Medical College | പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവച്ചതിന് പിന്നാലെ മരിച്ച സംഭവം; മെഡികല്‍ കോളജ് ആശുപത്രിയ്ക്ക് ഗുരുതരവീഴ്ച പറ്റിയെന്ന് പൊലീസ് റിപോര്‍ട്
Nov 1, 2022, 13:09 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവച്ചതിന് പിന്നാലെ തളര്‍ന്നുവീണ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപോര്‍ട്. ഒക്ടോബര്‍ 27 ന് തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45)വാണ് മരിച്ചത്. സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയില്ലെന്ന് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് റിപോര്‍ടിലുള്ളത്.
ഒക്ടോബര്‍ 26 -നാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നുവെന്നും പിറ്റേന്ന് രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ മെഡികല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മെഡികല്‍ കോളജ് അധികൃതര്‍ മരണകാരണമായേക്കാവുന്ന അശ്രദ്ധയോടെ പ്രവര്‍ത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ്, അസിസ്റ്റന്റ് കമീഷനര്‍ കെ സുദര്‍ശനന്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാവുന്ന മരുന്ന് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സിന്ധുവിന് നല്‍കിയെന്നാണ് അന്വേഷണ റിപോര്‍ടിലുള്ളത്. നഴ്സിങ് പരിശീലനത്തിന് വന്ന വിദ്യാര്‍ഥിയാണ് കുത്തിവെപ്പ് നടത്തിയതെന്നും മരുന്ന് സിന്ധുവിന് കുത്തിവെച്ച ശേഷം മൊബൈലില്‍ സംസാരിച്ച് ലാഘവത്തോടെ ഇവര്‍ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. ഈ സമയത്ത് രോഗിയെ നിരീക്ഷിക്കാന്‍ ഡോക്ടറോ നഴ്സോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും റിപോര്‍ടില്‍ പറയുന്നു.
രോഗി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചപ്പോള്‍ അതൊക്കെ ഉണ്ടാകുമെന്ന് ഹെഡ് നഴ്സ് നിസ്സാരവത്ക്കരിച്ചതായും റിപോര്‍ടില്‍ പറയുന്നു. റിയാക്ഷന്‍ ഉണ്ടായപ്പോള്‍ നല്‍കേണ്ട മറുമരുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നില്ലെന്നും റിപോര്‍ടില്‍ പറയുന്നു. വാര്‍ഡില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. സംഭവം നടന്ന് 20 മിനിറ്റ് കഴിഞ്ഞ് നഴ്‌സ് വിളിച്ച ശേഷമാണ് ഒരു ഡോക്ടര്‍ എത്തിയത്. പിന്നീട്, മറ്റൊരു ഡോക്ടറെയും വിളിച്ചുവരുത്തിയെങ്കിലും നെഞ്ചിടിപ്പ് പരിശോധിക്കുകയല്ലാതെ മറുമരുന്നോ ഓക്‌സിജനോ നല്‍കിയില്ലെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.
മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് സിന്ധു മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍, മരുന്നിന്റെ റിയാക്ഷനാണ് മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. പാര്‍ശ്വഫലം കാരണമാണ് രോഗി മരിച്ചതെന്നും അല്ലാതെ മരുന്ന് മാറിയതല്ലെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ടം റിപോര്‍ടിലും മെഡികല്‍ കോളജ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണത്തിലും പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

