Suspended | ആരോപണങ്ങളുടെ പെരുമഴയ്ക്കിടെ എസ് സുജിത് ദാസിനെ സസ്‍പെൻഡ് ചെയ്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉത്തരവിറങ്ങി
സ്വർണക്കടത്ത്, അധികാര ദുരുപയോഗം തുടങ്ങിയ നിരവധി ആരോപണങ്ങൾ സുജിത് ദാസിനെതിരെ ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം: (KVARTHA) പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉത്തരവിട്ടു. നിലമ്പൂർ എംഎൽഎ പി വി അൻവറുമായുള്ള ഫോൺ സംഭാഷണ വിവാദത്തിന് പിന്നാലെയാണ് ഈ നടപടി. സസ്‌പെൻഷൻ സംബന്ധിച്ച ഉത്തരവ് ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
ഡിഐജി അജിത ബീഗം നടത്തിയ അന്വേഷണത്തിൽ സുജിത് ദാസ് സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. മലപ്പുറം എസ്‌പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഈ സംഭവത്തിൽ പി വി അൻവറും കൊല്ലം കടയ്ക്കൽ സ്വദേശി എൻ ശ്രീജിത്തും എസ് പിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുജിത്ത് ദാസും പി വി അൻവറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. മരം മുറി കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പരാതി പിൻവലിക്കണമെന്നും സുജിത്ത് അൻവറിനോട് അപേക്ഷിക്കുന്നത് പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ കേൾക്കാം.
കഴിഞ്ഞ ഞായറാഴ്ച പി വി അൻവർ നടത്തിയ വാർത്താസമ്മേളനത്തിൽ സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ് പി ആയിരിക്കെ എസ് സുജിത് ദാസ് അടിച്ചുമാറ്റിയെന്നായിരുന്നു ആരോപണം. ഇതിനിടെ സുജിത് ദാസ് എംഎസ്‌പി സ്‌കൂളിൽ മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് നിയമനം നടത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിയമനം പിഎസ്‌സിക്ക് വിട്ട ഉത്തരവാണ് സുജിതദാസ് അട്ടിമറിച്ചതെന്നാണ് ആരോപണം.
സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവർത്തകൻ കെ എം ബഷീറും രംഗത്തെത്തിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവള പരിസരത്ത് വെച്ച് സുജിത് ദാസ് സ്വർണക്കടത്ത് പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണെന്നും പിടിച്ചെടുത്ത സ്വർണം നേരിട്ട് കോടതിയിൽ ഹാജരാക്കുന്നത് തട്ടിപ്പിൻ്റെ ഭാഗമായാണെന്നും കെ എം ബഷീർ ആരോപിക്കുന്നു.
പത്തനംതിട്ടയിലിരുന്നുകൊണ്ട് സുജിത്ത് ദാസാണ് ഇവിടുത്തെ സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നും കോടിക്കണക്കിന് രൂപയുടെ സ്വർണം സുജിത്ത് ദാസിന്റെ നിർദേശമനുസരിച്ച് പിടികൂടിയിരുന്നത് കൊണ്ടോട്ടി ഡി.വൈ.എസ്.പി. ഷിബുവായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ഇതിനിടെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിറങ്ങിയത്.