സി.പി.എം പ്രവര്‍ത്തകന്‍ മനോജ് സംഘട്ടനത്തിലല്ല കൊല്ലപ്പെട്ടതെന്ന് പോലീസ് ഉറ­പ്പിച്ചു

 


ADVERTISEMENT

സി.പി.എം പ്രവര്‍ത്തകന്‍ മനോജ് സംഘട്ടനത്തിലല്ല കൊല്ലപ്പെട്ടതെന്ന് പോലീസ് ഉറ­പ്പിച്ചു
കാസര്‍കോട്: തച്ചങ്ങാട് കീക്കാനത്തെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് മനോജ് മരണപ്പെട്ടത് സംഘട്ടനത്തിലൂടെയല്ലെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘവും ഉറപ്പിച്ചു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ചിലരുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും സാഹചര്യത്തിലാണ് മനോജ് മരിച്ചത് സംഘട്ടനത്തിലല്ലെന്ന് പോലീസ് ഉറപ്പിച്ചത്.

മനോജിനെ ചവിട്ടിയും മര്‍ദ്ദിച്ചും കൊന്നതായാണ് സി.പി.എം നേതൃത്വത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണത്തിന് ബലമേകുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇതുകൂടാതെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനവും മനോജ് മര്‍ദ്ദനമേറ്റ് മരിച്ചുവെന്ന വാദ­ത്തെ ഖണ്ഡിക്കുന്നതാണ്. റോഡരികില്‍ വീണ് കിടന്ന മനോജിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത് മനോജ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ്. ഇക്കാര്യം ആശുപത്രിയിലെ രേഖകളിലുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഹൃദയസ്തംഭനം സംഭവിച്ചവര്‍ക്ക് ഹൃദയ താളം വീണ്ടെടുക്കുന്നതിനായി പുറത്തും നെഞ്ചിലും ഇടിച്ച് പ്രാഥമിക ചികിത്സ നല്‍കിയതായി ആശുപത്രിയിലെ ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദേഹത്ത് മരണകാരണമായി പറയപ്പെടുന്ന യാതൊരു മുറിവുകളോ, ചതവുകളോ കണ്ടെത്തിയിട്ടില്ല. കുഴഞ്ഞുവീഴുമ്പോള്‍ സംഭവിക്കാറുള്ള ചെറിയ മുറിവ് മാത്രമാണ് കാല്‍മുട്ടിനും മറ്റും കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മനോജ് മരിച്ചത് ഹൃദാഘാതം മൂലമാകാമെന്ന് സൂചനകളാണ് നല്‍കിയിട്ടുള്ളത്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും കെമിക്കല്‍ പരിശോധനാ ഫലവും അന്വേഷണ സംഘത്തിന് അയച്ചുകൊടുത്തതായി സൂചനയുണ്ട്. അതേ സമയം കെമിക്കല്‍ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘ തലവന്‍ കാഞ്ഞങ്ങാട് എ.എസ്.പി മഞ്ചുനാഥ് പറഞ്ഞു.

അതിനിടെ മനോജിന്റെ മൃതദേഹം ആദ്യം പരിശോധിച്ച ഡോകടറുടെ മൊഴിയെടുക്കണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് കാസര്‍കോട് സി.ജെ.എം കോടതി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌­ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാളുടെ നെഞ്ചത്ത് ചവിട്ടിയാലും മര്‍ദ്ദിച്ചാലുമുണ്ടാകുന്ന പിരിക്കുകളൊന്നും മനോജിന്റെ മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി.എം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. എല്ലാ കാര്യവും സി.പി.എം നേതാക്കളെ ബോധ്യപ്പെടുത്തികൊണ്ടായിരുന്നു ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കെമിക്കല്‍ പരിശോധന ഫലം കൂടി വന്നാല്‍ മനോജിന്റെ മര­ണം സം­ബ­ന്ധിച്ച യഥാര്‍ത്ഥ ചിത്രം വ്യ­ക്ത­മാകും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ മനോജിന്റെ മരണം കൊലപാതകമാ­ണെ­ന്ന­തിന് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

Keywords: DYFI, Leader, Manoj, Death case, Police, Enquiry, Kasaragod, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia