തൈപ്പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ 6 ജില്ലകള്‍ക്ക് വെള്ളിയാഴ്ച അവധി
Jan 13, 2022, 16:45 IST
തിരുവനന്തപുരം: (www.kvartha.com 13.01.2022) തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിച്ച പ്രാദേശിക അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും അവധി. പകരം ശനിയാഴ്ച ഈ ജില്ലകളില്‍ പ്രവര്‍ത്തി ദിവസമായിരിക്കും.
2022-ലെ വര്‍ഷത്തെ സര്‍കാര്‍ കലെന്‍ഡറില്‍ തൈപ്പൊങ്കലിന് ജനുവരി 15 ശനിയാഴ്ചയാണ് അവധി നല്‍കിയിരുന്നത്. എന്നാല്‍ ഈ അവധി ജനുവരി 14 വെള്ളിയാഴ്ചയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് തമിഴ് പ്രൊടക്ഷന്‍ സംസ്ഥാന കൗണ്‍സില്‍ സര്‍കാരിന് അപേക്ഷ നല്‍കിയിരുന്നു.
ഇക്കാര്യം പരിശോധിച്ചും തമിഴ്‌നാട്, കേന്ദ്ര സര്‍കാരുകളുടെ കലെന്‍ഡറുകളിലെ അവധിയുമായി സമന്വയിപ്പിച്ചുമാണ് തൈപ്പൊങ്കല്‍ പ്രമാണിച്ചുള്ള പ്രാദേശിക അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് സര്‍കാര്‍ ഉത്തരവില്‍ പറയുന്നു.
അതേസമയം, വെള്ളിയാഴ്ച തൈപ്പൊങ്കല്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
എന്നാല്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 14 ന് നടത്താന്‍ നിശ്ചയിച്ച പി എസ് സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ഇടുക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള വനിതാ കമിഷന്‍ സിറ്റിംഗിനും മാറ്റമുണ്ടാവില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.