Investigation | കരിവെള്ളൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


അന്വേഷണം നടക്കുന്നത് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍
പരാതിക്കാസ്പദമായ സംഭവം നടന്നത് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ
കണ്ണൂര്‍: (KVARTHA) കരിവെള്ളൂര്‍ കുനിയനില്‍ ബിജെപി നേതാവിന്റെ വീട്ടുവളപ്പില്‍ നിന്നും വടിവാളും ഇരുമ്പ് ദണ്ഡും പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുനിയനിലെ വീട്ടില്‍ പൊതുയോഗം നടക്കവേ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തിയെന്ന പരാതിയില്‍ 106 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് യോഗം നടന്ന ബി ജെ പി നേതാവിന്റെ വീട്ടുപറമ്പില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ വാളും കത്തിയും രണ്ട് ഇരുമ്പ് ദണ്ഡും കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ബി ജെ പി നേതാവ് കുണ്ടത്തില്‍ ബാലന്റെ വീട്ടുപറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം യോഗം കയ്യേറിയതിന് ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്റെ പരാതിയിലായിരുന്നു കരിവെള്ളൂരിലെ സിപി അനീഷ്, കരിവെള്ളൂര്‍ സര്‍വീസ് ബാങ്ക് ജീവനക്കാരനായ പ്രശോഭ്, തെക്കേ മണക്കാട്ടെ ഗിരീഷ്, കൂക്കാനത്തെ പി രമേശന്‍, മാലാപ്പിലെ അരുണ്‍, കരിവെള്ളൂരിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം
പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നത്.
കരിവെള്ളൂര്‍ കുനിയനില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.