Allegation | 'പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷണ ചുമതലയുള്ള ഇൻസ്‌പെക്ടർമാർ അട്ടിമറിക്കുന്നു'; ജില്ലാ പൊലീസ് മേധാവിക്ക് എസ്ഐയുടെ പരാതി! സംഭവം ഇടുക്കിയിൽ
● 'മൊഴി രേഖപ്പെടുത്തിയില്ല'
● 'കുറ്റവാളിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്'
● നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടു
ഇടുക്കി: (KVARTHA) എസ്ഐയെ പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയ ഉടുമ്പൻചോല ഇൻസ്‌പെക്ടർമാർ കുറ്റാരോപിതനെ രക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് എസ്ഐ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. രാത്രി പരിശോധനയ്‌ക്കെത്തിയ സബ് ഡിവിഷണൽ ഓഫീസറായ എസ്ഐയെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മദ്യപിച്ച് അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം.
അന്വേഷണം നടത്തേണ്ട ഉടുമ്പൻചോല ഇൻസ്‌പെക്ടർമാരായ സുവർണ്ണകുമാർ, അനുമോൻ പി.ഡി എന്നീ ഉദ്യോഗസ്ഥർ തന്റെ മൊഴി രേഖപ്പെടുത്താതെ കുറ്റവാളിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് എസ്ഐ എബി പി മാത്യു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. സിസിടിവിക്ക് മുമ്പിൽ നടന്ന ഈ സംഭവത്തിൽ നിന്നും കുറ്റക്കാരനെ രക്ഷിക്കുക ബുദ്ധിമുട്ട് ആയതിനാൽ തനിക്ക് വിദേശത്തേക്ക് പോകണം എന്ന് ബോധ്യമായതിനാൽ മൊഴി രേഖപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നും എസ്ഐ ചൂണ്ടിക്കാട്ടി.
കുറ്റക്കാരന് യാതൊരു ആരോഗ്യ പ്രശ്നങ്ങളും തന്നെ ഇല്ല എന്നിരിക്കെ താൻ വിദേശത്തേക്ക് പോകുന്നതു വരെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. മെഡിക്കൽ അവധിയിൽ പ്രവേശിച്ചാൽ പോലും ഡിസിപ്ലിനറി നടപടികൾ ചെയ്യാം എന്നിരിക്കെ ഉടുമ്പൻചോല ഇൻസ്പെക്ടർ ആയിരുന്ന സുവർണകുമാർ ത ൻെറ മൊഴി രേഖപ്പെടുത്താതെയും കുറ്റാരോപിതൻ എണീറ്റ് നടക്കാൻ കഴിയാത്ത വിധം കിടപ്പിലാണെന്ന് ജില്ലാ പൊലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ചതായും എസ്ഐ പരാതിപ്പെട്ടു.
കട്ടപ്പന അസിസ്റ്റന്റ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് മൊഴി രേഖപ്പെടുത്താൻ നിർദ്ദേശം ലഭിച്ചെങ്കിലും ഉടുമ്പൻചോല ഇൻസ്‌പെക്ടർ തയ്യാറായില്ല. പിന്നീട് അഡീഷണൽ പൊലീസ് സൂപ്രണ്ടന്റിന്റെ വീണ്ടുമുള്ള നിർദ്ദേശത്താൽ ഉടുമ്പൻചോല ഇൻസ്‌പെക്ടറുടെ ഓഫീസിൽ ഹാജരാകാൻ നോട്ട്സ് ലഭിച്ചു. എന്നാൽ മൊഴി നൽകാൻ എത്തിയപ്പോൾ അവിടെ അനുഭവിച്ച അപമാനകരവും നിയമവിരുദ്ധവുമായ അനുഭവങ്ങളെക്കുറിച്ച് പരാതിയിൽ വിവരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി മൊഴി രേഖപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
അതുകൊണ്ട്, തന്നെ അസഭ്യം പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി നിഷ്പക്ഷമായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി അന്വേഷണം നടത്തണമെന്നും സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചതായി സംശയിക്കുന്ന മേലധികാരികളുടെ നടപടികൾ സമഗ്രമായി പരിശോധിക്കണമെന്നും എസ്ഐ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
#IdukkiNews #KeralaPolice #PoliceCorruption #Investigation #Assault #Allegation #Tampering