Booked | ക്രിപ്റ്റോ കറന്‍സി ട്രേഡിങ് തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ കണ്ണൂരില്‍ പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) വാട്സ് ആപില്‍ ക്രിപ്റ്റോ കറന്‍സി ട്രേഡിങ് നടത്തിയാല്‍ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്ന സന്ദേശം കണ്ട് താല്‍പര്യം പ്രകടിപ്പിച്ച ചക്കരക്കല്‍ സ്വദേശിയായ യുവാവിന് നഷ്ടമായത് 5000 രൂപ. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അജ്ഞാത നമ്പറില്‍ നിന്നും യുവാവിന്റെ വാട്സ് ആപിലേക്ക് ക്രിപ്റ്റോ കറന്‍സി ട്രേഡിങ് നടത്തിയാല്‍ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്നുള്ള സന്ദേശം വരികയായിരുന്നു. ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ച് യുവാവ് എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ 2000 രൂപ നിക്ഷേപിച്ചാല്‍ 5000 ലഭിക്കുമെന്നും 5000 രൂപ നിക്ഷേപിച്ചാല്‍ 15,000 ലഭിക്കുമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു.

Booked | ക്രിപ്റ്റോ കറന്‍സി ട്രേഡിങ് തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ കണ്ണൂരില്‍ പൊലീസ് കേസെടുത്തു

അവര്‍ പറയുന്ന അകൗണ്ടിലേക്ക് പണം അയച്ചു കൊടുത്താല്‍ മതിയെന്നും ആ പൈസ കൊണ്ട് അവര്‍ ട്രേഡിങ് നടത്തി ലാഭം യുവാവിന്റെ അകൗണ്ടിലേക്ക് അയച്ചു തരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് അവര്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കുന്നതിനുവേണ്ടി മറ്റുള്ളവര്‍ പണം നിക്ഷേപിച്ച് ക്രിപ്റ്റോ കറന്‍സി ട്രേഡിങ് നടത്തിയതിന്റെയും പണം അകൗണ്ടിലേക്ക് ക്രെഡിറ്റ് ആയതിന്റെയും വ്യാജ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട് വാട്‌സ് ആപിലേക്ക് അയച്ചു കൊടുക്കുകയും അതൊക്കെ മറ്റുള്ളവര്‍ ക്രിപ്റ്റോ കറന്‍സി ട്രേഡിങ് ചെയ്ത് ലാഭം കിട്ടിയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് യുവാവ് അവര്‍ പറഞ്ഞതു പ്രകാരം അകൗണ്ടിലേക്ക് 2000 രൂപ അയച്ചു കൊടുത്തു. ഉടന്‍ തന്നെ അവര്‍ യുവാവിനെ കോണ്‍ടാക്ട് ചെയ്ത് 2000 രൂപയുടെ സ്‌കീം കഴിഞ്ഞെന്നും 5000 രൂപയുടെ സ്‌കീം ആണ് ഉള്ളതെന്നും പറഞ്ഞു. 3000 രൂപ കൂടി അയച്ചാല്‍ 5000 രൂപയുടെ സ്‌കീമില്‍ ട്രേഡിങ് നടത്താം എന്ന് അറിയിച്ചതോടെ യുവാവിനെ കൊണ്ട് വീണ്ടും 3000 രൂപ തട്ടിപ്പുകാരുടെ അകൗണ്ടിലേക്ക് നിക്ഷേപിപ്പിച്ചു.

20 മിനിറ്റിനു ശേഷം ലാഭം 15,000 രൂപ ആയി എന്നും അത് പിന്‍വലിക്കണമെങ്കില്‍ ജി എസ് ടി അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജി എസ് ടി അടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഇതൊരു ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് യുവാവിന് മനസിലാകുന്നത്. തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ കാലത്ത് അജ്ഞാത നമ്പറില്‍ നിന്ന് ഇതുപോലെയുള്ള സന്ദേശങ്ങള്‍ വരികയാണെങ്കില്‍ തിരിച്ച് സന്ദേശം അയക്കുകയോ അതിനെപ്പറ്റി ചോദിക്കുകയോ ചെയ്യരുത്. ഇത്തരക്കാരുടെ വലയില്‍ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക. പല മോഹ വാഗ്ദാനങ്ങളും നല്‍കി വലയില്‍ വീഴ്ത്താന്‍ അവര്‍ പരമാവധി ശ്രമിക്കും.

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെകില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Keywords:  Police booked against Crypto Currency fraud, Kannur, News, Cheating, Complaint, Police, Message, Account, Investment, Online, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia