KAAPA | പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കുറ്റപത്രം നല്‍കാന്‍ കഴിയാത്തതിലെ ക്ഷീണം തീര്‍ക്കാന്‍ പൊലീസ് 4 പ്രതികള്‍ക്കെതിരെ കാപ ചുമത്തി
കണ്ണൂര്‍: (KVARTHA) പാനൂര്‍ ബോംബ് സ്ഫോടന (Panur Bomb Blast) കേസിലെ നാല് പ്രതികള്‍ക്കെതിരെ കാപ (KAAPA) ചുമത്തി. നാലാം പ്രതി സബിന്‍ ലാല്‍, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജില്‍, പതിനൊന്നാം പ്രതി അക്ഷയ് എന്നിവര്‍ക്കെതിരെയാണ് കാപ നിയമപ്രകാരം കേസെടുത്തത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം (Charge sheet) നല്‍കാത്തതിനാല്‍ സായൂജിനും സബിന്‍ ലാലിനും കഴിഞ്ഞ ദിവസം ജാമ്യം (Bail) കിട്ടിയിരുന്നു.
കാപ ചുമത്തിയതിനാല്‍ ഇരുവര്‍ക്കും ജയിലില്‍ (Jail)നിന്ന് പുറത്തിറങ്ങാനാവില്ല. മൂന്നിലധികം കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കാപ ചുമത്താന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ (Kannur City Police Commissioner) ഉത്തരവിട്ടത്. തൊണ്ണൂറു ദിവസം തികയുന്നതിന് മുന്‍പെ ഒരാള്‍ കൊല്ലപ്പെട്ട പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തത് ഏറെ വിവാദമായിരുന്നു.
പൊലീസ് ഭരണകക്ഷിയായ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ടികള്‍ ഉന്നയിച്ച ആരോപണം. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പാനൂര്‍ ചെറ്റക്കണ്ടിയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുകളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ ഷെറിന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പതിനൊന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.