Cyberattack | പിപി ദിവ്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്


● മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പിപി ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി കണ്ണൂര്‍ സ്വദേശിയായ ഗംഗാധരന്‍
● വിജിലന്‍സിന് പരാതി നല്‍കിയത് റവന്യൂ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ
● എഡിഎം കൈക്കൂലി വാങ്ങിയതായി പറഞ്ഞിട്ടില്ലെന്നും തുറന്നുപറച്ചില്‍
കണ്ണൂര്‍:(KVARTHA) പിപി ദിവ്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഭര്‍ത്താവ് വിപി അജിത്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തെറ്റായ സൈബര്‍ പ്രചാരണമെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം ദിവ്യയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.
അതിനിടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പിപി ദിവ്യയുടെ ആരോപണങ്ങള്‍ കണ്ണൂര്‍ സ്വദേശിയായ ഗംഗാധരന്‍ തള്ളി. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ നിന്ന് നല്‍കിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞതെന്നും അത് എഡിഎമ്മിനെതിരെ മാത്രമല്ലെന്നും എഡിഎം മുതല്‍ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് താന്‍ വിജിലന്‍സിന് പരാതി നല്‍കിയതെന്നും ഗംഗാധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ടെന്നും ഗംഗാധരന്‍ വ്യക്തമാക്കി. വിജിലന്‍സിന് നല്‍കിയ പരാതി എഡിഎം മരിക്കുന്നതിനു മുന്‍പേ കൊടുത്തതാണെന്നും കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിലുള്ള പെരുമാറ്റം എഡിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരന്‍ പറഞ്ഞു. മാത്രമല്ല, എഡിഎം കൈക്കൂലി വാങ്ങിയതായി താന്‍ പരാതിയില്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ അറിയിച്ചു.
പിപി ദിവ്യയോട് താന്‍ ഇക്കാര്യത്തില്‍ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും വഴിയില്‍ വച്ച് കണ്ടപ്പോള്‍ ഇക്കാര്യം സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ഗംഗാധരന്‍ വ്യക്തമാക്കി.
#PPDivya #Cyberattack #KeralaPolice #Gangadharan #KeralaNews #Controversy