മോന്സന് മാവുങ്കലിന്റെ പുരാവസ്തു സങ്കേതത്തിലേക്ക് ആരൊക്കെ എന്തിനൊക്കെ പോയി എന്ന കാര്യമൊക്കെ അന്വേഷിക്കേണ്ടത് പൊലീസ്; അത് മുറപോലെ ചെയ്യുന്നുമുണ്ടെന്ന് മുഖ്യമന്ത്രി
Oct 5, 2021, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.10.2021) പുരാവസ്തുക്കളുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ മോന്സന് മാവുങ്കലിനെ കുറിച്ച് പിടി തോമസ് എം എല്‍ എയുടെ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്.
പുരാവസ്തുക്കളുടെ പേരില്‍ വ്യാജ സാധനങ്ങളുണ്ടാക്കി പ്രദര്‍ശിപ്പിച്ച് കോടികളുടെ തട്ടിപ്പും സാമ്പത്തിക തിരിമറിയും നടത്തിയ മോന്സന് മാവുങ്കലിനെ സംബന്ധിച്ച് 06.09.2021 നാണ് സര്‍കാരിന് പരാതി ലഭിച്ചത്. ഈ പരാതി പൊലീസിന് നല്‍കുകയും 23.09.2021 ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമുണ്ടായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തെ കോടതിയില്‍ തന്നെ പ്രതിരോധിക്കുന്നതിനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 25.09.2021 ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതി ഇപ്പോഴും പൊലീസിന്റെ കസ്റ്റഡിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്വാഭാവികമായും ആളുകള്‍ സന്ദര്‍ശിക്കുക പതിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ആരെല്ലാം സന്ദര്‍ശിച്ചുവെന്നും ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നും ചികിത്സയ്ക്ക് വിധേയമായി എന്നും അവകാശപ്പെടുന്നതുമെല്ലാം സഭയ്ക്കു മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ആരൊക്കെ എന്തിനൊക്കെ പോയി എന്ന കാര്യമൊക്കെ പൊലീസ് അന്വേഷിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, പ്രമേയത്തിന്റെ വിശദീകരണക്കുറിപ്പില്‍ പരാമര്‍ശിക്കുന്നതുപോലെ ഡിജിപിയുടെ സന്ദര്‍ശനം കഴിഞ്ഞ ഉടനെ ഇവരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് പി എച് ക്യു ലെറ്റര്‍ നംബര് ടി 1-6005/2019/പി എച് ക്യൂ 21.12.2019 ന് ഇന്റലിജന്‍സിന് നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിന് റിപോര്‍ട് നല്‍കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റലിജന്‍സ് ഓഫിസില്‍ നിന്നും ലഭിച്ച പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി 05.02.2020 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് ഡി ഒ ലെറ്റര്‍ നംബര് ടി1-6005/2019/പി എച് ക്യൂ എന്ന നംബര് പ്രകാരം കത്ത് നല്‍കിയതായാണ് റിപോര്‍ട് ലഭിച്ചിരിക്കുന്നത്.
ഇത് വ്യക്തമാക്കുന്നത് പ്രസ്തുത വ്യക്തിയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ് ചെയ്തത് എന്നതാണ്. അല്ലാതെ സുഖചികിത്സയ്ക്ക് തങ്ങുകയല്ല ഉണ്ടായത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍കാര്‍ ശ്രമിച്ചു എന്ന വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നു എന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പൊലീസിന് പരാതി നല്കിയാല് അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പൊലീസ് നല്‍കുക പതിവാണ്. പ്രത്യേകിച്ചും ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്ന ഒരാള്‍ ഉള്‍കൊള്ളുന്ന മേഖല ശ്രദ്ധയില്‍ വയ്ക്കുക എന്നതും പൊലീസ് സാധാരണ ചെയ്തു വരുന്ന നടപടിയുമാണ്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈം നം 260/2021, 261/2021, 262/2021, 263/2021 എന്നീ നമ്പരുകളില്‍ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി മോന്സണ് മാവുങ്കല്‍ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച് ഡി ആര് ഡി രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയോടും ആര്‍കിയോളജികല്‍ വകുപ്പിനോടും ഡി ആര് ഡിഒ യോടും ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഈ വകുപ്പുകളുടെ റിപോര്‍ട് ലഭിക്കുന്ന മുറയ്ക്ക് അവയെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.
അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് കൂടുതല്‍ ഊര്‍ജിതമായ അന്വേഷണത്തിലേക്ക് സര്‍കാര്‍ കടക്കുന്നുണ്ട്.
മേല്പറഞ്ഞവ കൂടാതെ എറണാകുളം മുളന്തുരുത്തി സ്വദേശിയായ ജോബ് പീറ്റര്‍ എന്നയാള്‍ക്ക് കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ തട്ടിയെടുത്തതിന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ക്രൈം. 145/2005 ആയി ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാങ്കില്‍ ലോണ്‍ ഉണ്ടായിരുന്ന കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാലു ലക്ഷം രൂപ തട്ടിയെടുത്തതായുള്ള പരാതിയിന്മേല് പിറവം പൊലീസ് സ്റ്റേഷനില്‍ ക്രൈം. 193/2005 ആയി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
25 കോടി രൂപ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആറു കോടി 27 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം സ്വദേശി രാജേന്ദ്രന് പിള്ളയുടെ പരാതിയിന്മേല് പന്തളം പൊലീസ് സ്റ്റേഷനില്‍ ക്രൈം. 1823/2020 പ്രകാരമായി ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലൈംഗിക പീഡത്തിന് ഇരയായ പെണ്‍കുട്ടിയോട് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന പരാതിയിന്മേല് എറണാകുളം ടൗണ്‍ സൗത് പൊലീസ് സ്റ്റേഷനില്‍ ക്രൈം. 210/2021 ആയി ഒരു കേസ് ഉള്‍പെടെ നാലുകേസുകളും മോന്സന് മാവുങ്കലിനെതിരെ ലോകല്‍ പൊലീസ് ഇതിനു പുറമെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസ് അന്വേഷണത്തിന്റെ പരിധിയില്‍ നില്ക്കുന്ന ഇത്തരമൊരു വിഷയം ഈ ഘട്ടത്തില്‍ നിയമസഭയില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമാവില്ല എന്നുകൂടി മുഖ്യമന്ത്രി പ്രതിപക്ഷ അംഗങ്ങളെ ഓര്‍മപ്പെടുത്തി.
Keywords: Police need to find out who went to Monson Mavunkal's archeological site; Chief Minister, Thiruvananthapuram, News, Corruption, Police, Arrest, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

