറ്റു മാത്രം. ദയനീയ പരാജയം. തോല്‍വിക്കായുള്ള അന്വേഷണം കുലങ്കഷമായി നടന്നു. സെക്രട്ടറി എന്ന നിലയില്‍ പിണറായില്‍ വര്‍ദ്ധിച്ചു വന്ന ധാര്‍ഷ്ട്യം വിനയായി എന്ന് വിലയിരുത്തപ്പെട്ടു.

പിന്നീട് 2009ലും തോല്‍വി ആവര്‍ത്തിക്കപ്പെട്ടു. അന്ന് സെക്രട്ടറി പിണറായി നയിച്ച ലോകസഭാ തെരെഞ്ഞെടുപ്പല്‍ ലഭിച്ചത് കേവലം നാലു സീറ്റുമാത്രം. 2019ലെ ലോകസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുച്ചൂടും മുടിഞ്ഞു. അവിടെയും പ്രതി മുഖ്യമന്ത്രിയായ പിണറായി തന്നെ. നവോത്ഥാനം വച്ചുള്ള രാഷ്ട്രീയക്കളിയില്‍ കൈപൊള്ളുകയായിരുന്നു.

ഇതെല്ലാം മറക്കാന്‍ ജനത്തിനായി. അവര്‍ ഒത്തു ചേര്‍ന്ന് 2020ലെ നിയമസഭയിലേക്ക് ചരിത്ര വിജയം സമ്മാനിച്ചു. അത് ആവര്‍ത്തിക്കപ്പെടുമോ എന്ന പരിശോധനക്ക് രണ്ടാം സര്‍ക്കാരിന്മേലുള്ള പോസ്റ്റ്‌മോര്‍ട്ടം അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് കോവിഡിനെ പിടിച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ അന്താരാഷ്ട്ര ബഹുമതി വരെ കേറിവന്നതാണ്. സംഘബലം കൊണ്ട് സാധിക്കാത്തതൊന്നുമില്ലെന്ന് തെളിയിക്കുകയായിരുന്നു അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍.
ഐക്യമത്യം മഹാബലം. അവരെത്തേടി നിരവധി അവാര്‍ഡുകളും താമ്രപത്രങ്ങളുമെത്തി.കീരീടം വെക്കാത്ത രാജ്ഞിയായിരുന്നു അന്ന് ശൈലജടീച്ചര്‍.

കാലം മാറി, ഇതാ കഥകളും മാറുന്നു. ഉന്നത പദവികള്‍ ഓരോന്നായി ഇടിഞ്ഞു താഴുന്നു. അയല്‍ സംസ്ഥാനമായ കര്‍ണാടക വരെ അടുപ്പിക്കുന്നില്ല. മഞ്ചേശ്വരം എംഎല്‍എ നിരാഹാര സത്യാഗ്രഹമിരുന്നു. രാജ്യത്തെ ഏററവും വലിയ കോവിഡ് സംസ്ഥാനമായി കേരളം മാറിയതാണ് കാരണം. വിചിത്രങ്ങളായ നിയമങ്ങള്‍ അനേകം.

മദ്യഷാപ്പിലേക്ക് കൈയ്യും വീശി നടക്കാം. ആരും തടയില്ല. പക്ഷെ ഒരു തീപ്പെട്ടി വാങ്ങാന്‍ കടയില്‍ കേറിയാല്‍ കേസുവരും. ഇല്ലേല്‍ പണം ചിലവഴിച്ച് ആര്‍ടി പിസിആർ അടക്കമുള്ള നിരവധി പരിശോധനക്ക് വിധേയമാവണം. ജനങ്ങളെ നന്നായി അറിയുന്ന നേതാവാണ് പിണറായി. ജനബന്ധമില്ലാത്ത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തടവറയിലാണ് അദ്ദേഹമിപ്പോള്‍.

ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന വ്യവസായ ഗ്രീന്‍ ചാനലുകളെല്ലാം ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞിരിക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ട പല വ്യവസായങ്ങളും കട്ടപ്പുറത്തായി. കിറ്റക്‌സ് പോലെ ക്ലച്ച് പിടിച്ചവയും നാടു വിടുന്നു. അധികാരം ഉപയോഗിച്ച് മറുകടകം പയറ്റുന്ന രാഷ്ട്രീയക്കാരന്റെ കളിപ്പാവയാവുകയാണ് വ്യവസായങ്ങള്‍. അധികാര ഗര്‍വ് തീര്‍ക്കാന്‍ മന്ത്രിമാരും, എംഎല്‍എമാരും പാശുപതാസ്ത്രം വരെ പ്രയോഗിക്കുന്നു. പ്രതിലോമക്കാരെന്നും തിരിച്ചറിഞ്ഞാല്‍ പോലും നിലക്കു നിര്‍ത്താന്‍ പിണറായിക്കാവുന്നില്ല. സൂക്ഷിച്ചു നോക്കിയാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇരുട്ടു ലക്ഷ്യമാക്കിയാണ് നടന്നു കേറുന്നതെന്ന് മനസിലാകും.

കള്ളക്കടത്തും, സ്വര്‍ണക്കടത്തും കൊടികുത്തി വാഴുന്നു. പിടിക്കപ്പെടുന്നത് അത്യപൂര്‍വ്വം മാത്രം. കമ്മ്യൂണിസത്തിന്റെ പവിത്ര നഷ്ടപ്പെടും മട്ടില്‍ ആ കേഡര്‍ പാര്‍ട്ടി ഇപ്പോള്‍ കേവലം ആള്‍ക്കൂട്ടത്തിന്റെ ബഹുജനപാര്‍ട്ടി മാത്രമായി മാറുകയാണ്. മുട്ടില്‍ മരം മുറിയും, അര്‍ജൂന്‍ ആയങ്കിയും, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും പോലെ എത്രയോ ഏറെ ഉദാഹരണങ്ങള്‍. കുറ്റം ചെയ്തവരെ, പാര്‍ട്ടിക്ക് നിരക്കാത്ത പ്രവൃത്തി ചെയ്യുന്നവരെ നിഷ്‌ക്കരുണം പുറത്താക്കാന്‍ അമാന്തിക്കുന്നു. ഏറ്റവും കൂടുതല്‍ ചെറുകിട സഹകരണ പ്രസ്ഥാനമുള്ളത് കേരളത്തിലാണ്. തൊട്ടു പിന്നില്‍ മാത്രമാണ് ഗുജറാത്ത്. സിപിഎമ്മിന്റെ സമാന്തര സാമ്പത്തിക മൂലധന കേന്ദ്രമാണത്. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാത്ത പാകത്തിലാക്കി തീര്‍ത്തിരിക്കുകയാണ് ഈ പ്രസ്ഥാനത്തെ.

പഠിച്ച രാഷ്ട്രീയക്കാരനാണ് അമിത്ഷാ. സഹകരണ പ്രസ്ഥാനത്തെ തന്റെ വരുതിക്ക് കൊണ്ടുവരാന്‍ അദ്ദേഹം നേരിട്ടു മന്ത്രിയായി ഒരു മന്ത്രാലയം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഭസ്മാസുരന് കിട്ടിയ വരം പോലെ സ്വയം നാശത്തിലേക്കുള്ള ആദ്യത്തെ ചുവട്.

പാര്‍ട്ടി നേതാക്കള്‍ വെട്ടിപ്പിന്റെയും, തട്ടിപ്പിന്റെയും മുന്നണിപ്പോരാളികളാകുമ്പോള്‍ പിന്നെ അവിടെന്തു കമ്മ്യൂണിസം. പാവം അണികള്‍. തൊഴിലാളി-കര്‍ഷക വര്‍ഗം ഉഴുതു പാകമാക്കിയിട്ട മണ്ണില്‍ കൊയ്ത്തു തുടരുകയാണ് നേതാക്കള്‍. വരും തലമുറക്ക് ഒന്നും ബാക്കി വെക്കാതെ അവരെല്ലാം ചാമ്പലാക്കാന്‍ മല്‍സരിക്കുകയാണ്. വ്യാപാരികളും വ്യവസായികളും കര്‍ഷകരുടെ പാത പിന്‍തുടര്‍ന്ന് ഒരു മുഴം കയറിലൊടുങ്ങാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്നതിനിടയിലൂടെയാണ് മാവേലിയെത്തുന്നത്.

ടൂറിസം മേഖല പട്ടിണിയില്‍. കര്‍ക്കടകത്തിലെ നവരക്കഞ്ഞി കുടിക്കാന്‍ പോലും ടുറിസമെത്തിയിട്ടില്ല. സ്ത്രീധന പീഡനവും, മരണവും കൊലയും എവറസ്സ് കേറുന്നു. കമിതാക്കള്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കുന്നു. കവലകള്‍ തോറും മോഷണം പെരുകുന്നു. പോലീസ് സേന നിഷ്‌ക്രീയമാകുന്നു. വര്‍ഗീയത പെരുകുന്നു. ഇടതു ഭരണത്തിനു തുടര്‍ച്ച നല്‍കിയ ജനം പകച്ചു നില്‍ക്കുകയാണ്.

പിണറായി സര്‍ക്കാരിന്റെ വിലയിടിയുകയാണോ? ജനം പരിഭ്രാന്തിയിലാണ്. എന്തു ആഘോഷമായിരുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പുകാലം. വര്‍ദ്ധിച്ച വീര്യത്തോടെയായിരുന്നു പിണറായി സര്‍ക്കാരിനെ ജനം വരവേറ്റത്. തോല്‍ക്കുമെന്നു കരുതിയ പലേടത്തും ജയിച്ചു. വിപ്ലവകരമായ മുന്നേറ്റത്തീലുടെ മന്ത്രിസഭയുണ്ടാക്കി. ഭരണം ആഘോഷിക്കപ്പെട്ടു. എല്ലാം ശരിയായിക്കഴിഞ്ഞുവെന്ന് കരുതി സ്വയം അഹങ്കരിക്കുകയായിരുന്നുവോ മുഖ്യമന്ത്രി. വിപ്ലവാവേശത്തോടെ പുതിയ മന്ത്രിസഭ വന്നു. മഹാഭാരതത്തിലെ ബാലിയുടെ വധം പോലെ ജീവിതാദ്യം മുതല്‍ സ്വരുക്കൂട്ടിയ ശക്തി ഉപയോഗിച്ച് ഈ മന്ത്രിസഭക്കു തുടര്‍ച്ചയുണ്ടാകുന്നതിന് തടയിടുകയെന്ന പകയും വിദ്വേഷവും നുരഞ്ഞു, പൊങ്ങുകയാണോ അവിടെങ്ങളില്‍.

സുഭിക്ഷ കേരളം സാധ്യമായാല്‍ വിലക്കയറ്റം തടയാനാകുമെന്നായിരുന്നു പ്രവചനം. ഇതാ ഓണമെത്തുമ്പോഴേക്കും വില വാണം പോലെ. സൗജന്യ കിറ്റ് എന്ന ലഹരിയില്‍ മയങ്ങിക്കിടക്കുകയാണ് കേരളം. കിറ്റില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥ. അതും ഒരു തരം രാഷ്ട്രീയ അടവാണെന്ന് ജനം പതുക്കെ തിരിച്ചറിയുക തന്നെ ചെയ്യും. സുഭിക്ഷകേരളം പദ്ധതിയേയും കോവിഡ് ബാധിച്ചു കഴിഞ്ഞു. ആ പദ്ധതിയും ഐസുലേഷനിലാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ കോണ്‍ഗ്രസിനു കുറിയിട്ടിരിക്കുകയാണ്. ബ്രാഞ്ചു തലം മുതല്‍ പാര്‍ട്ടിക്കകത്തും പുറത്തും ഇതൊക്കെ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു എന്ന ആഗ്രഹമാണ് ഈ കുറിപ്പുകാരന്.

(തുടരും)

Keywords:  Kerala, Article, Prathibha-Rajan, Government, Pinarayi vijayan,Politics, ONAM-2021, Beverages Corporation, Smuggling, Gold,party, Post mortem report of Pinarayi government.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script