Investigation | ഫേസ്ബുകിലൂടെയുണ്ടായ അടുപ്പം പ്രണയത്തിലും വിവാഹത്തിലുമെത്തി; ഒടുവില്‍ ഗുരുതരമായ വെളിപ്പടുത്തലും; ഭാര്യയുടെ ആരോപണങ്ങളോടെ അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു; 'സ്വര്‍ണക്കടത്ത് കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നു'

 


/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സിപിഎം ഒരുകാലത്ത് തോളിലേറ്റി നടന്ന സൈബര്‍ പോരാളി അര്‍ജുന്‍ ആയങ്കി അധോലോക നായകനാണെന്ന ഭാര്യയുടെ വെളിപ്പെടുത്തലോടെ സംസ്ഥാനത്ത് പിടിമുറുക്കിയ അധോലോക സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘങ്ങളുടെ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ പൊലീസ് നീക്കം തുടങ്ങിയെന്ന് സൂചന.

നേരത്തെ കാപ ചുമത്തി അര്‍ജുന്‍ ആയങ്കിയെ നാടുകടത്താന്‍ ജില്ലാഭരണകൂടം ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഇടപെടല്‍ കാരണം നടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അര്‍ജുന്‍ ആയങ്കിയുടെ അടുത്ത ബന്ധുതന്നെ ആരോപണങ്ങളുമായി രംഗത്തുവന്ന സാഹചര്യത്തില്‍ ആയങ്കിയെ ഇരട്ടപ്പൂട്ടിട്ട് പൂട്ടാനുളള നീക്കമാണ് പൊലീസ് നടത്തുന്നത്.

Investigation | ഫേസ്ബുകിലൂടെയുണ്ടായ അടുപ്പം പ്രണയത്തിലും വിവാഹത്തിലുമെത്തി; ഒടുവില്‍ ഗുരുതരമായ വെളിപ്പടുത്തലും; ഭാര്യയുടെ ആരോപണങ്ങളോടെ അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു; 'സ്വര്‍ണക്കടത്ത് കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നു'

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഭാര്യ അമല ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന സാഹചര്യത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അര്‍ജുന്‍ ആയങ്കി നടത്തിവരുന്ന സ്വര്‍ണക്കടത്ത് ക്വടേഷന്‍, കുഴല്‍പണ ഇടപാടുകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ തേടിയാണ് അന്വേഷണമാരംഭിച്ചതെന്നാണ് വിവരം.

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. അതേസമയം ഗാര്‍ഹിക പീഡന ആരോപണം പരാതിയായി നല്‍കാത്തതിനാല്‍ കേസെടുക്കേണ്ടതില്ലെന്നാണ് വളപട്ടണം പൊലീസ് നല്‍കുന്ന വിവരം.

അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവിലെത്തിയാണ് ഗാര്‍ഹിക പീഡനം ഉള്‍പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. നിര്‍ബന്ധിച്ച് രണ്ട് തവണ ഗര്‍ഭഛിദ്രം ചെയ്യിച്ചു, കറുത്ത നിറമായതിനാല്‍ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അര്‍ജുനെതിരെ അമല ഉന്നയിച്ചത്.

താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് അമല തുറന്നടിച്ചിരുന്നു. പക്ഷേ, ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം ഫേസ്ബുക് ലൈവിനിടെ അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ക്വടേഷന്‍ ഇടപാടുകളെ സംബന്ധിച്ചും അമല സംസാരിച്ചിരുന്നു.

ഇതോടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ ട്വിസ്റ്റാണുണ്ടായിരിക്കുന്നത്. കുഴല്‍പണ-സ്വര്‍ണക്കടത്തു സംഭവങ്ങളില്‍ അര്‍ജുന്‍ ആയങ്കിക്ക് പങ്കുണ്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലൂടെ അര്‍ജുന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മനം നൊന്താണ് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നാണ് ഭാര്യ അമല പറഞ്ഞത്. താനുമായി പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കയ്യില്‍ നയാപൈസയുണ്ടായിരുന്നില്ലെന്നും താന്‍ പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നും അമല പറയുന്നുണ്ട്.

സ്വര്‍ണക്കടത്ത്, കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് അര്‍ജുന്‍ ആയങ്കി തന്നോടു പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയാഞ്ഞത് സ്നേഹം കൊണ്ടാണെന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ആ സ്നേഹം ഇല്ലാതായി വൈരാഗ്യമായ സാഹചര്യത്തില്‍ അമലയില്‍ നിന്നും ആകാശ് തില്ലങ്കേരിയുടെ അധോലോക ഇടപാടുകളുടെ രഹസ്യം തേടുകയാണ് രഹസ്യാന്വേഷണ സംഘം.

Keywords: Police started investigation to lock up Arjun Ayanki, Kannur, News, Politics, Allegation, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia