Suspended | പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; വനം വികസന കോര്‍പറേഷനിലെ 2 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
May 17, 2023, 16:08 IST
തിരുവനന്തപുരം: (www.kvartha.com) ശബരിമല പൊന്നമ്പലമേട്ടിലെ അനധികൃത പൂജയില്‍ വനം വികസന കോര്‍പറേഷനിലെ രണ്ട്
ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വനം വികസന കോര്‍പറേഷന്‍ സൂപര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവര്‍ക്കെതിരെയാണ് നടപടി. പൂജയ്‌ക്കെത്തിയവരെ പൊന്നമ്പലമേട്ടില്‍ കയറാന്‍ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. പിന്നാലെ ഇരുവരെയും ചൊവ്വാഴ്ച രാത്രി വനംവകുപ്പ് കോര്‍പറേഷന്‍ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കല്‍, വിശ്വാസത്തെ അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസില്‍ വനം വകുപ്പ് ഉള്‍പെടുത്തിയ പ്രതികള്‍ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന സൂചനയും പൊലീസ് നല്‍കിയിട്ടുണ്ട്.
3000 രൂപ വാങ്ങിയാണ് പ്രതികള്‍ പൂജ നടത്തിയ നാരായണന്‍ നമ്പൂതിരിയെയും സംഘത്തെയും വനത്തിനുള്ളിലേക്ക് കൊണ്ടുപോയതെന്നാണ് കണ്ടെത്തല്‍. പ്രതികളെ പൊന്നമ്പലമേട്ടില്‍ എത്തിച്ച് തെളിവെടുപ്പും നടത്തി. ഇതിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറുടെ പരാതിയില്‍ മൂഴിയാര്‍ പോലീസും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തിയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ പൊന്നമ്പല മേട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാരായണന്‍ നമ്പൂതിരിയെയും സംഘത്തെയും കൊണ്ടുപോയ വഴിയും പൂജ നടത്തിയ സ്ഥലവും ഉള്‍പെടെ പ്രതികള്‍ വനപാലകര്‍ക്ക് കാണിച്ചുകൊടുത്തു. പ്രതികളെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് പൊന്നമ്പലമേട്ടില്‍ പൂജക്കെത്തിയ നാരായണന്‍ നമ്പൂതിരിക്കെതിരെ കേസെടുത്തിരുന്നു. വനമേഖലയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുവര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷന്‍ 27 (1) ഇ (4) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ.
നാരായണന്‍ നമ്പൂതിരിയോട് അടുത്തദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ തന്നെയാണ് പൂജ നടത്തിയതെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞിരുന്നു. പൂജയ്ക്കായി പൊന്നമ്പലമേട്ടില്‍ പോയിരുന്നു. ചെയ്തതില്‍ തെറ്റില്ല. സാഹചര്യം ലഭിച്ചതു കൊണ്ട് പൂജ നടത്തിയതാണ്. അയ്യപ്പന്‍ തന്റെ ഉപാസനാമൂര്‍ത്തിയാണ്. അതുകൊണ്ടാണ് പൂജ നടത്തിയത്. അതില്‍ കേസെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി പലരെയും പൊന്നമ്പലമേട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന വിവരവും അന്വേഷണപരിധിയില്‍ പെടുത്തണമോ എന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.
മേയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊന്നമ്പലമേട്ടിലുമെത്തിയ സംഘം ഒരു മണിക്കൂറാണ് സ്ഥലത്ത് പൂജയ്ക്കായി ചെലവഴിച്ചത്.
Keywords: News, Kerala-News, Kerala, News-Malayalam, Thiruvananthapuram-News, Pooja, Employees, Suspended, Arrested, Case, Police, Forest Department, Ponnambalamedu Pooja; Two Forest Development Corporation Employees Suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.