SWISS-TOWER 24/07/2023

സ്‌കൂളുകളില്‍ അഡ്മിഷന്‍ ദിനത്തില്‍ മാത്രം കവര്‍ച്ച; 'നിര്യാതനായ' പള്ളിക്കൂടം കള്ളനെ കൈയോടെ പൊക്കി പൊലീസ്

 


ADVERTISEMENT

കൊല്ലം: (www.kvartha.com 03.02.2020) ബാര്‍ അടിപിടി കേസില്‍ മരിച്ചെന്ന് തമിഴ്‌നാട് പൊലീസ് വിധിയെഴുതിയ മോഷ്ടാവിനെ കേരള പൊലീസ് വിദഗ്ദ്ധമായി പിടികൂടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സിബിഎസ്ഇ സ്‌കൂളുകളില്‍ അഡ്മിഷന്‍ നടക്കുന്ന ദിവസങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ അഡ്മിഷന്‍ സമയം മനസിലാക്കിയശേഷം രാത്രി സ്‌കൂളില്‍ കയറി മോഷണം നടത്തുന്നയാളാണ് പിടിയിലായത്. തക്കല കടലൂര്‍ സ്വദേശി വിനോദാണ് (28) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

സ്‌കൂളുകളില്‍ അഡ്മിഷന്‍ ദിനത്തില്‍ മാത്രം കവര്‍ച്ച; 'നിര്യാതനായ' പള്ളിക്കൂടം കള്ളനെ കൈയോടെ പൊക്കി പൊലീസ്

രണ്ട് ദിവസം മുമ്പ് കടലൂരിലെ വിനോദിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം രണ്ടു തവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഒടുവില്‍ പൊലീസ് സംഘം കഴിഞ്ഞ ദിവസം സമീപത്തെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ ആറിന് കൊല്ലം നഗരത്തിലെ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നിന്നും 60000 രൂപ കവര്‍ന്നതിന് പുറമേ 72 ക്യാമറകളടങ്ങിയ സിസി ടിവി സംവിധാനവും തകര്‍ത്തിരുന്നു. അന്നുതന്നെ സെന്റ് അലോഷ്യസ് സ്‌കൂളിലെ മേശയില്‍ സൂക്ഷിച്ചിരുന്ന ജീവനക്കാരിയുടെ മൂന്ന് പവന്‍ സ്വര്‍ണവും 50000 രൂപയും കവര്‍ന്നു. സമീപത്തെ സിസി ടിവിയില്‍ നിന്നും മോഷ്ടാവെത്തിയത് സ്‌കോര്‍പിയോ കാറിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

കൊല്ലം ജില്ലയില്‍ മറ്റു രണ്ടു സ്‌കൂളുകളിലും തമിഴ്‌നാട്ടില്‍ 23 സ്‌കൂളുകളിലും ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ 50000 രൂപയും പുനലൂര്‍ വാളയോട് എച്ച് എസ് എസില്‍ നിന്നും ഒന്നരലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.

തിരുനെല്‍വേലിയിലെ സ്‌കൂളില്‍ നിന്നു 30 ലക്ഷം രൂപയും കവര്‍ന്നു. മോഷണത്തിന് ഉപയോഗിച്ചിരുന്ന സ്‌കോര്‍പിയോ, മാരുതി 800 കാറുകള്‍ പിടിച്ചെടുത്തു. സഹായിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വെസ്റ്റ് സിഐ ജി രമേശ്, എസ്‌ഐ ഷൈന്‍ എസ്, ഗ്രേഡ് എസ്‌ഐ സന്തോഷ്, അബു താഹിര്‍, അനീഷ്, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തമിഴ്‌നാട്ടിലെ ഒരു കടയില്‍ ജോലി ചെയ്തിരുന്ന വിനോദ് എല്ലാദിവസവും സമീപത്തെ അനധികൃത ബാറില്‍ സുഹൃത്തിനൊപ്പമെത്തി മദ്യപിക്കുമായിരുന്നു.

അടുത്തിടെ ബാറില്‍ ഇവര്‍ പതിവായി ഇരിക്കുന്നിടത്ത് മുഖം വികൃതമായ നിലയില്‍ അടിപിടിയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. വിനോദും സുഹൃത്തുമാണ് മരിച്ചതെന്ന രീതിയില്‍ വിനോദിന്റെ ചിത്രം സഹിതം തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നു.

ഇതോടെ വിനോദിന്റെ പേരിലുള്ള മോഷണ കേസുകളിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. താന്‍ മരിച്ചതായുള്ള പത്ര വാര്‍ത്തകള്‍ വിനോദിന്റെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

Keywords:  News, Kerala, Kollam, Theft, School, Tamilnadu, Police, Police Catch the School Theft
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia