Lookout Notice | കലയുടെ കൊലപാതകം: ഭര്‍ത്താവും മുഖ്യപ്രതിയുമായ അനിലിനായി പൊലീസ് ലുക് ഔട് നോടിസ് പുറപ്പെടുവിച്ചു; രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ എത്തിയാലും പിടികൂടാന്‍ നീക്കം
അനിലിനെതിരെ ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോടിസും ഉടന്‍ പുറപ്പെടുവിക്കും
ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിലെ വൈരുധ്യവും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്
ആലപ്പുഴ: (KVARTHA) മാന്നാറില്‍ കൊല ചെയ്യപ്പെട്ട കലയുടെ ഭര്‍ത്താവും മുഖ്യപ്രതിയുമായ അനിലിനായി പൊലീസ് ലുക് ഔട് നോടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ എത്തിയാലും പിടികൂടാനാണ് പൊലീസിന്റെ നീക്കം. ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോടിസും ഉടന്‍ പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൊലീസിന്റെ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരാന്‍ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ജിനു, സോമരാജന്‍, പ്രമോദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അനില്‍ എത്തിക്കഴിഞ്ഞാല്‍ നാലുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാമെന്ന കണക്ക് കൂട്ടലില്‍ ആയിരുന്നു അന്വേഷണ സംഘം. എന്നാല്‍ ഇസ്രാഈലിലുള്ള അനിലിന്റെ വരവ് നീളുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്.
ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിലെ വൈരുധ്യവും പൊലീസിനെ കുഴക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ നീക്കം. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
15 വര്‍ഷം മുമ്പുനടന്ന കൊലപാതകമായതിനാല്‍ അത് എങ്ങനെ കോടതിയില്‍ തെളിയിക്കും എന്ന കാര്യത്തിലും പൊലീസില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ആദ്യം സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും അവിടെ നിന്നും മാറ്റി എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അനിലിന്റെ വീട്ടുവളപ്പില്‍ പുതുതായി എന്തെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.